പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷനില്‍ ശ്രീനാദേവി കുഞ്ഞമ്മയുടെയും ഫെനി നൈനാന്റെയും നേതൃത്വത്തില്‍ നടത്തിയ ഗുണ്ടായിസത്തിന്റ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ടര്‍. ജൂലൈ പതിനൊന്നാം തീയതി രാത്രി 10.15 മുതല്‍ 12 മണി വരെ യൂത്ത് കോണ്‍ഗ്രസിന്റെ ഇരുപതിലധികം വരുന്ന സംഘം അടൂര്‍ പൊലീസ് സ്റ്റേഷനില്‍ നിലയുറപ്പിച്ചിട്ടും പൊലീസ് ഒന്നും ചെയ്യാതെ നോക്കി നില്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷനില്‍ കയറി സംഘം മര്‍ദ്ദിക്കുകയായിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകയും ജില്ലാ പഞ്ചായത്ത് അംഗവുമാണ് ശ്രീനാദേവി കുഞ്ഞമ്മ. അവരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് സ്റ്റേഷന്റെ ഗേറ്റ് മുതല്‍ സ്റ്റേഷന് അകത്ത് കയറുന്നത് വരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസ് നിസ്സഹായരായി നോക്കി നില്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വിവരാവകാശ നിയമപ്രകാരമാണ് റിപ്പോര്‍ട്ടറിന് ദൃശ്യങ്ങള്‍ ലഭിച്ചത്.
ലോക്കപ്പില്‍ കിടന്ന പ്രതിയെ പരാതിക്കാരി ശ്രീനാദേവി കുഞ്ഞമ്മ നേരിട്ട് കണ്ടു. ലോക്കപ്പില്‍ ഉള്ള പ്രതിയെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ശ്രീനാദേവി കുഞ്ഞമ്മയോട് അവിടെനിന്ന് പോകാന്‍ പൊലീസ് യാചിക്കുന്നതും, സ്റ്റേഷന് കോമ്പൗണ്ടില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പൊലീസിനെ വെല്ലുവിളിക്കുന്നതും വ്യക്തമാണ്. രാത്രി 10 മണി മുതല്‍ 12 മണി വരെ പ്രതികള്‍ പൊലീസ് സ്റ്റേഷന് പുറത്ത് തമ്പടിച്ചു. ആക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ഒരാളെപ്പോലും ഇതുവരെയും പിടികൂടിയിട്ടുമില്ല. അടൂര്‍ കേന്ദ്രീകരിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും സംഘത്തിന്റെയും നിരന്തര സംഘര്‍ഷങ്ങള്‍ വിവാദമായിരുന്നു.
ഇതിനിടെ പത്തനംതിട്ട അടൂര്‍ പൊലീസിനെതിരെ ആരോപണവുമായി സിപിഐഎം അടൂര്‍ ഏരിയ സെക്രട്ടറി എസ് മനോജ് രംഗത്തെത്തി. കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മക്കും ഗുണ്ടാ സംഘത്തിനും കുടപിടിക്കുന്നവരായി അടൂര്‍ പൊലീസ് മാറരുതെന്ന് മനോജ് പ്രതികരിച്ചു. ഗുണ്ടാസംഘം സ്റ്റേഷന് അകത്ത് കയറി യുട്യൂബര്‍ രാജന് ജോസഫിനെ മര്‍ദ്ദിച്ചു. പൊലീസ് ജീപ്പ് വളഞ്ഞുള്ള ആക്രമണത്തില്‍ ഒരു പൊലീസുകാരനും പരിക്കേറ്റു. തെളിവുകള്‍ ഉണ്ടായിട്ടും പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നില്ലെന്നും എസ് മനോജ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'ശ്രീനാദേവി കുഞ്ഞമ്മക്കും ഗുണ്ടാ സംഘത്തിനും മുന്നില്‍ പൊലീസ് പഞ്ചപുച്ഛമടക്കി നില്‍ക്കുകയാണ്. പൊലീസ് ഓഫീസര്‍മാര്‍ ഗതികെട്ട അവസ്ഥയിലാണ്. കൂടെ ജോലി ചെയ്യുന്ന പൊലീസുകാരുടെ സുരക്ഷിതത്വം എങ്കിലും പൊലീസ് ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തണം. ഗുണ്ടാ സംഘത്തില്‍ നിന്നും രക്ഷപ്പെടുത്തിയാണ് രാജന് ജോസഫിനെ സ്റ്റേഷന് അകത്തേക്ക് എത്തിച്ചത്. ലോക്കപ്പില്‍ ആക്കിയ രാജന് ജോസഫിന്റെ സമീപത്തേക്ക് ശ്രീനാദേവി കുഞ്ഞമ്മ എത്തി. ലോക്കപ്പില്‍ കിടക്കുന്ന രാജന് ജോസഫിനെ കാണാന്‍ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് പൊലീസ് അവസരം നല്കി. രാത്രി 11 മണിക്കും 12 മണിക്കും ഒക്കെ പൊലീസ് സ്റ്റേഷന് ആക്രമിക്കുക എന്നത് കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. പൊലീസ് വാഹനം തടഞ്ഞ് രാജന് ജോസഫിനെ ആക്രമിച്ചവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഉണ്ട്. പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നാണ് പൊലീസ് ഭാഷ്യം. പൊലീസിന്റെ പക്ഷപാതിത്വമാണ് ഇത് കാണിക്കുന്നത്. എല്‍ഡിഎഫ് അധികാരത്തില്‍ ഉണ്ടായിരുന്ന 10 വര്‍ഷം തങ്ങളാരും പൊലീസ് സ്റ്റേഷന് ആക്രമിച്ചിട്ടില്ല. മൃദു ഭാവേ ദൃഢ കൃത്യേ എന്നതിന് പകരം വിധേയഭാവേ ദുര്‍ബല കൃത്യേ എന്നതായി അടൂര്‍ പൊലീസ് മാറി. ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ നടപടി സ്വീകരിക്കണം', എസ് മനോജ് ആവശ്യപ്പെട്ടു.
Content Highlights: Reporter TV has released CCTV footage of an alleged incident at Adoor Police Station involving Sreenadevi Kunjamma and Feni Nainan.