ചേരാനല്ലൂര്‍ അപകടം; ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി

ആശങ്കകള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വെച്ചുവെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും ജയബാലകൃഷ്ണന്റെ മകള്‍ പറഞ്ഞു

കൊച്ചി: ചേരാനല്ലൂരില്‍ വെച്ച് പതിനേഴുകാരന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനല്‍കി. ആശങ്കകള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വെച്ചുവെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീർത്തി പറഞ്ഞു.

ഭീഷണിപ്പെടുത്തി തന്നെ ആരും വക്കാലത്ത് ഒപ്പിടീപ്പിച്ചിട്ടില്ലെന്നും മകൾ വ്യക്തമാക്കി. താൻ വക്കാലത്ത് ഒപ്പിട്ടിരുന്നു. കോടതിയിൽ നടന്നതിനെ കുറിച്ച് അറിയില്ല. കോടതിയുടെ തീരുമാനം വന്ന ശേഷം തുടർ തീരുമാനങ്ങൾ എടുക്കും. അഡ്വ. ശ്രീജിത്ത്‌ തന്നെ തങ്ങളുടെ അഭിഭാഷകനായി തുടരുമെന്നും ഭദ്രകീർത്തി വ്യക്തമാക്കി.

അതേസമയം, ചേരാനല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട് ജഡ്ജി തന്നെ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. പ്രതികളുമായി ബന്ധമുള്ള ആരും തന്നെ വിളിച്ച് സംസാരിച്ചിട്ടില്ലെന്നും ഇനി ഒരു അവസരം ലഭിക്കാത്തത് കൊണ്ടാണ് തുറന്ന് പറഞ്ഞതെന്നും കാളിരാജ് പറഞ്ഞു. കേസ് തുടക്കം മുതല്‍ മുന്നോട്ട് പോയത് നല്ല രീതിയിലാണെന്നും കമ്മീഷണര്‍ പ്രതികരിച്ചു.

അന്വേഷണ മേൽനോട്ടത്തിൽ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാളിരാജ് മഹേഷ് കുമാറിനെതിരെ സർക്കാർ നടപടിയെടുത്തത്. എഡിജിപി പി വിജയന്റെ റിപ്പോർട്ടിലും പൊലീസ് കമ്മീഷണർക്ക് വീഴ്ച പറ്റിയതായി സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കാളിരാജിനെ മാറ്റാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയത്. ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയിൽ നേരത്തെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. എസ്എച്ച്ഒ ഉൾപ്പെടെ നാല് പൊലീസുകാരെയാണ് സസ്‌പെൻഡ് ചെയ്തത്. സിഐ ശ്യാംകുമാർ, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുൺ, എഎസ്‌ഐ മനോജ് എന്നിവർക്കെതിരെയായിരുന്നു നടപടി സ്വീകരിച്ചത്. സംഭവം കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ചത്. അഡീഷണൽ ജഡ്ജിയുടെ മകൻ ആണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രതിഷേധവുമായി ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തു. ആഭ്യന്തരമന്ത്രി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. പിന്നാലെ രാത്രി വൈകി 17കാരനെതിരെ നരഹത്യാവകുപ്പ് ചുമത്തുകയായിരുന്നു.

Content Highlights:vd satheesan visits jayabalakrishnan family after cheranalloor accident

To advertise here,contact us