കൊച്ചി: ജെയിന് യൂണിവേഴ്സ്റ്റി ചെയര്മാന് ടോം ജോസഫിന്റെ കെഎഎസ്ഇ ഡയറക്ടര്‍ സ്ഥാനത്ത് നിന്നുള്ള രാജിയില്‍ മന്ത്രി ഷിബു ബേബി ജോണ്‍ തീരുമാനം എടുക്കുമോ എന്ന് ആകാംക്ഷ. ശനിയാഴ്ച രാജി കിട്ടിയെന്നും ഉടന്‍ തീരുമാനമെടുക്കുമെന്നുമായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞിരുന്നത്. റിപ്പോര്‍ട്ടറാണ് ടോമിന്റെ ക്രിമിനല്‍ പശ്ചാത്തലം പുറത്തുവിട്ടത്.
അതേസമയം കെഎഎസ്ഇ ഡയറക്ടര്‍ പദവിയില്‍ നിന്ന് ടോം ജോസഫ് രാജിവെക്കേണ്ടതില്ലെന്ന് മന്ത്രിമാര്‍ പറയുന്നത് പൊതു തീരുമാനത്തിന്റെ ഭാഗമായാണെന്ന് സംശയിക്കുന്നതായി കെ എന്‍ ബാലഗോപാല്‍ എംഎല്‍എ ആരോപിച്ചു. ടോം ജോസഫിന്റെ നിയമനവുമായി ബന്ധപ്പെട്ട് ധാര്‍മികമായും സാങ്കേതികമായും പ്രശ്നങ്ങളുണ്ട്. രാജിവെക്കാമെന്ന് ടോം ജോസഫ് പറഞ്ഞാല്‍ മാന്യമായി രാജി സ്വീകരിക്കുകയല്ലേ വേണ്ടത്. ഷിബു ബേബി ജോണ്‍ ജനങ്ങളുടെ മുന്നില്‍ മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം കാണിക്കാന്‍ ശ്രമിക്കണമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
റിപ്പോര്‍ട്ടര്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഗത്യന്തരമില്ലാതെയായിരുന്നു ടോം ജോസഫിന് കെഎഎസ്ഇ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജി സമര്‍പ്പിക്കേണ്ടി വന്നത്. എന്നാല്‍ രാജി കിട്ടിയെങ്കിലും താന്‍ ആ രാജി സ്വീകരിക്കുന്നില്ലെന്നും ആരുടെയെങ്കിലും ഭീഷണിക്ക് വഴങ്ങി രാജി വെക്കേണ്ടതില്ലെന്നുമായിരുന്നു മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നത്. വ്യാജ രേഖ കേസിലെ പ്രതിയായ ടോം ജോസഫിന്റെ തട്ടിപ്പിന്റെ പിന്നാമ്പുറ കഥകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുകൊണ്ടുവന്നിരുന്നു. ഷിബു ബേബി ജോണിന് ജെയിന് യൂണിവേഴ്സിറ്റി ചെയര്മാന് പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് എന്ന പദവി നല്‍കിയിരുന്നു. ഇത് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴായിരുന്നു കെഎഎസ്ഇ ഡയറക്ടറായി സര്‍ക്കാര്‍ ടോം ജോസഫിനെ നിയമിച്ചത്. കൂടാതെ ഷിബു ബേബി ജോണ്‍ ഡയറക്ടറായ 'ജോണ്‍ ആന്റ് മേരി ക്രിയോറ്റീവ്' എന്ന സിനിമ നിര്‍മ്മാണ കമ്പനിയുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദാവീദ് എന്ന ചിത്രവും ടോം ജോസഫ് നിര്മ്മിച്ചിരുന്നെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ അതില്‍ രഹസ്യമൊന്നും ഇല്ലെന്നായിരുന്നു മന്ത്രി പ്രതികരിച്ചിരുന്നത്.
അതേസമയം പരസ്യമായ ഈ ബന്ധം നിലനില്‍ക്കെ തന്നെ ടോമിനെ ആദ്യം കാണുന്നത് റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയാണെന്ന് ഷിബു ബേബി ജോണ്‍ തെറ്റുദ്ധരിപ്പിച്ചതെന്തിന് എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ച ടോം എം ജോസഫ് ഷിബു ബേബി ജോണിനെ കാലങ്ങളായി അറിയാമെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ തനിക്ക് സര്‍ക്കാര്‍ പദവി ഇങ്ങോട്ട് വിളിച്ച് നല്‍കുകയായിരുന്നു എന്നായിരുന്നു ടോം പറഞ്ഞത്. ഇതിനിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണത്തിൽ ടോം ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയെന്നും പിന്നാലെ രാജി വാങ്ങി എന്നും മന്ത്രി പ്രതികരിച്ചിരുന്നു. ഇത്തരത്തില്‍ പരസ്പര വിരുദ്ധമായ പരാമര്‍ശങ്ങളാണ് പല തവണയായി വിഷയത്തില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴും ടോമിന്റെ രാജി സ്വീകരിക്കാന്‍ മന്ത്രി തയ്യാറാകാത്തത് ദുരൂഹമായി തുടരുകയാണ്.
Content Highlights: Attention is on Minister Shibu Baby John’s decision regarding Jain University chairman Tom Joseph’s resignation from the KASE Director post. The minister had said the resignation was received on Saturday and that a decision would be taken soon. K N Balagopal alleged that there are ethical and technical concerns related to the appointment and urged the minister to demonstrate responsibility in deciding on the resignation.