ഇന്റര്‍നാഷണല്‍ വിസിറ്റേഴ്സ് ലീഡര്‍ഷിപ്പ് പ്രോഗ്രാം; മൂന്ന് മലയാളികള്‍ക്ക് യുഎസിലേക്ക് ക്ഷണം

നിലീന അത്തോളിക്കും ബിനോയ് പീറ്ററിനും അഖിലിനുമാണ് യുഎസ് പര്യടനത്തിന് ക്ഷണം ലഭിച്ചത്

കൊച്ചി: അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഏര്‍പ്പെടുത്തിയ 2026ലെ ഇന്റര്‍നാഷണല്‍ വിസിറ്റേഴ്സ് ലീഡേര്‍ഷിപ്പ് പ്രോഗ്രാമിന് മൂന്ന് മലയാളികള്‍ അര്‍ഹരായി. ഇന്ത്യയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകയായ നിലീന അത്തോളി, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ മൈഗ്രന്റ് സ്റ്റഡീസ്, മൈഗ്രന്റ് ഫോറം ഇന്‍ ഏഷ്യയുടെ റിസര്‍ച്ച് കണ്‍സള്‍ട്ടന്റ് അഖില്‍ സി എസ് സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്പ്മെൻ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിനോയ് പീറ്റര്‍ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്.

സുരക്ഷിത അതിര്‍ത്തികള്‍, സുരക്ഷിത രാഷ്ട്രങ്ങള്‍, കുടിയേറ്റം എന്നീ മേഖലയുമായി ബന്ധപ്പെട്ട ഒരു മാസത്തെ പര്യടനത്തിനാണ് മൂവരും പോകുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത മേഖലകളിലുള്ള വിദഗ്ധര്‍ക്കായി അമേരിക്കന്‍ സര്‍ക്കാര്‍ നടത്തിവരുന്ന അന്താരാഷ്ട്ര പദ്ധതിയാണ് ഐവിഎല്‍പി. ഒക്ടോബര്‍ 31 മുതല്‍ വാഷിങ്ടണ്‍ ഡിസി, വെര്‍മോണ്ട്, ന്യൂയോര്‍ക്ക്, മിഷിഗണ്‍, ടെക്‌സാസ് തുടങ്ങിയ അമേരിക്കന്‍ സംസ്ഥാനങ്ങളിലാണ് പര്യടനം.

രാംനാഥ് ഗോയങ്ക അവാര്‍ഡ്, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അവാര്‍ഡ് സംസ്ഥാന മാധ്യമ അവാര്‍ഡ് അടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് നിലീനക്ക്. നോര്‍ക്ക വകുപ്പില്‍ ലോക കേരള സഭയുടെ പ്രോഗ്രാം ആന്‍ഡ് റിസര്‍ച്ച് ലീഡ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് അഖില്‍. ഇന്ത്യയിലെ ആഭ്യന്തര തൊഴില്‍ കുടിയേറ്റ വിഷയങ്ങളിലെ വിദഗ്ധനാണ് ബിനോയ് പീറ്റര്‍.

Content Highlights: Three Malayalis have been selected for the 2026 International Visitor Leadership Program organised by the US State Department. The invitees from India are journalist Nileena Atholi, Akhil C.S., Research Consultant at the Centre for Indian Migrant Studies and Migrant Forum in Asia, and Binoy Peter, Executive Director of the Centre for Migration and Inclusive Development.

To advertise here,contact us