വര്‍ഗീയ വലതുപക്ഷ ഭരണത്തിന്റെ തണലില്‍ കെഎസ്‌യു അക്രമം നടത്തുന്നു; വിമര്‍ശനവുമായി പി ജയരാജന്‍

തിരുവനന്തപുരത്തെ ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ മന്ത്രിയും വടകര എംപിയും ചേര്‍ന്നാണെന്ന് ജയരാജന്‍ പറഞ്ഞു

കോട്ടയം: യുഡിഎഫിന് വോട്ട് ചെയ്ത ആളുകള്‍ ഇപ്പോള്‍ വലിയ നിരാശയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജന്‍. മധുവിധുകാലത്ത് തന്നെ തമ്മിലടിയും ബഹളവും ആയിരിക്കുന്നു എന്നാണ് ജനങ്ങള്‍ തിരിച്ചറിയുന്നതെന്ന് അദ്ദേവം വിമര്‍ശിച്ചു. ഐക്യ ജനാധിപത്യമുന്നണിയില്‍ ഐക്യമില്ലെന്ന് മാത്രമല്ല മൂന്നു മാസം കൊണ്ട് തന്നെ തമ്മിലടി തുടങ്ങി. നാലാം മാസം ആകുമ്പോള്‍ തമ്മിലടി തെരുവിലെത്തിയിരിക്കുകയാണ്. യുഡിഎഫ് കണ്‍വീനര്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി പ്രതികരിക്കുന്ന നിലയാണുണ്ടായത്. വോട്ട് ചെയ്ത ജനങ്ങള്‍ വലിയ അമര്‍ഷത്തിലാണ്. തങ്ങള്‍ക്ക് പറ്റിയ തെറ്റ് തിരുത്തണമെന്ന് ജനം ചിന്തിക്കുന്നതിന്റെ തെളിവാണ് തദ്ദേശ ഉപതെരഞ്ഞടുപ്പ് ഫലമെന്നും പി ജയരാജന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ക്യാമ്പസുകളിലെ എസ്എഫ്‌ഐയുടെ വിജയം പുതുതലമുറയ്ക്ക് ഇടതുപക്ഷത്തോടും വര്‍ഗീയ വലതുപക്ഷത്തോടുമുള്ള സമീപനം വെളിവാക്കുന്നതാണെന്ന് ജയരാജന്‍ വിശദീകരിച്ചു. എന്നാല്‍ വര്‍ഗീയ വലതുപക്ഷ ഭരണത്തിന്റെ തണലില്‍ കെഎസ്‌യു അക്രമം നടത്തുന്നു. കാവിവല്‍ക്കരണ അജണ്ടകള്‍ക്ക് സതീശന്റെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. കെഎസ്‌യുവിന്റെ ആക്രമണത്തിന്റെ ഏറ്റവും വലിയ തെളിവാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായത്. ഭരണത്തില്‍ ഇരിക്കുന്ന പാര്‍ട്ടി തന്നെ അക്രമത്തിന് പ്രോത്സാഹനം നല്‍കുന്നു. എന്നാല്‍ സംഘപരിവാരത്തിന്റെ പ്രതിഷേധത്തോട് മന്ത്രിമാര്‍ക്ക് എതിര്‍പ്പില്ലെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്തെ ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ മന്ത്രിയും വടകര എംപിയും ചേര്‍ന്നാണ്. മോദിക്ക് പഠിക്കുന്ന സതീശന്റെ ഭരണത്തെ വരച്ച വരയില്‍ നിര്‍ത്താന്‍ കേരളത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ അവര്‍ക്ക് പറ്റിയ തെറ്റ് തിരുത്താന്‍ തുടങ്ങിയിരിക്കുകയാണ്. മുരളീധരന്‍ ആരോഗ്യ വകുപ്പ് ചോദിച്ചു വാങ്ങിയത് കോര്‍പ്പറേറ്റുകള്‍ക്ക് ആരോഗ്യവകുപ്പ് വില്‍ക്കാനാണെന്നും ജയരാജന്‍ ആരോപിച്ചു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ കേരളത്തിലെ ആരോഗ്യ മേഖലയെ കയ്യടക്കുന്നു. കേരളത്തില്‍ കിങ്ങിണിക്കുട്ടന്‍ ആരോഗ്യ മന്ത്രി ആയതോടുകൂടി കോര്‍പ്പറേറ്റുകള്‍ വലിയ സന്തോഷത്തിലാണെന്നായിരുന്നു മുരളീധരനെതിരായ പരിഹാസം. സംഘപരിവാറിനെ വെറുപ്പിക്കാതെ കേരളത്തില്‍ ഭരണം നടത്തുക എന്നതാണ് സതീശന്റെ അജണ്ടയെന്നും അദ്ദേഹം വിമർശിച്ചു.

Content Highlights: CPM state secretariat member P Jayarajan said UDF voters are experiencing disappointment and claimed that differences within the front have surfaced within months of the government taking office. He pointed to public statements by UDF leaders and recent local body bypoll results, saying they indicate growing dissatisfaction among voters.

To advertise here,contact us