തിരുവന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ശ്രീലേഖ മേയര്‍ ആകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ പിന്നാലെ ആര്‍എസ്എസിന്റെ തീരുമാനത്തിനനുസരിച്ചാണ് അതില്‍ മാറ്റം വന്നതെന്നും എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക്ക്. മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആര്‍ക്കും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല ആ തീരുമാനം. അത് ശ്രീലേഖയോട് കാണിച്ച അവഹേളനമാണ്. സത്യപതിജ്ഞ ചടങ്ങിലടക്കം വലിയ വിഷമത്തിലായിരുന്നു അവര്‍ പങ്കെടുത്തിരുന്നത്. കഴിഞ്ഞ ഒമ്പത് മാസമായി വി വി രാജേഷിന്റെ ഭരണം ആര്‍ക്കും സഹിക്കാന്‍ കഴിയുന്നതല്ലെന്നും ദീപക്ക് കുറ്റപ്പെടുത്തി.
കാപ്പ കേസ് പ്രതി സുഗതനെ കൗണ്‍സിലില്‍ നിലനിര്‍ത്താന്‍ തരംതാഴ്ന്ന നിലയില്‍ മേയറും സംഘവും ഇടപെട്ടു. സുഗതനെതിരെ കേസ് ഒപ്പിട്ട ശ്രീലേഖ ഐപിഎസിന് അവരുടെ ഔദ്യോഗിക ജീവിതത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കേണ്ടി വന്നു. പൊലീസിനെതിരെ പോലും ഒരു മുന്‍ ഡിജിപിയെകൊണ്ട് ബിജെപി മുദ്രാവാക്യം വിളിപ്പിച്ചു. കാപ്പ കേസ് പ്രതിക്ക് സംരക്ഷണം കൊടുത്ത ബിജെപിയില്‍ നിന്ന് ഒരു മുന്‍ ഐപിഎസ് ഓഫീസറെ സംരക്ഷിക്കാനുള്ള ശ്രമം ഒന്നും ഉണ്ടായില്ല. ബിജെപിയുെട അഴിമതിയില്‍ ശ്രീലേഖയ്ക്ക് വ്യത്യസ്ത അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. ഒടുവില്‍ മേയര്‍ കെയര്‍ പദ്ധതി എന്ന ഏറ്റവും അഴിമതി നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കടക്കം കൂട്ടുനില്ക്കാനാകാത്തതാണ് ശ്രീലേഖയുടെ രാജിയിലേക്ക് നയിച്ചതെന്നും ദീപക്ക് ആരോപിച്ചു.
പ്രധാനപ്പെട്ട വ്യവസായ സ്ഥാപനങ്ങളില്‍ നിന്നെല്ലാം വലിയ പിരിവ് നടത്തി. കോടിക്കണക്കിന് രൂപ കോര്പ്പറേഷന് ദൂര്ത്തടിച്ചു. എന്നാല്‍ അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങളില്‍ ഒന്നും കോര്പ്പറേഷന് ഇടപെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തികളില്‍ എല്ലാം ശ്രീലേഖയ്ക്ക് വിയോജിപ്പ് ഉണ്ടെന്ന് വ്യക്തമായിരുന്നു. പല സന്ദര്‍ഭങ്ങളിലും അവര്‍ വിട്ട് നില്‍ക്കുമ്പോഴും അത് വെളിവായിരുന്നു. 30-ാം തീയതി അവര്‍ രാജിക്കത്ത് എഴുതി മേയര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും നല്‍കിയിട്ടും മേയര്‍ അത് പൂഴ്തിവെക്കുന്ന നിലയാണ് ഉണ്ടായത്. എല്ലാ നിലയിലുള്ള നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളും മേയര്‍ നടത്തി. കോര്പ്പറേഷന് സെക്രട്ടറിയോട് പോലും മേയര്‍ ഇക്കാര്യം പറഞ്ഞില്ലെന്നും ദീപക്ക് കുറ്റപ്പെടുത്തി. തങ്ങളുടെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ പണം നല്കി കൗണ്‍സിലര്‍മാരെ ചാക്കിടാനാണ് മേയറും പരിവാരങ്ങളും മുന്നിട്ടിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: LDF parliamentary party leader SP Deepak alleged that Rajeev Chandrasekhar had initially said Sreelekha would become the mayor of Thiruvananthapuram Corporation, but claimed the decision later changed based on an RSS directive. Deepak described the development as an insult to Sreelekha and alleged that she appeared distressed even during the oath-taking ceremony. He also criticised VV Rajesh's administration over the past nine months.