തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ രാജിയിലൂടെ ബിജെപിക്ക് അകത്തെ ജീര്‍ണതയാണ് പുറത്തുവരുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്. ബിജെപിക്ക് അകത്തെ അസ്വസ്ഥതയുടെ തെളിവാണ് ശ്രീലേഖയുടെ രാജി. തിരുവനന്തപുരത്ത് ബിജെപിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയില്ലെന്നും ഇത് ബിജെപി ക്യാമ്പില്‍ നിന്ന് തന്നെ പുറത്തുവരുന്ന വിവരമാണെന്നും ടി പി രാമകൃഷ്ണന് പറഞ്ഞു. എല്‍ഡിഎഫും സിപിഐഎമ്മും ഈ വിഷയത്തില്‍ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീലേഖയ്ക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയവരില്‍ ഒരാളാണ് ശ്രീലേഖയെന്നുമായിരുന്നു വിഷയത്തില്‍ എം വി ഗോവിന്ദന് പ്രതികരിച്ചത്. 'അവരൊക്കെ രാഷ്ട്രീയമായി മുന്നോട്ട് പോകണം എന്നില്ല. അതിന്റെ ഉദാഹരണമാണ് ശ്രീലേഖ. മേയര്‍ക്കാണ് രാജി നല്‍കിയത്. പൂര്‍ണമായുള്ള രാജിയല്ല എന്നാണ് മനസിലാക്കുന്നത്. ഇത് ബിജെപിക്കിടയിലുള്ള പ്രശ്നങ്ങളാണ്. മറ്റ് രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉണ്ടെന്ന് തോന്നുന്നില്ല', എം വി ഗോവിന്ദന് പറഞ്ഞു. ശ്രീലേഖ രാജി വെച്ചാല്‍ സ്വാഭാവികമായി ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ രാജി തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി ഭരണസമിതിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മേയര്‍ സ്ഥാനം ലഭിക്കാത്തതിനാല്‍ തുടക്കം മുതല്‍ അതൃപ്തിയിലായിരുന്നു ശ്രീലേഖ. സെപ്തംബര്‍ 30നാണ് മേയര്‍ക്ക് രാജിക്കത്ത് നല്‍കിയത്. എന്നാല്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് ഔദ്യോഗികമായി രാജി നല്‍കിയിട്ടില്ല. ദേശീയ വനിതാ കമ്മീഷനിലേക്ക് പരിഗണിക്കാത്തതാണ് പെട്ടെന്നുള്ള രാജിക്ക് പിന്നിലെന്നാണ് സൂചന. സംസ്ഥാന നേതൃത്വം ശ്രീലേഖയുമായി സംസാരിച്ചെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് അവരുടെ നിലപാട്.
വ്യക്തിപരമായ അസൗകര്യങ്ങള്‍ ശ്രീലേഖ പറഞ്ഞിരുന്നുവെന്നും രാജിക്ക് പിന്നില്‍ മറ്റ് രാഷ്ട്രീയ സമ്മര്ദ്ദമില്ലെന്നുമാണ് മേയര്‍ വിവി രാജേഷ് പ്രതികരിച്ചത്. എന്നാല്‍ രാജിക്കാര്യം അറിയില്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ പ്രതികരിച്ചത്. കോര്‍പ്പറേഷനിലെ ഭരണ പ്രതിസന്ധി ഒഴിവാക്കാന്‍ അനുനയ ശ്രമങ്ങള്‍ തുടരുകയാണ് ബിജെപി.
സ്വതന്ത്രന്റെ കൂടി പിന്തുണയോടെയാണ് തിരുവനന്തപുരം കോര്പ്പറേഷന് ബിജെപി ഭരിക്കുന്നത്. 2025ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ചരിത്രത്തില്‍ ആദ്യമായാണ് കോര്പ്പറേഷന് ഭരണം പിടിച്ചത്. ഇനി 49 അംഗങ്ങളാണ് ബിജെപിക്ക് കോര്‍പ്പറേഷനില്‍ ഉള്ളത്. ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ അതും നിര്‍ണായകമാകും.
Content Highlights: LDF Convener T P Ramakrishnan said BJP councillor R Sreelekha’s resignation has brought internal issues within the party to light.