ആർഎസ്എസിൻ്റെ നാവ് വാടകയ്ക്ക് എടുത്ത് എസ്എഫ്ഐയുടെ മേൽ മുഖ്യമന്ത്രി കുതിര കയറണ്ട: കെ എൻ ബാലഗോപാൽ

സ്വന്തം മന്ത്രിസഭയിലെ ഒരു അംഗത്തെ നടുറോഡിൽ ഔദ്യോഗിക വാഹനത്തിൽനിന്ന് പിടിച്ചിറക്കി അപമാനിച്ച് ഇനി നടന്നുപൊയ്ക്കോളാൻ യുവമോർച്ചക്കാർ കൽപ്പിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഒരു വീര്യവും കണ്ടിരുന്നില്ല

കൊച്ചി: കേരള മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് എസ്എഫ്ഐക്കെതിരെ ഇറക്കിയ പത്രക്കുറിപ്പ് അങ്ങേയറ്റം പരിഹാസ്യമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗം കെ എൻ ബാല​ഗോപാൽ. കോൺഗ്രസ് ഓഫീസുകൾക്കുനേരെ ബിജെപി നടത്തിയ അക്രമം മറച്ചുവയ്ക്കാനും സർക്കാരിനെതിരായ ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാനും മാധ്യമശ്രദ്ധ തിരിച്ചു വിടേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമായിരുന്നുവെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. സ്വന്തം മന്ത്രിസഭയിലെ ഒരു അംഗത്തെ നടുറോഡിൽ ഔദ്യോഗിക വാഹനത്തിൽനിന്ന് പിടിച്ചിറക്കി അപമാനിച്ച് ഇനി നടന്നുപൊയ്ക്കോളാൻ യുവമോർച്ചക്കാർ കൽപ്പിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഒരു വീര്യവും കണ്ടിരുന്നില്ല. നാടിന്റെ ക്രമസമാധാന പാലനം ബിജെപിക്കാർ ഏറ്റെടുക്കുന്നത് ജനം ചർച്ച ചെയ്യാതിരിക്കാൻ എസ്എഫ്ഐ പ്രവർത്തകരുടെമേൽ കുതിരകയറി മാധ്യമ ശ്രദ്ധ തിരിച്ചുവിടാനുള്ള കെഎസ്‌യു-യൂത്ത് കോൺഗ്രസ്‌ നിലവാരത്തിലുള്ള കുതന്ത്രമാണ് മുഖ്യമന്ത്രി പ്രയോഗിക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെ എൻ ബാല​ഗോപാൽ കുറ്റപ്പെടുത്തി.

മണിക്കൂറുകൾ നീളുന്ന പവർകട്ടും സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമവും മന്ത്രിമാരുടെ ആഡംബര യാത്രകളും സ്പോൺസേഡ് ജീവിതവും ധൂർത്തും അഴിമതിയും ഭരണ പരാജയവും മൂലം ജനം സർക്കാരിനെ കൊണ്ട് പൊറുതി മുട്ടിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ പ്രതിഫലനമായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. അഴിമതിയും ഭരണപരാജയവും ചർച്ച ചെയ്യാതിരിക്കാൻ കൂടിയാണ് യൂത്ത് കോൺഗ്രസ് ക്രിമിനലുകളെ അഴിച്ചുവിട്ട് മുഖ്യമന്ത്രി കേരളത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും കെ എൻ ബാല​ഗോപാൽ കുറ്റപ്പെടുത്തി.

മന്ത്രിസഭയിലെ സ്വന്തം സഹപ്രവർത്തകനും യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ വ്യക്തി ബിജെപിയെ വിമർശിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചു എന്ന് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട്‌ ചെയ്തിരുന്നു. അതായത് ആർഎസ്എസിനെതിരെ സ്വന്തം മന്ത്രി പറഞ്ഞാൽ പോലും സതീശൻ അത് അനുവദിക്കില്ല എന്ന് സാരം. യഥാർത്ഥത്തിൽ മൂന്ന് എംഎൽഎമാരെ കൊണ്ട് ആർഎസ്എസ് കേരളം ഭരിക്കുകയാണ്. സമീപകാല രാഷ്ട്രീയം ശ്രദ്ധിക്കുന്നവർക്ക് അത് മനസ്സിലാകും. ആർഎസ്എസിന്റെ നാവ് വാടകയ്ക്ക് എടുത്ത് എസ്എഫ്ഐയുടെ മേൽ മുഖ്യമന്ത്രി കുതിര കയറണ്ടെന്നും കെ എൻ ബാല​ഗോപാൽ മുന്നറിയിപ്പ് നൽകി.

കെ എൻ ബാലഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

കേരള മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് എസ് എഫ് ഐ ക്കെതിരെ ഇറക്കിയ പത്രക്കുറിപ്പ് അങ്ങേയറ്റം പരിഹാസ്യമാണ്. കോൺഗ്രസ് ഓഫീസുകൾക്കുനേരെ ബിജെപി നടത്തിയ അക്രമം മറച്ചുവയ്ക്കാനും സർക്കാരിനെതിരായ ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാനും മാധ്യമശ്രദ്ധ തിരിച്ചു വിടേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമായിരുന്നു. സ്വന്തം മന്ത്രിസഭയിലെ ഒരു അംഗത്തെ നടുറോഡിൽ ഔദ്യോഗിക വാഹനത്തിൽനിന്ന് പിടിച്ചിറക്കി അപമാനിച്ച്, ഇനി നടന്നുപൊയ്ക്കോളാൻ യുവമോർച്ചക്കാർ കൽപ്പിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഒരു വീര്യവും കണ്ടിരുന്നില്ല. നാടിന്റെ ക്രമസമാധാന പാലനം ബിജെപിക്കാർ ഏറ്റെടുക്കുന്നത് ജനം ചർച്ച ചെയ്യാതിരിക്കാൻ എസ്എഫ്ഐ പ്രവർത്തകരുടെമേൽ കുതിരകയറി മാധ്യമ ശ്രദ്ധ തിരിച്ചുവിടാനുള്ള കെ എസ് യു - യൂത്ത് കോൺഗ്രസ്‌ നിലവാരത്തിലുള്ള കുതന്ത്രമാണ് മുഖ്യമന്ത്രി പ്രയോഗിക്കുന്നത്.

മണിക്കൂറുകൾ നീളുന്ന പവർകട്ടും സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമവും മന്ത്രിമാരുടെ ആഡംബര യാത്രകളും സ്പോൺസേഡ് ജീവിതവും ധൂർത്തും അഴിമതിയും ഭരണ പരാജയവും മൂലം ജനം സർക്കാരിനെ കൊണ്ട് പൊറുതി മുട്ടിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ പ്രതിഫലനമായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. അഴിമതിയും ഭരണപരാജയവും ചർച്ച ചെയ്യാതിരിക്കാൻ കൂടിയാണ് യൂത്ത് കോൺഗ്രസ് ക്രിമിനലുകളെ അഴിച്ചുവിട്ട് മുഖ്യമന്ത്രി കേരളത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്.

മന്ത്രിസഭയിലെ സ്വന്തം സഹപ്രവർത്തകനും യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ വ്യക്തി ബിജെപിയെ വിമർശിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചു എന്ന് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട്‌ ചെയ്തിരുന്നു. അതായത് ആർഎസ്എസിനെതിരെ സ്വന്തം മന്ത്രി പറഞ്ഞാൽ പോലും സതീശൻ അത് അനുവദിക്കില്ല എന്ന് സാരം. യഥാർത്ഥത്തിൽ മൂന്ന് എംഎൽഎമാരെ കൊണ്ട് ആർഎസ്എസ് കേരളം ഭരിക്കുകയാണ്. സമീപകാല രാഷ്ട്രീയം ശ്രദ്ധിക്കുന്നവർക്ക് അത് മനസ്സിലാകും.

ആർഎസ്എസിന്റെ നാവ് വാടകയ്ക്ക് എടുത്ത് എസ്എഫ്ഐയുടെ മേൽ മുഖ്യമന്ത്രി കുതിര കയറണ്ട.

Content Highlights: CPI(M) leader KN Balagopal criticises the Chief Minister over his remarks against SFI and says the Chief Minister should not target SFI by echoing the RSS narrative

To advertise here,contact us