പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖം നടത്തേണ്ട സമിതിയില്‍ നിന്ന് ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായതും തന്ത്രി സ്ഥാനത്ത് നിന്നും ഒഴിഞ്ഞതുമാണ് കാരണം. രാജീവരെ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം മേല്‍ശാന്തിമാരുടെ യോഗ്യത പട്ടികയില്‍ എട്ടുപേര്‍ മാത്രമാണ് നിലവില്‍ ഉള്ളത്. ദേവസ്വം വിജിലന്‍സിന്റെ കര്‍ശന പരിശോധനയ്ക്ക് പിന്നാലെയാണ് മേല്‍ശാന്തിപ്പട്ടികയിലെ എണ്ണം കുറച്ചത്.
ശബരിമലയിലേക്ക് അഞ്ച് പേരും മാളികപ്പുറത്തേക്ക് മൂന്ന് പേരുമാണ് പട്ടികയിലുള്ളത്. ഇതാദ്യമായാണ് മുഖാമുഖം പരീക്ഷയില്‍ യോഗ്യത നേടിയവരുടെ എണ്ണം ഇത്രയും കുറവ് വരുന്നത്. മാളികപ്പുറത്തെ പട്ടികയിലുള്ള മൂന്നുപേരും ശബരിമല മേല്‍ശാന്തിപ്പട്ടികയില്‍ ഇടംപിടിച്ചവരാണ്. മുഖാമുഖത്തിലെ മാര്‍ക്ക് പരിഗണിച്ച് വീണ്ടും എണ്ണം കുറഞ്ഞേക്കും എന്നാണ് വിവരം. ഒഴിവാക്കിയവരുടെ അപ്പീല്‍ പരിഗണിച്ചാലും അന്തിമ പട്ടികയുടെ എണ്ണം കൂടാനിടയില്ല. കഴിഞ്ഞ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന വര്‍ഷം 13 - 14 പേരോളം മേല്‍ശാന്തി പട്ടികയില്‍ ഇടം പിടിച്ചിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം ദേവസ്വം ബോര്‍ഡ് യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
മേല്‍ശാന്തിമാരുടെ നിയമനത്തിലെ മാനദണ്ഡങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് മേല്‍ശാന്തി യോഗ്യത പട്ടികയില്‍ നിന്ന് പുറത്തായവര്‍ നല്കിയ അപ്പീല്‍ ഇന്ന് ബോര്‍ഡ് പരിഗണിക്കും. അതിന് ശേഷമാകും കോടതിക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുക. 35 വയസ് പ്രായമാണ് പ്രധാനപ്പെട്ട മാനദണ്ഡം. മറ്റൊന്ന് മലയാളി ബ്രാഹ്മണനായിരിക്കണം എന്നതാണ്. ഏതെങ്കിലും ഒരു പൊതു ക്ഷേത്രത്തില്‍ 12 വര്‍ഷത്തെ പ്രവൃത്തി പരിചയവും മാനദണ്ഡത്തിന്റെ ഭാഗമാണ്. ഇതില്‍ ദിവസവും മൂന്ന് പൂജയുള്ള ഒരു ക്ഷേത്രത്തില്‍ 10 വര്‍ഷം പ്രവൃത്തി പരിചയവും ഉണ്ടാകണം. ഇത്തരം കര്‍ശന മാനദണ്ഡങ്ങളാണ് യോഗ്യത പട്ടികയിലെ എണ്ണം കുറയാന്‍ കാരണം. പമ്പയിലെ ശുചിമുറികള്‍ പൂര്‍ണമായും സൗജന്യമാക്കാനും ബോര്‍ഡ് ഹൈക്കോടതി അനുമതി തേടും.
Content Highlights: Former Sabarimala tantri Kanthararu Rajeev has been excluded from the interview panel for selecting the Sabarimala and Malikappuram melsanthis. The Devaswom Board had earlier decided to remove him from the panel following his reported involvement in the Sabarimala gold case and departure from the tantri position. The eligibility list for the melsanthi selection now has eight candidates after scrutiny by Devaswom Vigilance.