തിരുവനന്തപുരം: ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്സിലര് സ്ഥാനം രാജിവെച്ചു. വ്യക്തിപരമാണ് രാജിയെന്ന് വിശദീകരണം. സെപ്റ്റംബർ 30ന് മേയർ വി വി രാജേഷിവന് കൗൺസിലർ സ്ഥാനത്തു നിന്ന് സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ച് കത്ത് നൽകിയിട്ടുണ്ടെന്ന് ആർ ശ്രീലേഖ ശാസ്തമംഗലത്തെ കൗൺസിലർ അറിയിപ്പ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇന്ന് അറിയിച്ചിരുന്നു. കോപ്പി ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച നൽകുമെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു. 'നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു'വെന്നും സന്ദേശത്തിലുണ്ട്. എന്നാൽ ആർ ശ്രീലേഖ രാജിവെച്ച വിവരം അറിഞ്ഞത് വാർത്തകളിലൂടെയാണ് എന്നായിരുന്നു മേയർ വി വി രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും പ്രതികരിച്ചത്. ശ്രീലേഖയുടെ രാജിയോടെ ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം നടത്തുന്ന ബിജെപിയെ സംബന്ധിച്ച് ശ്രീലേഖയുടെ രാജി വൻതിരിച്ചടിയാണ്. ആകെയുള്ള 101 വാർഡുകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 50 വാർഡുകളിലാണ് ബിജെപി വിജയിച്ചത്. സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ്റെ പിന്തുണയോടെയാണ് തിരുവനന്തപുരത്ത് ബിജെപി ഭരണം സ്വന്തമാക്കിയത്.
2024ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം ഡിവിഷനിൽ നിന്നായിരുന്നു ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മേയർ സ്ഥാനാർത്ഥി എന്ന നിലയിലായിരുന്നു മത്സരസമയത്ത് ആർ ശ്രീലേഖയെ ഉയർത്തിക്കാണിച്ചിരുന്നത്. എന്നാൽ ബിജെപിക്ക് ഭരണം ലഭിച്ചതോടെ വി വി രാജേഷിനെയാണ് ബിജെപി മേയർ സ്ഥാനത്തേയ്ക്ക് നിയോഗിച്ചത്. മേയർ സ്ഥാനത്തേയ്ക്ക് പരിഗണിക്കാത്തതിലുള്ള അതൃപ്തി ശ്രീലേഖ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlights: BJP leader R Sreelekha has resigned from her position as a councillor of the Thiruvananthapuram Corporation.