തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും ഇത് പരിഹരിക്കാനാണ് നോക്കുന്നതെന്നും മന്ത്രി സണ്ണി ജോസഫ്. വില കൂടുതലാണെന്നതാണ് പ്രശ്നമെന്നും ശ്രമിക്കുന്നുണ്ട് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഹിമാചല്‍ പ്രദേശില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ അളവ് വൈദ്യുതി വാങ്ങുന്നത്. എന്നാല്‍ അവിടെ നിന്ന് മാത്രമല്ല, മറ്റ് സ്ഥലങ്ങളില്‍ നിന്നും വാങ്ങാന്‍ നോക്കുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ കാര്യമായ ഇടപെടല്‍ നടത്തുന്നുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായും ഇന്നലെ സംസാരിച്ചിരുന്നു. ഉപയോഗം അസാധാരണമായി വര്‍ധിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. ഒരുകാലത്തും ഉണ്ടാകാത്ത രീതിയില്‍ ഉപയോഗത്തില്‍ വര്‍ധനവുണ്ടായി. ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതും പ്രശ്നമായിട്ടുണ്ട്. അത് പുനഃസ്ഥാപിക്കാനുള്ള നീക്കം തുടരുകയാണ്. ഇത് കേരളം മാത്രം നേരിടുന്ന പ്രശ്നമല്ല. ദേശീയ തലത്തില്‍ നേരിടുന്ന പ്രശ്നമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കെഎസ്ഇബി കത്ത് നല്‍കിയെങ്കിലും സര്‍ക്കാര്‍ കാര്യമായി ഇടപെടല്‍ നടത്തിയില്ലെന്നും ആരോപണമുയരുകയാണ്. കത്ത് നല്കി ഒരു മാസമായിട്ടും നടപടിയെടുക്കാത്തതാണ് പ്രതിസന്ധിയാവുന്നത്. ഒക്ടോബര്‍ മാസത്തില്‍ ആവശ്യമായ വൈദ്യുതി വാങ്ങിയത് ഹിമാചല്‍ പ്രദേശില്‍ നിന്നായിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇവിടെ നിന്ന് 1280 യൂണിറ്റ് വൈദ്യുതിയാണ് ലഭിച്ചിരുന്നത്. അതിനാല്‍ തന്നെ നവംബറിലേക്കുള്ള വൈദ്യുതി ആവശ്യത്തിന് നേരത്തെ തന്നെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ നടപടി സ്വീകരിച്ചില്ല. അതേസമയം, രാജസ്ഥാന് ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ധാരണയിലെത്തിയതോടെയാണ് കേരളം മറ്റ് വഴികള്‍ നോക്കേണ്ട സ്ഥിതിയിലെത്തിയത്.
ഹിമാചലില്‍ നിന്ന് ലഭിച്ചത് പോലെ ബള്‍ക്കായി മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഇനി വൈദ്യുതി വാങ്ങാനാവില്ലെന്നത് പ്രതിസന്ധിയാവും. പല സ്ഥലങ്ങളില്‍ നിന്ന് വാങ്ങേണ്ടതായി വരും. അതിനുള്ള നടപടിക്രമങ്ങള്‍ നീണ്ടുപോയേക്കാമെന്നതിനാല് നവംബര്‍ ഒന്ന് മുതല്‍ വൈദ്യുതി നിയന്ത്രണമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
Content Highlights: Kerala faces a worsening power crisis as 1,280 MW of electricity supply from Himachal Pradesh is set to decline from November 1. Electricity Minister Sunny Joseph says efforts are underway to find alternative sources and avoid power restrictions