'അറിയേണ്ട കാര്യം മുഖ്യമന്ത്രിയും KPCCയും അറിയിക്കാറുണ്ട്, ഒരു പരാതിയുമില്ല'; മന്ത്രി കെ മുരളീധരൻ

മുന്‍പ് ഇതേ കാര്യത്തില്‍ പരാതി പറഞ്ഞപ്പോള്‍ എല്ലാവരും തന്നെ വിമര്‍ശിച്ചെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി കെ മുരളീധരന്‍. അറിയേണ്ട കാര്യങ്ങള്‍ എല്ലാം കൃത്യമായി മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. ഇതിൽ തനിക്കിപ്പോൾ പരാതി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. മുന്‍പ് ഇതേ കാര്യത്തില്‍ പരാതി പറഞ്ഞപ്പോള്‍ എല്ലാവരും തന്നെ വിമര്‍ശിച്ചെന്നും അദ്ദേഹം പറഞ്ഞു. 'ഒന്നുമറിയുന്നില്ലെന്ന് പണ്ട് പറഞ്ഞപ്പോള്‍ എന്നെ കൊത്തിപ്പറിച്ചവരാണ് പലരും. പാര്‍ട്ടിക്കകത്ത് കാര്യം പറയണമെന്ന് വലിയ ഉപദേശം ആയിരുന്നു അന്ന്. ഇപ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ എല്ലാം കൃത്യമായി മുഖ്യമന്ത്രി അറിയിക്കാറുണ്ട്. കെപിസിസി അധ്യക്ഷനുമായി നിരന്തരം സംസാരിക്കാറുണ്ട്', മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ഇപ്പോൾ തനിക്കൊരു പരാതിയുമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്‌ഐ സംഘര്‍ഷത്തിലും കെ മുരളീധരന്‍ പ്രതികരിച്ചു. സിപിഐഎം എന്തിനാണ് അമിത് ഷായെ കരിങ്കൊടി കാണിച്ചത്തില്‍ പ്രതിഷേധിക്കുന്നതെന്ന് ചോദിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. ഇവിടെ പ്രശ്‌നം നടക്കുന്നത് യൂത്ത് കോണ്ഡഗ്രസും യുവമോര്‍ച്ചയും തമ്മിലാണ്. സിപിഐഎം എന്തിനാണ് ഇതില്‍ ചാടി വീഴുന്നത് എന്നാണ് മുരളീധരന്‍ ചോദിക്കുന്നത്. അമിത് ഷായെ കരിങ്കൊടി കാണിച്ചത് യൂത്ത് കോണ്‍ഗ്രസാണ്. അതിന്റെ പേരില്‍ കോണ്‍ഗ്രസ് മന്ത്രിമാരെയാണ് ഇവര്‍ കരിങ്കൊടി കാണിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

'കോണ്‍ഗ്രസിന്റെ ഡിസിസി ഓഫീസ് ആക്രമിച്ചതിനാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. അതിന്റെ മേല്‍ സിപിഐഎം കല്ലെടുത്തെറിയുന്നത് എന്തിനാണ്. യൂത്ത്-കോണ്‍ഗ്രസ് യുവമോര്‍ച്ച സംഘര്‍ഷം വന്നാല്‍ തങ്ങള്‍ പുറന്തള്ളി പോകുമോ എന്ന സംശയത്തില്‍ പിണറായി വിജയന്‍ ആസ്രൂത്രണം ചെയ്യുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഞങ്ങൾ കരിങ്കൊടി കാണിക്കുന്നതിന് എതിരല്ല. അതിനെ പൂർണ്ണമായും സ്വാഗതം ചെയ്യും. പക്ഷേ മന്ത്രിമാരെ വഴിയിൽ തടയാനും കാറിൽ നിന്ന് ഇറക്കിവിടാനും ശ്രമിച്ചാൽ സർക്കാർ നടപടി എടുക്കും', മുരളീധരന്‍ പറഞ്ഞു. സിപിഐഎം അഞ്ചു കൊല്ലം കാത്തിരിക്കണമെന്നും ഇപ്പോള്‍ തന്നെ മുഖ്യമന്ത്രിയാകണം എന്ന് പ്രതിപക്ഷ നേതാവ് ആഗ്രഹിച്ചാല്‍ പറ്റുമോയെന്നും കെ മുളരീധരൻ പരിഹസിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഏതാനും മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് യുഡിഎഫ് കണ്‍വീനര്‍ തന്നെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത്. ഇന്നലെയായിരുന്നു അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ തന്റെ അതൃപ്തി വ്യക്തമാക്കിയത്. യുഡിഎഫില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും ചര്‍ച്ചയില്ലാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുഡിഎഫ് യോഗം പോലും വിളിക്കുന്നില്ല. തീരുമാനങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

ഇന്ന് അടൂര്‍ പ്രകാശ് നടത്തിയ പ്രതികരണത്തിലും പറഞ്ഞതില്‍ ഉറച്ചുതന്നെ നില്‍ക്കുകയാണ്. ആരുടേയും പിന്തുണ തേടിയിട്ടില്ലെന്നും പറയേണ്ടത് ഇന്നലെ പറഞ്ഞെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. അനുഭവത്തിന്റെ വെളിച്ചത്തിലുള്ള പ്രതികരണമാണ് നടത്തിയതെന്നും പറയാനുള്ളത് എഐസിസി നേതൃത്വത്തെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു.

Content Highlights: K Muraleedharan has dismissed Adoor Prakash’s criticism over recent UDF appointments, stating that the decisions were taken unanimously.

To advertise here,contact us