കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ സംഭവങ്ങളില്‍ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞത്. ബിരുദദാന ചടങ്ങിന് അതിന്റേതായ അച്ചടക്കമുണ്ട്. ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തുന്നത് പ്രശ്നമായി കാണുന്ന ആളല്ല താന്‍. പ്രോട്ടോക്കോള്‍ പരിഗണിച്ചാണ് ചോദ്യങ്ങള്‍ക്ക് പിന്നീട് മറുപടി നല്‍കാമെന്ന് പറഞ്ഞത്. പരിപാടിക്ക് ശേഷം മറുപടി നല്‍കാമെന്നാണ് താന്‍ പറഞ്ഞതെന്നും റോജി എം ജോണ്‍ പ്രതികരിച്ചു.
പരിപാടിയില്‍ എങ്ങനെയെങ്കിലും പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ ഉദ്ദേശമെന്നും മന്ത്രി ആരോപിച്ചു. 'ചോദ്യങ്ങള്‍ക്ക് ഉത്തരംകിട്ടുകയായിരുന്നില്ല എസ്എഫ്ഐ പ്രവര്‍ത്തകരുടെ ലക്ഷ്യം. മറുപടി പറഞ്ഞിട്ടാണ് ഇറങ്ങിയത്. ചോദ്യം ചോദിക്കുമ്പോള്‍ വീട്ടില്‍ പോയി ചോദിക്കാന്‍ പറയുന്ന ആളല്ല ഞാന്‍. ബിരുദദാന ചടങ്ങ് അലങ്കോലമാക്കിയാണോ വിദ്യാര്‍ത്ഥി രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകേണ്ടത്', റോജി എം ജോണ്‍ ചോദിച്ചു.
ഗവര്‍ണര്‍ക്കെതിരെ സ്വിച്ചിട്ടത് പോലെ പോലെ സമരം നിര്‍ത്തിയവരാണ് എസ്എഫ്ഐ. രാഹുല്‍ ഗാന്ധിയുടെ സ്കൂളില്‍ പഠിച്ചുവന്നവരാണ് തങ്ങളെന്നും റോജി പറഞ്ഞു. കാലടിയില്‍ നടന്നത് അപരിഷ്കൃത സമരം തന്നെയെന്ന് ആവര്‍ത്തിക്കുകയാണ് മന്ത്രി ചെയ്തത്. കാലടിയില്‍ നടന്നത് അക്രമ സമരമാണ്. സസ്പെന്ഷന് പിന്‍വലിക്കേണ്ടത് സര്‍വകലാശാലയാണെന്നും റോജി എം ജോണ്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ബിരുദ ദാന ചടങ്ങിനിടെയായിരുന്നു മഹാരാജാസ് കോളേജില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് സദസ്സില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ മന്ത്രിയോട് ചോദ്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെ യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍ നഫീസത്തുല്‍ മിസ്രിയ വേദിയിലേക്ക് എത്തുകയും മന്ത്രിയോട് ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയുമായിരുന്നു. രണ്ട് ചോദ്യങ്ങളോട് പോലും എന്തിനാണിത്ര പേടിയെന്ന് മിസ്രിയ ചോദിച്ചിരുന്നു. മറുപടി പറയാമെന്ന് പറഞ്ഞല്ലോയെന്നും എന്തിനാണ് പരിപാടി തടസ്സപ്പെടുത്തണമെന്നുമായിരുന്നു മന്ത്രി തിരിച്ച് ചോദിച്ചത്. ഇതിനിടെ 'വിദ്യാര്‍ത്ഥികളെ എന്തിന് സസ്പെന്‍ഡ് ചെയ്തു', 'കാലടിയിലെ വിദ്യാര്‍ത്ഥികളെ നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല', എന്നിങ്ങനെ എഴുതിയ ബാനറുകള്‍ ഉയര്‍ത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ വളയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചോദിച്ച മിസ്രിയയെ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.
Content Highlights: Higher Education Minister Roji M John has reacted to the incident during Maharaja’s College graduation ceremony, describing it as unfortunate.