റഫീഖും മമ്മൂട്ടിയും പരസ്പരം സംസാരിച്ച് അവസാനിപ്പിച്ച കാര്യത്തിൽ വീണ്ടും വിമർശനമുന്നയിക്കുന്നത് ശരിയല്ല:M വിജിൻ

വയനാട് ടൗണ്‍ഷിപ്പിലെ സന്ദര്‍ശന സമയത്തുണ്ടായ വിവാദങ്ങളൊക്കെ അന്നേ അവസാനിക്കേണ്ടതായിരുന്നു എന്നായിരുന്നു വിവാദങ്ങള്‍ക്കുള്ള മറുപടി

കൊച്ചി: സിപിഐഎം യുവ നേതാക്കള്‍ മമ്മൂട്ടിയുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ സൈബര്‍ അണികളില്‍ നിന്ന് വ്യാപക വിമര്‍ശനമുയര്‍ന്നതില്‍ പ്രതികരണവുമായി എം വിജിന്‍ എംഎല്‍എ. മലയാളത്തിന്റെ മഹാനടന്‍ മമ്മൂക്കയുടെ ക്ഷണം സ്വീകരിച്ചാണ് സംസ്ഥാനത്തെ ഡിവൈഎഫ്‌ഐ - എസ്എഫ്‌ഐ നേതൃത്വം അദ്ദേഹത്തെ കാണാന്‍ ചെന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി കൂടിയായ വിജിൻ വിശദീകരിച്ചു. സ്‌നേഹപൂര്‍വ്വം സ്വീകരിച്ച് ദീര്‍ഘനേരം രാഷ്ട്രീയ സാംസ്‌കാരിക കാര്യങ്ങളില്‍ അഭിപ്രായം പറയുകയും അന്വേഷണങ്ങള്‍ നടത്തുകയുമുണ്ടായി. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ മനുഷ്യത്വത്തിന്റെ മഹത്തരമായ നിരീക്ഷണങ്ങളാണെന്നും എംഎല്‍എ പറഞ്ഞു.

ജീവിത വീക്ഷണങ്ങള്‍ എല്ലാം പങ്കുവച്ചു കൊണ്ടായിരുന്നു മമ്മുക്കയുടെ സംസാരം. എഴുപത്തഞ്ച് പിന്നിടുന്ന മലയാളത്തിന്റ മഹാപ്രതിഭയോട് തികച്ചും ജനാധിപത്യ പരമായ സംവാദമാണ് തങ്ങള്‍ നടത്തിയതെന്നും ഡിവൈഎഫ്‌ഐ നേതാവ് പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പിലെ സന്ദര്‍ശന സമയത്തുണ്ടായ വിവാദങ്ങളൊക്കെ അന്നേ അവസാനിക്കേണ്ടതായിരുന്നു എന്നായിരുന്നു വിവാദങ്ങള്‍ക്കുള്ള മറുപടി. സഖാവ് റഫീക്കും മമ്മൂട്ടിയും പരസ്പരം സംസാരിച്ചവസാനിപ്പിച്ച ഒരു കാര്യത്തിന്റെ പേരില്‍ വീണ്ടുവിമര്‍ശനമുന്നയിക്കുന്നത് ശരിയല്ലെന്നും എംഎല്‍എ വ്യക്തമാക്കി. സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ള വ്യക്തികളോട് യോജിച്ചും വിയോജിച്ചും സംവദിച്ചും കൊണ്ടല്ലാതെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് മുന്നോട്ട് പോകാനാവില്ലെന്നും വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം മാനുഷിക മൂല്യങ്ങളുമുയര്‍ത്തിപ്പിടിച്ചു വേണം നമുക്ക് മുന്നേറാന്‍ എന്നും അദ്ദേഹം ഫേസിബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഇന്നലെയാണ് മമ്മൂട്ടിയുമായുള്ള ചിത്രം പങ്കുവെച്ച സിപിഐഎം യുവ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ഇടത് സൈബര്‍ അണികള്‍ രംഗത്ത് വന്നത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍, പ്രസിഡന്റ് ചിന്താ ജെറോം, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവര്‍ക്കെതിരെയാണ് വിമര്‍ശനവുമായി സിപിഐഎം സൈബര്‍ അണികള്‍ തന്നെ രംഗത്ത് വന്നത്. പലരും സോഷ്യല്‍ മീഡിയ പേജുകളില്‍ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ ചിത്രം പങ്കുവെച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നത്. മമ്മൂട്ടി കെ റഫീഖിനെ അപമാനിച്ചത് മരണം വരെ മറക്കില്ല എന്നതടക്കമുള്ള ക്യാപ്ഷനുകളാണ് സൈബര്‍ അണികള്‍ പങ്കുവെച്ചിരന്നത്. സമരകാലത്ത് ഒരക്ഷരം കൊണ്ട് പോലും ഐക്യപ്പെടാത്ത ആളാണ് മമ്മൂട്ടിയെന്നും അങ്ങനെയുള്ള ആളോടൊപ്പം ഫോട്ടോ എടുക്കാന്‍ ചില്ലറ തൊലിക്കട്ട് പോര എന്നതടക്കമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍ തന്നെ ഉന്നയിച്ചിരുന്നു. വെറുതെ സൈബര്‍ സഖാക്കളെ വെല്ലുവിളിക്കരുതെന്ന് മുന്നറിയിപ്പും നേതാക്കള്‍ക്ക് നല്‍കിയിരുന്നു.

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ റഫീഖിനെ മമ്മൂട്ടി അപമാനിച്ചു എന്ന ആരോപണം നെരത്തെ ഉയര്‍ന്നിരുന്നു. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് മമ്മൂട്ടി എത്തിയ സമയം റഫീഖും അവിടെ വന്നിരുന്നു. പ്രാദേശിക നേതാവ് എന്ന നിലയില്‍ ഓരോ സ്ഥലങ്ങളും മമ്മൂട്ടിക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍ റഫീഖ് ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനിടെ നിങ്ങള്‍ എന്തിനാണ് തന്നോടൊപ്പം നടക്കുന്നതെന്നും, നിങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ വന്നതെന്ന് മറ്റുള്ളവര്‍ കരുതില്ലേ എന്നുമായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. സംഭവത്തിന് പിന്നാലെ വലിയ വിമര്‍ശനമാണ് സിപിഐഎം സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്ന് മമ്മൂട്ടിക്ക് നേരിടേണ്ടി വന്നിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ മമ്മൂട്ടിയെ പിന്തുണച്ച് കെ റഫീഖ് തന്നെ രംഗത്ത് വരികയും ഇരുവരും വീഡിയോ കോള്‍ ചെയ്യുന്ന ചിത്രം അടക്കം പുറത്ത് വിടുകയും ചെയ്തിരുന്നു. ഇടത് സഹയാത്രികന്‍ എന്ന പൊതുവേ പരിവേഷമുള്ള നടനാണ് മമ്മൂട്ടി എങ്കിലും ഈ സംഭവത്തിന് പിന്നാലെ അദ്ദേഹത്തോട് അകലം പാലിക്കുന്ന സമീപനമാണ് ഇടത് അണികളില്‍ നിന്നുണ്ടായിരുന്നത്.

Content Highlights: Responding to criticism from CPM supporters over photographs with Mammootty, MLA and DYFI state secretary M Vijin said the DYFI and SFI leadership had met the actor at his invitation. He said Mammootty welcomed them warmly and spent considerable time discussing political and cultural matters. Vijin also praised the actor’s life experiences and observations, describing them as insightful reflections on humanity.

To advertise here,contact us