SFI ജില്ലാ നേതാക്കളെ ആശുപത്രിയിൽ കയറി ആക്രമിച്ച MSF ക്രിമിനൽ സംഘത്തിന്റെ നടപടി ഞെട്ടിക്കുന്നത്: പിണറായി വിജയൻ

വ്യക്തമായ തെളിവുകളും ദൃശ്യങ്ങളും മുന്നിലുണ്ടായിട്ടും അക്രമികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കളെ എംഎസ്എഫ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ നേടിയ വിജയത്തില്‍ വിറളിപൂണ്ടാണ് എംഎസ്എഫും മുസ്‌ലിം ലീഗും ക്യാമ്പസിനകത്തും പുറത്തും ചോരക്കളം തീര്‍ക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. പരിക്കേറ്റ സഖാക്കളെ സന്ദര്‍ശിക്കാനെത്തിയ എസ്എഫ്‌ഐ ജില്ലാ നേതാക്കളെ ആശുപത്രിയില്‍ കയറി മാരകായുധങ്ങളുമായി ആക്രമിച്ച എംഎസ്എഫ് ജില്ലാ ഭാരവാഹികളടക്കമുള്ള ക്രിമിനല്‍ സംഘത്തിന്റെ നടപടി ഞെട്ടിക്കുന്നതാണ്. സംഭവത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് വീഡിയോ ദൃശ്യങ്ങളിലൂടെ പുറത്തുവന്നത് എന്നാണ് മനസ്സിലാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ആശുപത്രിയില്‍ ലീഗുകാര്‍ നടത്തിയ ആക്രമണം അതില്‍ എത്രയോ വലുതാണ് എന്ന് അവിടെ ഉണ്ടായിരുന്നവര്‍ പറയുന്നു. വിദ്യാര്‍ത്ഥി സംഘടനയുടെ പേരില്‍ പോറ്റിവളര്‍ത്തുന്ന ഈ ഗുണ്ടാസംഘത്തെ നിലയ്ക്കുനിര്‍ത്താന്‍ മുസ്‌ലിം ലീഗ് നേതൃത്വം തയ്യാറാകണം. വ്യക്തമായ തെളിവുകളും ദൃശ്യങ്ങളും മുന്നിലുണ്ടായിട്ടും അക്രമികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണം. കായികമായ ആക്രമണങ്ങള്‍ കൊണ്ട് എസ്എഫ്‌ഐയെ തകര്‍ക്കാമെന്നത് ലീഗിന്റെയും എംഎസ്എഫിന്റെയും വ്യാമോഹം മാത്രമാണ്. ആര്‍എസ്എസും കോണ്‍ഗ്രസും ഒന്നിച്ച് ശ്രമിച്ചിട്ടും എസ്എഫ്‌ഐ ആയതിന്റെ പേരില്‍ അനേകം വിദ്യാര്‍ത്ഥികളെ കൊന്നുകളഞ്ഞിട്ടും എസ്എഫ്‌ഐയെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പിണറായി ഓര്‍മപ്പെടുത്തി. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംരക്ഷണയില്‍ വളരുന്ന എംഎസ്എഫിന്റെ ഗുണ്ടായിസത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരുക തന്നെ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെയും പ്രസിഡന്റിനെയും എംഎസ്എഫ് പ്രവര്‍ത്തകര്‍ ആശുപത്രി കയറി ആക്രമിച്ചതായി പരാതി. എസ്എഫ്ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് ആദില്‍, ജില്ലാ സെക്രട്ടറി സുജിന്‍ എന്നിവരെയാണ് ആക്രമിച്ചത്. സംഭവത്തില്‍ എട്ട് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനടക്കം പൊലീസ് കേസ് എടുത്തിട്ടുണ്ട്. ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് തടിക്കഷ്ണങ്ങളും കമ്പി വടികളുമായി ആക്രമികള്‍ ഇരച്ചെത്തുന്നതിന്റെ ദൃശ്യങ്ങള്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പങ്കുവെച്ചിരുന്നു. ഫയര്‍ എസ്റ്റിഗ്യുഷര്‍ അടക്കം ഉപയോഗിച്ച് ഇവര്‍ ആക്രമണം നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പട്ടികവടി, ഇരുമ്പുവടി, ആണികള്‍ തറച്ച പട്ടികവടി, ഇന്റര്‍ലോക്ക് കട്ടകള്‍ തുടങ്ങിയവ ഉപയോഗിച്ചെന്നാണ് ആരോപണം. ആക്രമണത്തില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകള്‍ക്കും ഇടതുകൈത്തണ്ടയ്ക്കും തലയ്ക്കും പരിക്കേറ്റതായും ജില്ലാ പ്രസിഡന്റിന് ഇടത് കണ്ണിന് താഴെയും ഇടത് കൈത്തണ്ടയിലും പരിക്കേറ്റതായും എഫ്‌ഐആറില്‍ പറയുന്നു. ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിലും ഉപകരണങ്ങള്‍ നശിപ്പിച്ചതിലും എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരുന്നു.

Content Highlights: Opposition Leader Pinarayi Vijayan described the alleged attack on SFI leaders inside a hospital as shocking. He accused MSF and the Muslim League of resorting to violence on and off campus after SFI’s victory in the Calicut University election. Vijayan criticised the alleged involvement of MSF district office-bearers in the attack on SFI leaders who had visited injured activists, adding that the video footage appeared to show only part of the incident.

To advertise here,contact us