'ആത്രേയകത്തിന് എൻ്റെ നോവലുകളിലെ ആശയങ്ങളുമായി ബന്ധം'; എഴുത്തുകാരിയും അധ്യാപികയുമായി ഡോ. വിനയശ്രീ

അവാര്‍ഡ് ദാനം പുന:പരിശോധിക്കണമെന്നും വയലാര്‍ അവാര്‍ഡ് സമിതിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിനയശ്രീ ഫേസ്ബുക്കിൽ കുറിച്ചു

കൊച്ചി: വയലാര്‍ അവാര്‍ഡ് നേടിയ ആര്‍ രാജശ്രീയുടെ 'ആത്രേയകത്തിന് താന്‍ എഴുതിയ നോവലുകളിലെ ആശയങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണവുമായി എഴുത്തുകാരിയും അധ്യാപികയുമായ ഡോ. വിനയശ്രീ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് വിനയശ്രീയുടെ ആരോപണം. തൻ്റെ നോവലുകളായ പഞ്ചാലിയുടെ ഏഴു രാത്രികള്‍, ശിഖണ്ഡി എന്നീ നോവലുകളിലെ ആശയങ്ങളുമായി 'ആത്രേയകത്തിന് ബന്ധമുണ്ടെന്നാണ് വിനയശ്രീയുടെ ആരോപണം.

'എൻ്റെ ശിഖണ്ഡി എന്ന നോവലില്‍ നിന്നും അടര്‍ത്തിയെടുത്ത പ്രധാനപ്പെട്ട ഭാഗങ്ങള്‍ മറ്റൊരു പേരിലൂടെ എഴുതിച്ചേര്‍ത്ത ആത്രേയകം എന്ന നോവല്‍ കോപ്പി അടിച്ചതാണ് എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല ഞാനൊരു സാധാരണ സ്ത്രീയാണ്. ഒരു അധ്യാപികയായ ഒരു ആള്‍ക്ക് ഒരിക്കലും ഭൂഷണമല്ലാത്ത ഒരു കാര്യമാണ് ചെയ്തിരിക്കുന്നത് വലിയ പ്രസാധകരല്ല എന്നുള്ള ഒരൊറ്റ കാരണത്താലാണ് എന്റെ ശിഖണ്ഡി അറിയപ്പെടാതെ പോയത്. അറിയപ്പെട്ടിട്ടില്ല എന്നുള്ള ഒരൊറ്റ കാരണത്താല്‍ അതില്‍ നിന്നും ഗൂഢമായി മറ്റൊരു പേരില് പുസ്തകമിറക്കുകയും ഈ ശിഖണ്ഡി എന്ന് പറയുന്ന കഥാപാത്രത്തിന് മറ്റൊരു പേര് (നിരമിത്രന്‍ ) നല്‍കുകയും ചെയ്തതു തന്നെ മന:പൂര്‍വ്വമാണ് . എൻ്റെ ശിഖണ്ഡി വായിച്ച പലരും എന്നെ വിളിച്ച് ഈ സാഹിത്യ മോഷണത്തെക്കുറിച്ച് സൂചിപ്പിക്കയുണ്ടായി. മുറിവുപറ്റിയ യോദ്ധാക്കള്‍ക്ക് ചികിത്സാലയം എന്നുള്ളത് ശിഖണ്ഡിയിലുള്ള കാഴ്ചപ്പാടാണ് അതിന് ആത്രേയകം എന്ന ഒരു പേരിട്ടു നല്‍കുകയും ചെയ്തു. അങ്ങനെ ഓരോന്നും എടുത്ത് പറയാനാണെങ്കില്‍ എന്റെ നോവലില്‍ നിന്നും ധാരാളം കോപ്പി അടിക്കപ്പെട്ടിട്ടുണ്ട്. മാറ്റപ്പെട്ടിട്ടുണ്ട്. അതിനായി ശിഖണ്ഡി എന്ന പേര് ആ നോവലില്‍ വരാതിരിക്കാന്‍ ആത്രേയകത്തിന്റെ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. ഞാന്‍ കണ്ടെടുത്ത ശിഖണ്ഡിയിലെ മൂല്യങ്ങളാണ് ആത്രേയകത്തിലുള്ളതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വിനയശ്രീ ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്

'പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളെ,ഒരു സങ്കടം നിങ്ങളെഅറിയിക്കുകയാണ്.പല സുഹൃത്തുക്കളും എന്റെ നോവലുകള്‍ വായിച്ചിട്ടുണ്ട്. 3നാടകങ്ങള്‍, 15 നോവലുകള്‍ എന്നിവയാണ് ഞാന്‍ എഴുതിയിട്ടുള്ളത്. ആറു നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് . എന്റെ 3 നോവലുകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട് . ഞാന്‍ 2019 ല്‍ പ്രസിദ്ധീകരിച്ച ശിഖണ്ഡി എന്ന നോവല്‍ കോട്ടയം അക്ഷരസ്ത്രീയാണ് പ്രസിദ്ധീകരിച്ചത്. 2019 ല്‍ തിരുവനന്തപുരത്തു വെച്ചാണ് പ്രകാശനം നടന്നത്. അതിനും മുന്‍പേ 2017 ലാണ് പാഞ്ചാലിയുടെ ഏഴു രാത്രികള്‍ എന്ന നോവല്‍ അക്ഷര സ്ത്രീ നോവല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും അതിന് അക്ഷരസ്ത്രീ അവാര്‍ഡും ലഭിക്കുകയുണ്ടായി പാഞ്ചാലിയുടെഏഴുരാത്രികള്‍ എന്ന നോവല്‍ 2014 മുതലാണ് എഴുതിത്തുടങ്ങിയത് .അതില്‍ പാഞ്ചാലിയുടെ വിവാഹത്തിന് തടസ്സം നില്‍ക്കുന്ന ഒരു ശിഖണ്ഡിയെ കുറിച്ച് പറഞ്ഞിരുന്നു. പുരുഷസ്വഭാവമുള്ള സ്ത്രീ മറ്റു അന്ത:പ്പുര സ്ത്രീകളോട് കാമാസക്തിയോടെ ഇടപഴകുന്ന കാര്യം പാഞ്ചാലിയുടെ ചിന്താധാരയിലൂടെ ഞാന്‍ പറഞ്ഞിരുന്നു. അന്ന് ശിഖണ്ഡിയെ കുറിച്ച് ഒരു നോവല്‍ എഴുതണം എന്നുള്ള ചിന്ത വളരെയേറെ എന്നിലുണ്ടായിരുന്നതു മൂലമാണ് 2019ല്‍ ഞാന്‍ ശിഖണ്ഡി എഴുതി പ്രസിദ്ധീകരിച്ചത്. ശിഖണ്ഡിയില്‍ ഞാന്‍ എഴുതി യിരിക്കുന്നത്, ഭീഷ്മാചാര്യരെ വധിക്കാനായി ഉഗ്രശപഥത്തോടെ ജന്മം എടുത്ത ഒരു സ്ത്രീ ആയിട്ടാണ്. നിര്‍ഭാഗ്യവശാല്‍ ദ്രുപദമഹാരാജാവിന്റെ പുത്രിയായിട്ട് ജനിക്കുകയും അത് പുത്രനാണെന്ന് വരുത്തിതീര്‍ക്കുവാന്‍ രാജഗുരുവില്‍ നിന്ന് മരുന്ന് സേവിച്ചതുമൂലം ആ സ്ത്രീ രൂപത്തിന് പുരുഷന്റെ സ്വഭാവവും ഉടലെടുക്കുന്നതായിട്ടാണ് . സ്ത്രീയുടെ അവയവങ്ങളും പുരുഷന്റെ സ്വഭാവവും വന്നുചേര്‍ന്ന ആ സ്ത്രീക്ക് തനിക്ക് വിവാഹം കഴിക്കുവാന്‍ സാധിക്കുകയില്ല എന്ന ചിന്ത വരുന്നുണ്ട്. കൂടാതെ ഒരു പുരുഷനെ വിവാഹം ചെയ്താല്‍ തന്റെ സ്വത്വം തിരിച്ചറിയും എന്ന ചിന്ത കൊണ്ട് രാജകുമാരന്‍ എന്ന് വിളിക്കുന്ന തന്നെ ആളുകള്‍ അവഹേളിക്കുമല്ലോ എന്നുള്ളതുകൊണ്ടും അന്ത:പ്പുര ദാസിമാരില്‍ ഒരു ദാസിയായ മൈഥിലിയെ ലൈംഗികാവശ്യത്തിനായിസ്വീകരിക്കുകയും അവര്‍ തമ്മില്‍ പ്രണയത്തില്‍ ആവുകയും ചെയ്യുന്നതാണ് നോവലിന്റെ ഉള്ളടക്കം.

ശിഖണ്ഡി എന്ന് പറയുന്ന നോവലില്‍ ലെസ്ബിയന്‍ പ്രണയവും അതേപോലെതന്നെ മുറിവ് പറ്റിയവര്‍ക്ക് ചികിത്സിക്കുന്ന ഒരു ചികിത്സാശിബിരവും പറയുന്നുണ്ട് .ദ്രൗപദിയും ധൃഷ്ടദ്യുമ്‌നനും യഥാര്‍ത്ഥ മനുഷ്യ യോനിയില്‍ ജനിച്ചതാണെന്നും പാഞ്ചാലിയുടെ ഏഴുരാത്രിയിലും ശിഖണ്ഡിയിലും പറയുന്നുണ്ട് ശിഖണ്ഡിയുടെ ജനന സത്യത്തില്‍ അപ്രകാരം ഒരു ചിന്താധാര കൊണ്ടുവന്നത് എന്റെ നോവലിലൂടെയാണ് 2019 ല്‍പ്രസിദ്ധീകരിച്ച ശിഖണ്ഡി എന്ന നോവലില്‍ എന്റെ ഭാവനയില്‍ ഉടലെടുത്ത ഒന്നായിരുന്നു ശിഖണ്ഡിക്ക് ലെസ്ബിയന്‍ പ്രണയം ഉണ്ടായിരുന്നതായും അതേപോലെതന്നെ മരുന്ന് സേവിച്ച് പുരുഷഭാവം കൈക്കൊണ്ടതായിട്ടും. അക്കാര്യമൊന്നും മഹാഭാരതത്തില്‍ പറയുന്നില്ല. എന്നാല്‍ ഈ അടുത്തകാലത്ത് ഇറങ്ങിയ ആത്രേയകം എന്ന നോവലില്‍ മഹാഭാരതത്തില്‍ ഇല്ലാത്ത, ഞാന്‍ വളരെയേറെ ചിന്തിച്ചെടുത്ത ഭാവനകളെ , ആശയങ്ങളെ ആത്രേയകം നോവലില്‍ കാണാന്‍ കഴിഞ്ഞു. വളരെയേറെ എനിക്ക് ദുഃഖമാണ് അതില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഇങ്ങനെ എന്റെ നോവലില്‍ നിന്ന് അടര്‍ത്തിയെടുത്തു കൊണ്ടുപോയ ആ കഥാസാരത്തിന് പ്രതിഭാധനനും മഹാത്മാവുമായ വി. ടി. ഭട്ടതിരിപ്പാടിന്റെ പേരിലുള്ള അവാര്‍ഡ് അനുവദിച്ചതായി കണ്ടതുകൊണ്ടാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത് . എന്റെ ശിഖണ്ഡി എന്ന നോവലില്‍ നിന്നും അടര്‍ത്തിയെടുത്ത പ്രധാനപ്പെട്ട ഭാഗങ്ങള്‍ മറ്റൊരു പേരിലൂടെ എഴുതിച്ചേര്‍ത്ത ആത്രേയകം എന്ന നോവല്‍ കോപ്പി അടിച്ചതാണ് എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല ഞാനൊരു സാധാരണ സ്ത്രീയാണ് .ഒരു അധ്യാപികയായ ഒരു ആള്‍ക്ക് ഒരിക്കലും ഭൂഷണമല്ലാത്ത ഒരു കാര്യമാണ് ചെയ്തിരിക്കുന്നത് വലിയ പ്രസാധകരല്ല എന്നുള്ള ഒരൊറ്റ കാരണത്താലാണ് എന്റെ ശിഖണ്ഡി അറിയപ്പെടാതെ പോയത്. അറിയപ്പെട്ടിട്ടില്ല എന്നുള്ള ഒരൊറ്റ കാരണത്താല്‍ അതില്‍ നിന്നും ഗൂഢമായി മറ്റൊരു പേരില് പുസ്തകമിറക്കുകയും ഈ ശിഖണ്ഡി എന്ന് പറയുന്ന കഥാപാത്രത്തിന് മറ്റൊരു പേര് (നിരമിത്രന്‍ )നല്‍കുകയും ചെയ്തതു തന്നെ മനപ്പൂര്‍വ്വമാണ് . എന്റെ ശിഖണ്ഡി വായിച്ച പലരും എന്നെ വിളിച്ച് ഈ സാഹിത്യ മോഷണത്തെക്കുറിച്ച് സൂചിപ്പിക്കയുണ്ടായി. മുറിവുപറ്റിയ യോദ്ധാക്കള്‍ക്ക് ചികിത്സാലയം എന്നുള്ളത് ശിഖണ്ഡിയിലുള്ള കാഴ്ചപ്പാടാണ് അതിന് ആത്രേയകം എന്ന ഒരു പേരിട്ടു നല്‍കുകയും ചെയ്തു. അങ്ങനെ ഓരോന്നും എടുത്ത് പറയാനാണെങ്കില്‍ എന്റെ നോവലില്‍ നിന്നും ധാരാളം കോപ്പി അടിക്കപ്പെട്ടിട്ടുണ്ട് .മാറ്റപ്പെട്ടിട്ടുണ്ട്. അതിനായി ശിഖണ്ഡി എന്ന പേരു് ആ നോവലില്‍ വരാതിരിക്കാന്‍ ആത്രേയകത്തിന്റെ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. ഞാന്‍ കണ്ടെടുത്ത ശിഖണ്ഡിയിലെ മൂല്യങ്ങളാണ് ആത്രേയകത്തിലുള്ളത്.

ഞാന്‍ എത്ര രാത്രികളില്‍ ഉറക്കം നിന്ന് എഴുതിയതാണ് ശിഖണ്ഡി. എത്ര പ്രാവശ്യം മഹാഭാരതം വായിച്ചിട്ടാണ് ഞാന്‍ നോവലുകള്‍ എഴുതിയത്. 'ഒരു നിമിഷം കൊണ്ട് മറ്റൊരാള്‍ അതെല്ലാം തന്റേതാണെന്ന് അവകാശപ്പെടുന്നതും ആളുകള്‍ ആത്രേയകത്തിന് അവാര്‍ഡും നല്‍കുമ്പോള്‍ എന്റെ വായനക്കാരെ, എന്റെ സുഹൃത്തുക്കളെ ഇതറിയിക്കണമെന്ന് തോന്നി. വളരെ സങ്കടത്തോടെയാണ് ഞാന്‍ ഇതെഴുതുന്നത്.ഡോ. വിനയശ്രീ'

Content Highlights : Writer and teacher Dr. Vinayasree has come forward with an allegation that 'Athreyakam'—a novel by R. Rajasree that won the Vayalar Award—shares connections with the concepts in her own novels, and that the core narrative of her work has been plagiarized

To advertise here,contact us