കേരള മാരിടൈം ബോർഡ് ഭേദഗതി ബിൽ നിയമസഭ പാസാക്കി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

18 തുറമുഖവും വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ പറ്റില്ലെന്നും അതിനാല്‍ അവിടെ കോര്‍പ്പറേറ്റ് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: കേരള മാരിടൈം ബോര്‍ഡ് ഭേദഗതി ബിൽ നിയമസഭയിൽ പാസായി. ബില്ലിനെ എതിർത്ത് പ്രതിപക്ഷം സഭവിട്ടിറങ്ങി പോയി. നേരത്തെ കേരള മാരിടൈം ബോര്‍ഡ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഗൗരവമുള്ള വിഷയങ്ങളാണ് ഭരണപക്ഷവും പ്രതിപക്ഷവും നിയമസഭയില്‍ ഉയര്‍ത്തിയത്.കേരള മാരിടൈം ബോര്‍ഡ് ഭേദഗതി ബില്ലില്‍ തുറമുഖ പരിധിയില്‍ വരുന്ന ഭൂമിയാണ് ലാന്‍ഡ് ബാങ്കിലേക്ക് വരുന്നതെന്ന് നേരത്തെ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. പിന്നെ എങ്ങനെ ആണ് മുഴുവന്‍ ഭൂമിയും ലാന്‍ഡ് ബാങ്കില്‍ വരുന്നതത്. ഔട്ട് ഓഫ് പോര്‍ട്ട് ഭൂമി ഏറ്റെടുക്കുന്നില്ലെന്നും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാരീടൈം ബോര്‍ഡ് ഒരു സ്റ്റാട്യൂറ്ററി ബോഡിയാണ്. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേറ്റിന് വേണ്ടിയാണ്. കണ്‍സഷനേയര്‍ എന്നൊരു വാക്ക് പ്രശ്‌നമെന്ന് ഇവിടെ പറഞ്ഞു, എന്നാല്‍ അദാനി ഒരു കണ്‍സഷയനര്‍ അല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

18 തുറമുഖവും വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ പറ്റില്ല. അതിനാല്‍ അവിടെ കോര്‍പ്പറേറ്റ് വരും. നിക്ഷേപങ്ങള്‍ കിട്ടിയാല്‍ മാത്രമേ വികസനങ്ങള്‍ നടത്താന്‍ പറ്റൂ. നിങ്ങളുടെ സര്‍ക്കാര്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് നടത്തിയപ്പോള്‍ അവിടെ പോയി സംസാരിച്ച ആളാണ് ഞാന്‍ എന്നും പ്രതിപക്ഷത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. സ്വകാര്യ നിക്ഷേപങ്ങള്‍ വരണം. നിക്ഷേപകര്‍ക്ക് പുറമേ പുറത്തുനിന്നുള്ള ഗവണ്‍മെന്റ് വരും. വിദേശരാജ്യ നിക്ഷേപങ്ങള്‍ നിരവധി വരും. അവര്‍ക്ക് ഇന്‍വെസ്റ്റ് ചെയ്യാനുള്ള തുറമുഖം സര്‍ക്കാര്‍ കാണിച്ചുകൊടുക്കും. അങ്ങനെയുള്ള ലാന്‍ഡുകളാണ് ലാന്‍ഡ് ബാങ്കിലേക്ക് വരുന്നതെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. അതേസമയം തുറമുഖത്തിന്റെ പരിധി ഏതു വരെ എന്ന് പറയാന്‍ കഴിയില്ലെന്നും നിക്ഷേപങ്ങള്‍ വരുമ്പോള്‍ നടപടിക്രമങ്ങള്‍ എളുപ്പമാകാന്‍ ആയിട്ടാണ് ഈ തീരുമാനത്തിലേക്ക് കടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തെ ആട്ടിമറിക്കുന്നതാണ് മാരിടൈം ബോര്‍ഡ് ബില്ല് എന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞത്. 222 മത്സ്യബന്ധന ഗ്രാമത്തിലെ 10 ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികളെ അരക്ഷിതാവസ്ഥയിലാക്കുന്നതാണ് ബില്ല്. തീരദേശവാസികളായ ജനത കാത്തുസൂക്ഷിച്ച മണ്ണും കടലും നേരിട്ട് തകര്‍ക്കുന്ന ബില്ലാണ് ഇത്. മറ്റു വകുപ്പുകളുടെ ഭൂമി പിടിച്ചെടുത്താണ് ലാന്‍ഡ് ബാങ്ക് രൂപീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പരമ്പരാഗത തൊഴിലാളികള്‍ക്ക് കടലിലേക്കുള്ള സ്വാഭാവിക പ്രവേശനം എന്നന്നേക്കുമായി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും. കടലിനെ മാത്രം ആശ്രയിക്കുന്ന രണ്ടു ലക്ഷത്തിലധികം കുടുംബങ്ങളെ ഇത് ഗുരുതരമായി ബാധിക്കുമെന്നും അവരെ ആട്ടിപ്പായിച്ച് തൊഴില്‍രഹിതരാക്കുന്നതാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ധാതു സമ്പത്ത് കൊള്ളയടിക്കാന്‍ ആണ് ലക്ഷ്യം. അവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ വാതില്‍ തുറക്കുന്നതാണ് ഈ ബില്ലിലെ ആശങ്ക. എന്നെന്നേക്കുമായി ഈ ഭൂമി സ്വകാര്യ ശക്തികള്‍ക്ക് അടിയറ വയ്ക്കും. തീരദേശത്തെ കോര്‍പ്പറേറ്റ് മാഫിയക്ക് തീറെഴുതുന്ന സമ്മതപത്രമാണ് ബില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Content Highlights: Chief Minister V D Satheesan told the Kerala Assembly that the land bank under the Kerala Maritime Board Amendment Bill would include land within port limits, questioning claims that all land would be brought under it. He said land outside port limits would not be acquired and that acquisitions would be made for development projects. Describing the Maritime Board as a statutory body, he said the land was being acquired for the state and questioned objections to the term “concessionaire,” asking whether Adani was not a concessionaire.

To advertise here,contact us