കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ തന്റെ പേരില്‍ നരഹത്യ കുറ്റം നിലനില്‍ക്കില്ലെന്ന് 17കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജി. മകന് കാറുമായി പുറത്തുപോയത് തന്റെ അറിവോടെയല്ലെന്ന് ജഡ്ജി വാദിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് അഡീഷണല്‍ ജഡ്ജിയുടെ വാദങ്ങള്‍. ക്രൈം ബ്രാഞ്ച് ജഡ്ജിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടിയതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ജഡ്ജി ഹൈക്കോടതിയെ സമീപിച്ചത്.
അപകടവിവരം അറിഞ്ഞത് പുലര്‍ച്ചെ 2.14ലോടെയാണ്. മരണത്തിന് കാരണമാകാവുന്ന പ്രവൃത്തിയാണെന്ന അറിവോ കുറ്റകരമായ മാനസികാവസ്ഥയോ ഉണ്ടായിരുന്നില്ല. പൊലീസ് സ്റ്റേഷനിലെത്തിയത് പിതാവെന്ന നിലയിലാണ്. അല്ലാതെ ജുഡീഷ്യല്‍ ഓഫീസറെന്ന നിലയില്‍ അല്ല. സെഷന്‍സ് ജഡ്ജിന്റെ അനുമതിയില്ലാതെ പൊലീസ് സ്റ്റേഷനില്‍ പോയതിന് ഹൈക്കോടതി തന്റെ വിശദീകരണം തേടിയിട്ടുണ്ട്. താന്‍ വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ജില്ലാ ജഡ്ജിയുടെ അനുമതി ലഭിക്കാന്‍ സമയം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഉടന്‍ സ്റ്റേഷനിലേക്ക് പോയതെന്നും അഡീഷണല്‍ ജഡ്ജി വിശദീകരിച്ചു. മകന് വഹനം എടുത്തത് അറിയില്ലെന്നും താന്‍ വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ജഡ്ജി ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. വാഹന ഉടമ ആയതുകൊണ്ട് മാത്രം തനിക്കെതിരെ കേസെടുക്കാനാകില്ലെന്നും ജഡ്ജി ചൂണ്ടിക്കാണിക്കുന്നുണ്ട്.
കേസിന്റെ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ഒളിവില്‍ പോകാന്‍ ഉദ്ദേശമില്ലെന്നും ജഡ്ജി പറഞ്ഞു. തന്നെ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും അറസ്റ്റ് അനിവാര്യമല്ലെന്നും ജില്ലാ ജഡ്ജി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. 17കാരന്റെ പിതാവും വാഹന ഉടമയുമായ ജഡ്ജിയെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ജഡ്ജിയെ ചോദ്യം ചെയ്യും. 11 മണിക്ക് എറണാകുളം പൊലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടം ജഡ്ജിയുടം മുന്‍കൂര്‍ ജാമ്യത്തിനെതിരെ ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയില്‍ അപേക്ഷ നല്കിട്ടുണ്ട്. വാഹനഉടമ ആയതുകൊണ്ട് മാത്രമല്ല ജഡ്ജി പ്രതയാകുന്നതെന്നും ജഡ്ജി കേസില്‍ നേരിട്ട് ഇടപെട്ടെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടത്തിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
Content Highlights: In the Cheranalloor accident case, the additional judge, who is the father of the 17-year-old accused, has stated that a culpable homicide charge does not apply to him. The legal proceedings remain in focus.