കൊല്ലം: കൊല്ലത്ത് പ്രതിഷേധത്തിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് ബോർഡ് കീറിയതിൽ പരാതി നൽകി എസ്എഫ്ഐ. ഫ്ലക്സ് ബോർഡ് നശിപ്പിച്ച ആൾക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. മുൻ എസ്എഫ്ഐ പ്രവർത്തകനാണ് ഫ്ലക്സ് നശിപ്പിച്ചതെന്ന കെഎസ്യു ജില്ലാ പ്രസിഡന്റിന്റെ പോസ്റ്റിന് പിന്നാലെയാണ് എസ്എഫ്ഐ പരാതി നൽകിയത്.
അതേസമയം, ഫ്ലക്സ് കീറിയ അക്ബർ ഷാ റിപ്പോർട്ടറിനോട് പ്രതികരിച്ചു. താൻ പഴയ എസ്എഫ്ഐക്കാരനാണെന്നും കോൺഗ്രസ് ഫ്ലക്സ് ആണെന്ന് കരുതിയാണ് കീറിയതെന്നുമായിരുന്നു അക്ബർ ഷാ പറഞ്ഞത്. എസ്എഫ്ഐ പ്രകടനത്തിൽ കൂടെ ചേർന്നതാണ്. സംഭവിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും അക്ബർ ഷാ പറഞ്ഞു.
എന്നാൽ പണ്ട് എസ്എഫ്ഐയുടെ കൊടി പിടിച്ചെന്നു കരുതി ഇന്നും എസ്എഫ്ഐ മെമ്പർ എന്ന് പറയാൻ കഴിയുമോ എന്നാണ് കെഎസ്യുവിന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് നൽകിയ മറുപടി. അക്ബർ ഷാ കിളിക്കൊല്ലൂർ ലോക്കൽ കമ്മിറ്റി മുൻ എസ്എഫ്ഐ ജോയിന്റ് സെക്രട്ടറിയെന്നാണ് കെഎസ്യു പറയുന്നത്. അക്ബർ ഷാ എസ്എഫ്ഐ പ്രവർത്തകനെന്ന് തെളിയിക്കുന്ന പോസ്റ്റർ ഇന്നലെ കെഎസ്യു പുറത്തുവിട്ടിരുന്നു. ഇതിനാണ് എസ്എഫ്ഐയുടെ മറുപടി.
തലസ്ഥാനത്തെ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലം നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെയാണ് ഹെഡ് പോസ്റ്റോഫീസിന് സമീപം സ്ഥാപിച്ചിരുന്ന കോടിയേരിയുടെ അനുസ്മരണവുമായി ബന്ധപ്പെട്ട ഫ്ലക്സ് തകര്‍ത്തത്. മാര്‍ച്ച് ചെയ്തുവരുന്ന പ്രവര്ത്തകന് കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ച് ഫ്ലക്സ് വലിച്ചുകീറുകയായിരുന്നു.
Content Highlights: kollam protest kodiyeri balakrishnan flex board damaged sfI files complaint