'ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി'; കന്റോൺമെന്റ് എസ്‌ഐ ഗോകുൽ ഗോപനെതിരെ പരാതി നൽകി SFI ജില്ലാ സെക്രട്ടറി നന്ദൻ

അതിനിടെ ഗോകുല്‍ ഗോപനെ പിന്തുണച്ച് കെഎസ്‌യു നേതാവ് രംഗത്തെത്തി

തിരുവനന്തപുരം: കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കി എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദന്‍. കന്റോണ്‍മെന്റ് എസ്‌ഐ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി നന്ദന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന നരനായാട്ടിന് നേതൃത്വം നല്‍കുന്നത് എസ്‌ഐ ഗോകുലാണ്. ഗോകുലിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണം വേണമെന്നും നന്ദന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

നന്ദനെ അങ്ങോട്ട് ഫോണില്‍ വിളിച്ചായിരുന്നു എസ്‌ഐ ഗോകുല്‍ ഭീഷണിപ്പെടുത്തിയത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വാര്‍ത്താസമ്മേളനത്തിലായിരുന്നു എസ്‌ഐ ഗോകുല്‍ നന്ദനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ടത്. ഇപ്പോള്‍ നിങ്ങള്‍ ഒരു മാര്‍ച്ച് നടത്തി കഴിഞ്ഞാല്‍ തങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ കയറുമെന്നും നീ എവിടെയാണ് ഇരിക്കുന്നതെന്ന് തങ്ങള്‍ക്ക് അറിയാമെന്നുമായിരുന്നു ഗോകുല്‍ പറഞ്ഞത്. പേട്ടയില്‍ തങ്ങള്‍ ആളെ നിര്‍ത്തിയിട്ടുണ്ടെന്നും ഗോകുല്‍ പറഞ്ഞിരുന്നു. കേരള പൊലീസിന്റെ ഭാഗമായ നിങ്ങള്‍ ഇങ്ങനെയാണോ സംസാരിക്കുന്നതെന്ന് നന്ദന്‍ തിരിച്ച് ചോദിച്ചിരുന്നു. ഭീഷണി സംഭാഷണം പുറത്തുവന്നതിന് പിന്നാലെ എസ്‌ഐ ഗോകുലിനെ കമ്മീഷണര്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. എഡിജിപി സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

നേരത്തെ യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ നടന്ന സംഘര്‍ഷങ്ങളുടെ ഭാഗമായി പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിനിടെ കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപന്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചത് വിവാദമായിരുന്നു. വിഷയത്തില്‍ എസ്എഫ്‌ഐ പരാതി നല്‍കിയിരുന്നു. ഗോകുല്‍ ഗോപനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്എഫ്‌ഐ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയായിരുന്നു എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തുന്ന ഗോകുല്‍ ഗോപന്റെ ഓഡിയോ പുറത്തുവന്നത്.

അതിനിടെ ഗോകുല്‍ ഗോപനെ പിന്തുണച്ച് കെഎസ്‌യു നേതാവ് രംഗത്തെത്തി. കെഎസ്‌യു കോട്ടയം ജില്ലാ അധ്യക്ഷന്‍ കെ എന്‍ നൈസാം ആണ് ഗോകുലിനെ പിന്തുണച്ച് രംഗത്തെത്തിയത്. 'ആണൊരുത്തന്‍' എന്ന ക്യാപ്ഷനോടെ ഗോകുല്‍ ഗോപൻ്റെ ഫോട്ടോ നൈസാം ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയായിരുന്നു.

Content Highlights- SFI district secretary Nandan has filed a complaint against Cantonment SI Gokul Gopan, alleging that the officer threatened him over the phone.

To advertise here,contact us