കോടിയേരിയുടെ ഫ്ലക്സ് കീറിയ സംഭവം; അക്ബർ ഷാ കിളിക്കൊല്ലൂരിലെ മുൻ എസ്എഫ്ഐ ജോയിന്റ് സെക്രട്ടറിയെന്ന് കെഎസ്‌യു

അക്ബർ ഷാ എസ്എഫ്ഐ പ്രവർത്തകനെന്ന് തെളിയിക്കുന്ന പോസ്റ്റർ കെഎസ്‌യു പുറത്തുവിട്ടു

കൊല്ലം: കൊല്ലത്ത് എസ്എഫ്ഐ പ്രതിഷേധത്തിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് കീറിയ അക്ബർ ഷാ തങ്ങളുടെ പ്രവർത്തകനല്ലെന്ന എസ്എഫ്ഐ വാദം തള്ളി കെഎസ്‌യു. അക്ബർ ഷാ കിളിക്കൊല്ലൂർ ലോക്കൽ കമ്മിറ്റി മുൻ എസ്എഫ്ഐ ജോയിന്റ് സെക്രട്ടറിയെന്നാണ് കെഎസ്‌യു പറയുന്നത്. അക്ബർ ഷാ എസ്എഫ്ഐ പ്രവർത്തകനെന്ന് തെളിയിക്കുന്ന പോസ്റ്റർ കെഎസ്‌യു പുറത്തുവിട്ടു.

തലസ്ഥാനത്തെ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലം നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെയാണ് ഹെഡ് പോസ്റ്റോഫീസിന് സമീപം സ്ഥാപിച്ചിരുന്ന കോടിയേരിയുടെ അനുസ്മരണവുമായി ബന്ധപ്പെട്ട ഫ്ലക്‌സ് തകര്‍ത്തത്. മാര്‍ച്ച് ചെയ്തുവരുന്ന പ്രവര്‍ത്തകന്‍ കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ച് ഫ്ലക്‌സ് വലിച്ചുകീറുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് എസ്എന്‍ കോളേജ് ജംഗ്ഷനില്‍ നിന്നാണ് എസ്എഫ്‌ഐ പ്രകടനം ആരംഭിച്ചത്.

പിന്നാലെ കടുത്ത അതൃപ്തി അറിയിച്ച് സിപിഐഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. ഗുരുതര വീഴ്ചയാണ് സംഘടനയ്ക്ക് ഉണ്ടായതെന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടിയാണെന്നും സിപിഐഎം വിലയിരുത്തി. എന്നാൽ ഫ്ലക്‌സ് കീറിയ ആള്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എസ്എഫ്‌ഐ ജില്ലാ നേതൃത്വം. ഇയാള്‍ എസ്എഫ്‌ഐയിലോ ഡിവൈഎഫ്‌ഐയിലോ പ്രാഥമിക അംഗത്വം ഇല്ലാത്തയാളാണെന്നും എസ്എഫ്‌ഐ വ്യക്തമാക്കിയിരുന്നു.

Content Highlights: kodiyeri balakrishnan flex damage ksu rejects sfi explanation

To advertise here,contact us