കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരായ മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രതിഷേധത്തില്‍ രാഷ്ട്രീയപ്പോര് കനക്കുന്നു. എസ്എഫ്ഐ പ്രവർത്തകരെ പിന്തുണച്ച് ഇടത് നേതാക്കളും, രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് നേതാക്കളും രംഗത്തെത്തി. മഹാരാജാസ് കോളേജിലെ കോണ്വൊക്കേഷന് ചടങ്ങിനിടെയുണ്ടായ എസ്എഫ്ഐ പ്രതിഷേധത്തെത്തുടർന്ന് മന്ത്രി റോജി എം ജോൺ ഇറങ്ങിപോവുകയായിരുന്നു.
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രതിഷേധം ജനാധിപത്യ രീതിയിലായിരുന്നെന്നും സമരം അതിരുകടന്നിട്ടില്ലെന്നുമാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പ്രതികരിച്ചത്. എസ്എഫ്ഐ വിരുദ്ധത കാരണം നുണ ആയുധമാക്കിയ അൽപ്പനാണ് റോജി എം ജോണെന്നും സഞ്ജീവ് ആരോപിച്ചു. 'കാലടി സർവ്വകലാശാലയിൽ സമരം ചെയ്ത എസ്എഫ്ഐയുമായി ഒരു തവണ പോലും ചർച്ച നടത്താൻ വിസി സിസ തോമസ് തയ്യാറായില്ല, സിസാ തോമസിന് ശവമഞ്ചം ഒരുക്കിയെന്നും ആക്രമിച്ചെന്നും നുണ പ്രചരിപ്പിച്ചു, രണ്ട് നുണകളും ഏറ്റു പിടിച്ചയാളാണ് റോജി എം ജോൺ', സഞ്ജീവ് കൂട്ടിചേർത്തു. വിസിയ്ക്ക് എതിരായ സമരത്തിൽ, പ്രവർത്തിക്കാത്ത ലൈറ്റുകൾക്കാണ് ശവമഞ്ചം ഒരുക്കിയിരുതെന്നും 25 ദിവസമായി സമരത്തെ തിരിഞ്ഞു നോക്കാത്തയാളാണ് മന്ത്രിയെന്നും സഞ്ജീവ് കുറ്റപ്പെടുത്തി. വി സി നുണ പറഞ്ഞതിനെ തുടർന്ന് 16 വിദ്യാർഥികൾ 60 ദിവസമായി സസ്പെൻഷനിലാണെന്നും എഫ്ഐആർ പോലുമില്ലാത്ത ആരോപണത്തെ തുടർന്നാണ് സസ്പെൻഷൻ എന്ന് സഞ്ജീവ് ചൂണ്ടിക്കാട്ടി.
ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് വിദ്യാർഥികൾ ചെയ്തതതെന്നും, ഒരു സംഘർഷവും ഉണ്ടായിട്ടില്ലന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കാൻ സർക്കാർ വലിയ ജാഗ്രതയാണ് കാണിക്കുന്നതെന്നും, പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സംഭവത്തോട് പ്രതികരിച്ച ഷാഫി പറമ്പിൽ, വിദ്യാർത്ഥികളെ സിപിഎം പിന്തുണയ്ക്കുകയല്ല, തിരുത്തുകയാണ് വേണ്ടതെന്നാണ് പറഞ്ഞത് ജനങ്ങൾ തിരുത്തിയിട്ടും സിപിഎമ്മിന് ചില കാര്യങ്ങൾ മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി റോജി സ്വീകരിച്ചത് പക്വമായ സമീപനമാണ്. പരിപാടി അലങ്കോലപ്പെടുത്തുകയായിരുന്നു എസ്എഫ്ഐയുടെ ലക്ഷ്യമെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. റോജിയുടെ പക്കൽ മറുപടി ഉണ്ടായിരുന്നെങ്കിലും എസ്എഫഐയ്ക്ക് ചോദിക്കാൻ ചോദ്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിചേർത്തു.
അതേസമയം എസ്എഫ്ഐയുടെ ഗുണ്ടായിസം അനുവദിക്കില്ലെന്നും ഭരണം പോയതിന്റെ ഫ്രസ്റ്റേഷനാണ് എസ്എഫ്ഐക്കെന്നും മന്ത്രി കെ എം ഷാജി പ്രതികരിച്ചു. പി എസ് സി പരീക്ഷ പേപ്പർ ചോർത്തി ജോലി തരപ്പെടുത്തുന്ന കാലം കഴിഞ്ഞു എന്നതിന്റെ സങ്കടമാണെന്നും മന്ത്രി പരിഹസിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എംഎസ്എഫ് കാരെ ആക്രമിച്ചു, മഹാരാജാസ് കോളേജിൽ മന്ത്രി റോജി എം ജോണിനെതിരെ രംഗത്ത് വന്നു, കൂടെ പഠിക്കുന്ന കുട്ടികളുടെ തലക്കടിക്കാൻ പഠിപ്പിക്കുന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ എന്നും കെ എം ഷാജി ആരോപിച്ചു.
സംഭവത്തോട് പ്രതികരിച്ച കെഎസ്യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ്, റോജി എം ജോണിനെതിരെ എന്തിനാണ് പ്രതിഷേധം എന്ന് മനസ്സിലായില്ലെന്നാണ് പറഞ്ഞത്. കോൺവൊക്കേഷൻ പരിപാടിയിൽ പ്രതിഷേധം എന്ന പേരിലെ ആഭാസം നടന്നത് ശുദ്ധ തെമ്മാടിത്തരവും തോന്നിവാസവുമാണ്. ഇത് വിദ്യാർഥി സംഘടനക്ക് ചേർന്നതല്ലെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. മന്ത്രിമാർക്ക് നേരെയുള്ള അക്രമങ്ങൾ കയ്യും കെട്ടി നോക്കി നിൽക്കില്ല. ക്യാമ്പസിലെ അക്രമങ്ങൾ പരിധി ലംഘിച്ചെന്നും ഷമ്മാസ് കൂട്ടിച്ചേർത്തു.
പ്രതിഷേധിച്ചവർക്കെതിരെ അച്ചടക്കനടപടി ആവശ്യപ്പെട്ട് കെഎസ്യു പ്രിൻസിപ്പലിന് കത്ത് നൽകിയിട്ടുണ്ട്. കെഎസ്യു വൈസ് പ്രസിഡൻ്റ് ആൻ സെബാസ്റ്റ്യനാണ് കത്ത് നൽകിയത്. വിയോജിപ്പ് പ്രകടിപ്പിക്കുകയല്ല ചടങ്ങ് അലങ്കോലപ്പെടുത്തുകയാണ് എസ്എഫ്ഐ പ്രവർത്തകർ ചെയ്തതെന്ന് കെഎസ്യു ആരോപിച്ചു. പിടിഎ ചുമതലയുള്ള മുരളി എന്ന അധ്യാപകൻ പരിപാടിയിൽ നിന്ന് വിട്ടുനിന്നതിൽ ദുരൂഹതയുണ്ടെന്നും അവർ ആരോപിച്ചു. ചില അധ്യാപകർ പ്രതിഷേധക്കാരോട് മുന്നോട്ട് കയറി നിൽക്കാൻ ആംഗ്യം കാട്ടിയിരുന്നുവെന്നും അതിനാൽ അധ്യാപകർക്കെതിരെയും അന്വേഷണം വേണമെന്നുമാണ് ആൻ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടത്. അധ്യാപക സംഘടനയും എസ്എഫ്ഐയും പരസ്പരം തെറ്റുകൾക്ക് കുടപിടിക്കുന്നുവെന്നും എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടെന്നും ആൻ സെബാസ്റ്റ്യൻ ചോദിച്ചു.
ഇന്നലെ ബിരുദ ദാന ചടങ്ങിനിടെയായിരുന്നു മഹാരാജാസ് കോളേജില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് സദസ്സില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ മന്ത്രിയോട് ചോദ്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെ യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍ നഫീസത്തുല്‍ മിസ്രിയ വേദിയിലേക്ക് എത്തുകയും മന്ത്രിയോട് ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയുമായിരുന്നു. രണ്ട് ചോദ്യങ്ങളോട് പോലും എന്തിനാണിത്ര പേടിയെന്ന് മിസ്രിയ ചോദിച്ചിരുന്നു. മറുപടി പറയാമെന്ന് പറഞ്ഞല്ലോയെന്നും എന്തിനാണ് പരിപാടി തടസ്സപ്പെടുത്തണമെന്നുമായിരുന്നു മന്ത്രി തിരിച്ച് ചോദിച്ചത്. ഇതിനിടെ 'വിദ്യാര്‍ത്ഥികളെ എന്തിന് സസ്പെന്‍ഡ് ചെയ്തു', 'കാലടിയിലെ വിദ്യാര്‍ത്ഥികളെ നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല', എന്നിങ്ങനെ എഴുതിയ ബാനറുകള്‍ ഉയര്‍ത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ വളയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചോദിച്ച മിസ്രിയയെ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.
Content Highlights: Maharajas College SFI Protest: Political Leaders Trade Barbs Over Minister’s Exit