തിരുവനന്തപുരം: കായികമേളയിലെ പുഴു വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ വാദങ്ങള്‍ തള്ളി സസ്പെന്‍ഷനിലായ അധ്യാപകന് ജിജോ ജെയിംസിന്റെ ഭാര്യ. ചത്ത പുഴുവിനെയാണ് ഭക്ഷണത്തില്‍ നിന്നും ലഭിച്ചതെന്ന് അധ്യാപകന് ജിജോയുടെ ഭാര്യ നന്ദിനി. ജിജോക്കെതിരെ നുണ പ്രചരണം നടക്കുകയാണെന്നും നന്ദിനി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പുഴുവിനെ കണ്ട ഉടനെ ജിജോ വീഡിയോ എടുത്ത് അയച്ചു നല്‍കിയെന്നും നന്ദിനി. ഹാമര്‍ ത്രോയില്‍ ദേശീയ ജേതാവായ ജിജോ നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നില്ലെന്നും നന്ദിനി വ്യക്തമാക്കി.
ഭക്ഷണത്തില്‍ നിന്ന് ചത്ത പുഴുവിനെയാണ് കിട്ടിയത്. അതിന്റെ ദൃശ്യങ്ങള്‍ ജിജോ അയച്ച് തന്നിരുന്നു. പക്ഷെ സംഭവത്തില്‍ പൊലീസ് ജിജോയെ പെട്ടെന്ന് തന്നെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സത്യം എന്താണെന്ന് ആരും അന്വേഷിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലൂടെ ജിജോയെ വ്യാപകമായി അപമാനിക്കുകയാണെന്നും ഭാര്യ നന്ദിനി പറഞ്ഞു. പുഴുവിനെ കണ്ടപ്പോള്‍ പ്രതികരിക്കേണ്ടി വന്നു എന്നല്ലാതെ പ്രത്യേകിച്ച് രാഷ്ട്രീയപരമായി ഒന്നും ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ വിഷയം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും നന്ദിനി പറഞ്ഞു.
ജിജോ ജെയിംസ് 2020 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി അകന്നു എന്ന് വേങ്ങൂര്‍ മണ്ഡലം പ്രസിഡണ്ട് റിജു കുര്യന് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പിന്നീട് ഡിവൈഎഫ്ഐ അംഗത്വം എടുത്തു എന്നും റിജു ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് കായികമേളയ്ക്കിടെ വിളമ്പിയ സാമ്പാറില്‍ പുഴുവെന്ന ആരോപണം ഉയര്‍ന്നത്. സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ അധ്യാപകന് ജിജോ ജെയിംസ് തനിക്ക് പരാതിയില്ലെന്ന് എഴുതി നല്‍കിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അധ്യാപകന്റെ ആരോപണത്തെ പൂര്‍ണ്ണമായും തള്ളുന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചത്. കടുത്ത രാഷ്ട്രീയ വിരോധം വെച്ചാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണം ഉന്നയിച്ച അധ്യാപകന്റേത് നാടകം ആണെന്നുമായിരുന്നു എന്‍ ഷംസുദ്ദീന് പ്രതികരിച്ചത്.
Content Highlights: Jijo’s wife has responded to the worm controversy at the sports meet, stating that a dead worm was indeed found and that video footage is available as evidence.