‘പൊലീസ് തീക്കളിയാണ് കളിക്കുന്നത്’; യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘർഷത്തിൽ പ്രതിഷേധിച്ച് വി ജോയ്

വിദ്യാര്‍ത്ഥികളെ മൃഗീയമായാണ് മര്‍ദിച്ചത്. രമേശ് ചെന്നിത്തലയുടെ പൊലീസ് കാടത്തമാണ് കാണിക്കുന്നതെന്ന് വി ജോയി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘർഷത്തിൽ പൊലീസ് തീക്കളിയാണ് കളിക്കുന്നതെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. ഹോസ്റ്റലിന് അകത്ത് പൊലീസ് കയറിയത് ഒരു കാലത്തും ഉണ്ടാകാത്ത കാര്യമാണെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. 'ഒരു വിഷയമുണ്ടങ്കില്‍ സംസാരിച്ച് തീര്‍പ്പാക്കുന്നതിന് പകരം അക്രമം അഴിച്ചുവിടുകയാണ്. വിദ്യാര്‍ത്ഥികളെ മൃഗീയമായാണ് മര്‍ദിച്ചത്. രമേശ് ചെന്നിത്തലയുടെ പൊലീസ് കാടത്തമാണ് കാണിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയടക്കമുള്ളവരെ മര്‍ദ്ദിച്ചു. ഇതിന് പകരം ചോദിക്കും. ഭരണകക്ഷിയാണെന്ന് കരുതി എന്തും കാണിക്കാമെന്നാണോ പൊലീസ് കരുതുന്നതെന്നും ഇത്തരത്തില്‍ അക്രമികളെ ഇറക്കി തിരുവനന്തപുരത്ത് എസ്എഫ്‌ഐയെ നേരിടാമെന്നാണ് പൊലീസ് കരുതുന്നതെങ്കില്‍ അത് നടക്കില്ലെന്നും വി ജോയ് പറഞ്ഞു. ജനഹിതം സര്‍ക്കാരിനെതിരാ'ണെന്നും വി ജോയ് പറഞ്ഞു. പൊലീസ് തീക്കളിയാണ് കളിക്കുന്നത്. ഞങ്ങളാല്‍ ചെയ്യാനാകുന്നത് പകരം ചെയ്യുമെന്നും വി ജോയ് പ്രതികരിച്ചു.

യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ വിദ്യാർത്ഥികളും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഹോസ്റ്റലിൽ കയറിയ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയതാണ് സിപിഐഎം നേതാക്കളുടെ പ്രതിഷേധത്തിന് കാരണം. നിരവധി വിദ്യാർത്ഥികൾക്കാണ് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റത്. യൂത്ത് കോൺ​ഗ്രസ് നടത്തിയ റസിസ്റ്റൻസ് മാർച്ചിനിടെയായിരുന്നു സംഘർഷം. യൂത്ത് കോൺ​ഗ്രസ് മാർച്ചിനിടെ ഹോസ്റ്റലിൽ നിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘർഷത്തിന് കാരണമെന്നാണ് യൂത്ത് കോൺ​ഗ്രസ് ആരോപിക്കുന്നത്. എന്നാൽ യൂത്ത് കോൺ​ഗ്രസുകാരാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് ഹോസ്റ്റൽ വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പ്രവർത്തർ ഹോസ്റ്റൽ വളപ്പിലേയ്ക്ക് പന്തം എറിയുകയും വിദ്യാർത്ഥികൾ കല്ലെറിയുകയും ചെയ്തതാണ് സംഘർത്തിന് കാരണമായത്. പിന്നാലെ കോളേജ് കാമ്പസിൽ കടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തർ കോളേജിൽ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോർഡുകളും നശിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഘർഷം രൂക്ഷമാകുകയായിരുന്നു. ഇതേ തുടർന്നായിരുന്നു പൊലീസ് ഹോസ്റ്റലിൽ പ്രവേശിച്ചതും വിദ്യാർത്ഥികളെ ലാത്തിച്ചാർജ്ജ് ചെയ്തതും

Content Highlights: V Joy criticised the police action at the Thiruvananthapuram University hostel, alleging that SFI activists were assaulted and warning of a strong political response

To advertise here,contact us