യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കേസ് അഡ്ജസ്റ്റ് ചെയ്തത് വ്യക്തമായ ഡീല്‍; സര്‍ക്കാരിനെതിരെ എം വിജിന്‍

ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താലും പൊലീസ് അവരെ സ്റ്റേഷനിലേക്ക് വിളിച്ച് ചായ നല്‍കി വിട്ടയക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിജിന്‍ പറഞ്ഞു

ന്യൂഡല്‍ഹി: കേരളത്തില്‍ കേസ് എങ്ങനെ എടുക്കണം എന്ന് തീരുമാനിക്കുന്നത് നരേന്ദ്രമോദിയും ബിജെപിയുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ എംഎല്‍എ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. കാഞ്ഞങ്ങാട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഒരു ലിസ്റ്റ് കൊടുക്കുമ്പോള്‍ അത് ചെയ്തു കൊള്ളാമേ എന്ന് പറയുകയാണ് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും. ബിജെപി- കോണ്‍ഗ്രസ് ധാരണയെന്ന് വീണ്ടും തെളിഞ്ഞു. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കേസ് അഡ്ജസ്റ്റ് ചെയ്തു. സ്റ്റേഷനില്‍ വരണമെന്നും ഒന്ന് ഒപ്പിട്ടു പോയാല്‍ മതിയെന്നും പൊലീസ് യുവമോര്‍ച്ചയോട് അഭ്യര്‍ത്ഥിച്ചെന്നും വിജിന്‍ കുറ്റപ്പെടുത്തി. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താലും പൊലീസ് അവരെ സ്റ്റേഷനിലേക്ക് വിളിച്ച് ചായ നല്‍കി വിട്ടയക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിന് പിന്നില്‍ വ്യക്തമായ ഡീലാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസും വീടുകയറി അറസ്റ്റും നടക്കുന്നു. കേസെടുത്താലും തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും പ്രതിഷേധം തുടരുമെന്നും എം വിജിന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഒ ജെ ജനീഷിനെതിരായ വാഴ പ്രതിഷേധം മന്ത്രിക്ക് നിലപാട് ഇല്ലാത്തത് തുറന്നുകാട്ടാനായിരുന്നെന്ന് എംഎല്‍എ പറഞ്ഞു. പല സമയത്ത് പല നിലപാടാണ് മന്ത്രിക്കുള്ളത്. അമിത് ഷാക്കെതിരായ പോസ്റ്റ് പിന്‍വലിച്ചത് മന്ത്രിയുെട നിലപാട് ഇല്ലായ്മ വെളിവാക്കുന്നതാണ്. താമര ചിഹ്നത്തിലല്ലല്ലോ ജനീഷ് മത്സരിച്ച് ജയിച്ചതെന്ന് ചോദിച്ച അദ്ദേഹം മന്ത്രിക്ക് രാഷ്ട്രീയ നിലപാടും രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടാകണമെന്നും കുറ്റപ്പെടുത്തി. കെ എം ഷാജിയെ വഴിയില്‍ തടഞ്ഞ യുവമോര്‍ച്ച പ്രതിഷേധത്തെക്കുറിച്ചുള്ള ഷാജിയുടെ പ്രസ്താവന അപകടകരമാണെന്ന് വിജിന്‍ ചൂണ്ടിക്കാട്ടി. കെ എം ഷാജിയും ബിജെപിയും ഒറ്റക്കെട്ടാണ്. ബിജെപിക്കാര്‍ പാവങ്ങളാണെന്നുള്ള രീതിയിലാണ് മന്ത്രി പ്രതികരണം നടത്തിയത്. മന്ത്രിക്കെതിരെ ഉണ്ടായത് വലിയ സുരക്ഷാ ഭീഷണിയാണെന്നും വിജിന്‍ പറഞ്ഞു. സഹപ്രവര്‍ത്തകരായി സര്‍ക്കാരിനോട് തോളോട് തോള്‍ ചേര്‍ന്ന് പോകുന്നത് കൊണ്ടാകാം മൃദു സമീപനം ബിജെപിയോട് സ്വീകരിക്കുന്നത്. ഡിവൈഎഫ്‌ഐക്കാര്‍ ചെയ്തിരുന്നെങ്കില്‍ മന്ത്രിക്ക് മറ്റൊരു നിലപാടായിരുന്നേനെയെന്നും ബിജെപിയെ തലോടുകയും ഡിവൈഎഫ്‌ഐയെ വേട്ടയാടുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വിമര്‍ശനമുയര്‍ത്തി.

യുവമോര്‍ച്ച പ്രതിഷേധിച്ചാല്‍ ആഹാ… ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചാല്‍ ഓഹോ… എന്ന നിലപാടാണ് സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെന്ന് സിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമും കുറ്റപ്പെടുത്തി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചാലുടന്‍ കേസെടുക്കുന്ന സമീപനമാണ് കേരളത്തിലുള്ളത്. ബിജെപിയോട് യുഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്ന മൃദുസമീപനം പകല്‍പോലെ വ്യക്തമാണ്. മന്ത്രിക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായപ്പോള്‍ അദ്ദേഹം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കേണ്ടിവന്നത് ഗൗരവമുള്ള വിഷയമാണ്. ക്യാബിനറ്റ് മന്ത്രിയുടെ സുരക്ഷയും യാത്രയും സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. ബിജെപിക്കെതിരെ മുഖ്യമന്ത്രി ഒരു അക്ഷരം പോലും പറയുന്നില്ലെന്നും ചിന്ത ചൂണ്ടിക്കാട്ടി. ഇന്നത്തെ യുഡിഎഫ്, നാളത്തെ ബിജെപി എന്ന രാഷ്ട്രീയ സാഹചര്യം മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പിന്നീട് ബിജെപി മുഖ്യമന്ത്രിമാരായതും ബിജെപിയുടെ ഉന്നത നേതാക്കളായതുമായ ഉദാഹരണങ്ങള്‍ രാജ്യത്തുണ്ട്. അതേ സാഹചര്യം കേരളത്തിലും ആവര്‍ത്തിക്കാനാണോ ഈ രാഷ്ട്രീയ യാത്രയെന്നാണ് ആശങ്കയെന്നും അവര്‍ പറഞ്ഞു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നിയമനടപടിയും ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യവും എന്ന നിലയാണ് കാസര്‍കോട് സംഭവത്തില്‍ ഉണ്ടായത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ജനാധിപത്യവിരുദ്ധമായി കൈകാര്യം ചെയ്യുമ്പോള്‍ ബിജെപി പ്രവര്‍ത്തകരോട് വാത്സല്യവും കരുണയുമാണ് സര്‍ക്കാരിനെന്നായിരുന്നു ചിന്തയുടെ വിമര്‍ശനം. ബിജെപിയുടെ സ്‌പോണ്‍സര്‍മാര്‍ക്ക് കേരള സര്‍ക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ? ബിജെപിയുടെ കോര്‍പ്പറേറ്റ് ബന്ധങ്ങളെക്കുറിച്ച് അറിയാമെന്നും, അവരില്‍ ആരെങ്കിലും യുഡിഎഫ് സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ചിന്ത ചോദിച്ചു. ആ ബന്ധം കൊണ്ടാണോ ബിജെപിക്കെതിരെ നടപടിയെടുക്കാനും നിലപാട് പറയാനും സര്‍ക്കാരിന് കഴിയാത്തതെന്നും ചിന്ത റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Content Highlights: DYFI state secretary and MLA M Vijin criticised the police over the case registered against DYFI workers in Kanhangad under non-bailable sections. Vijin alleged that BJP workers receive different treatment from police and claimed that political intervention is influencing case registration and follow-up action. He said DYFI would continue its protests despite the cases.

To advertise here,contact us