കോൺഗ്രസ് നടത്തിയത് ഏകപക്ഷീയമായിട്ടുള്ള ആക്രമണങ്ങളും അഴിഞ്ഞാട്ടവും: ബിജെപി നേതാവ് പി കെ കൃഷ്ണദാസ്

'കെ എം ഷാജിക്കെതിരെ കരിങ്കൊടി കാണിച്ചതിൽ തങ്ങളുടെ ആറ് പ്രവർത്തകർക്കെതിരെ കേസെടുത്തുവെന്നും എന്നാൽ അമിത് ഷാക്കെതിരെ കരിങ്കൊടി കാണിച്ചതിൽ ഒരു നടപടിയുമില്ല'

തിരുവനന്തപുരം: കോൺഗ്രസ് നടത്തിയത് ഏകപക്ഷീയമായിട്ടുള്ള ആക്രമണങ്ങളും അഴിഞ്ഞാട്ടവുമാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ഇതിന് പൊലീസ് പരസ്യമായി കൂട്ട് നിൽക്കുകയാണെന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കി. ആക്രമണങ്ങൾ നടന്നത് പൊലീസിന്റെ സാന്നിധ്യത്തിലാണെന്നും ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിന് നേരെയും ആക്രമണം ഉണ്ടായെന്നും പി കെ കൃഷ്ണദാസ് ചൂണ്ടിക്കാണിച്ചു. ഈ സമയത്ത് പൊലീസ് ഇവിടെ ഉണ്ടായിരുന്നു. നിരവധി പോലീസുകാർ ഓഫീസിന് പുറത്തും അകത്തും ഉണ്ടായിരുന്നു. ഈ സമയത്താണ് ആക്രമണം നടന്നതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.

നെയ്യാറ്റിൻകരയിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ പോയ അനുഭവവും പി കെ കൃഷ്ണദാസ് വിശദീകരിച്ചു. നൂറോളം പൊലീസുകാർ അവിടെയുണ്ടായിരുന്നുവെന്നും തനിക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ പോലീസുകാർ കാണികളെ പോലെ നോക്കി നിന്നുവെന്നും കൃഷ്ണദാസ് വ്യക്തമാക്കി. എന്നാൽ ഈ കേസുകളിൽ ഒന്നും തന്നെ ഗുരുതരമായിട്ടുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്തിട്ടില്ലെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. ഇതുവരെ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസിന്റെ നടപടി ഏകപക്ഷിയമാണെന്നും പി കെ കൃഷ്ണദാസ് കുറ്റപ്പെടുത്തി. ഡിസിസി ഓഫീസിന്റെ ചില്ലിന് കേടുപറ്റിയപ്പോൾ തങ്ങളുടെ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചുവെന്നും കൃഷ്ണദാസ് പറഞ്ഞു. ആ പ്രവർത്തകനെ നഗ്നനായി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ 12 മണിക്കൂർ കടത്തി. അത് മനുഷ്യാവകാശ ലംഘനമാണ്. ബിജെപി നേതാക്കൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തുമ്പോഴാണ് അദ്ദേഹത്തിന് വസ്ത്രങ്ങൾ നൽകിയതെന്നും കൃഷ്ണദാസ് ആരോപിച്ചു. ബിജെപി പ്രവർത്തകരുടെ വീടുകളിൽ പൊലീസ് കയറി ഇറങ്ങുകയാണെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു. അർദ്ധരാത്രിയിൽ ആണ് പോലീസ് വീടുകളിൽ കയറുന്നതെന്നും പ്രവർത്തകരുടെ മാതാപിതാക്കളെ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും പി കെ കൃഷ്ണദാസ് കുറ്റപ്പെടുത്തി.

കെ എം ഷാജിക്കെതിരെ കരിങ്കൊടി കാണിച്ചതിൽ തങ്ങളുടെ ആറ് പ്രവർത്തകർക്കെതിരെ കേസെടുത്തുവെന്നും എന്നാൽ അമിത് ഷാക്കെതിരെ കരിങ്കൊടി കാണിച്ചതിൽ ഒരു നടപടിയുമില്ലെന്നും പി കെ കൃഷ്ണദാസ് കുറ്റപ്പെടുത്തി. കെ എം ഷാജിയുടെ വിലയ്ക്ക് ജീവനുണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ജീവന് വിലയില്ല എന്നാണോ എന്നും കൃഷ്ണദാസ് ചോദിച്ചു. ഇത് ആസൂത്രണപരമായ നീക്കത്തിൻ്റെ ഭാഗമാണെന്നും പി കെ കൃഷ്ണദാസ് കുറ്റപ്പെടുത്തി.

എസ്ഡിപിഐ, പിഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസിന്റെ ആക്രമങ്ങളിൽ പങ്കു ചേർന്നത് മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണോയെന്നും പി കെ കൃഷ്ണദാസ് ചോദിച്ചു. ആഭ്യന്തര മന്ത്രിയുടെ അറിവോടുകൂടിയാണോ ഇതൊക്കെ നടന്നത്. എല്ലാത്തിനും പിന്നിലും വ്യക്തമായ ആസൂത്രണമുണ്ട്. പിഎഫ്ഐ എന്ന തീവ്രവാദ സംഘടനയെ നിരോധിച്ചതാണ് അമിത് ഷാക്കെതിരെയുള്ള വിരോധം. അമിത് ഷായുടെ വാഹനം തടഞ്ഞതിന് പിന്നിൽ അതാണ് കാര്യം. അമിത് ഷായുടെ ജീവനെ അപായപ്പെടുത്താനാണ് ശ്രമിച്ചത്. തീവ്രവാദ സംഘടനകളെ പ്രീതിപ്പെടുത്താൻ ആണ് കോൺഗ്രസ് ശ്രമിച്ചത്. കോൺഗ്രസിന്റെ നിയന്ത്രണം തീവ്രവാദ സംഘടനകൾ ഏറ്റെടുത്തിരിക്കുകയാണെന്നും പി കെ കൃഷ്ണദാസ് കുറ്റപ്പെടുത്തി.

കെപിസിസി അധ്യക്ഷനെ വരെ തീരുമാനിക്കുന്നത് മുസ്ലിം സംഘടനകളാണെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു. യുഡിഎഫ് കൺവീനർ ഇന്നലെ പറഞ്ഞത് കോൺഗ്രസിലെ സാധാരണ പ്രവർത്തകർ നിരാശരാണ് എന്നാണ്. കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിക്കും മുസ്ലിം ലീഗിനും മുസ്ലിം സംഘടനകൾക്കും അടിമപ്പെട്ടു കഴിഞ്ഞു. പൊലീസിന്റെ സഹായത്തോടെ കോൺഗ്രസ്സാണ് സംസ്ഥാനത്ത് വ്യാപകമായി ആക്രമണം നടത്തിയത്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. ബിജെപിയുടെ പ്രതിനിധി സംഘം ഡിജിപിയെ സന്ദർശിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയെന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കി.

Content Highlights: BJP leader P K Krishnadas alleged that the Congress carried out one-sided attacks and violence, criticising the party's alleged political actions

To advertise here,contact us