വെടക്കാക്കി തനിക്കാക്കാനുള്ള പണിയാണോ ചെയ്യുന്നതെന്ന് സംശയമുണ്ട്: മരുന്ന് ക്ഷാമത്തിൽ സർക്കാരിനെതിരെ തോമസ് ഐസക്

കോൺ​ഗ്രസ് ഏറ്റവും കൂടുതൽ പണം വാങ്ങിയ മേഖലകളിലൊന്ന് മരുന്ന് കമ്പനികളാണെന്ന് ചൂണ്ടിക്കാണിച്ചാണ് തോമസ് ഐസക്കിൻ്റെ വിമർശനം

കൊച്ചി: സംസ്ഥാനത്ത് മരുന്ന് ക്ഷാമമെന്ന റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അം​ഗം ഡോ. തോമസ് ഐസക്. മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട് വെടക്കാക്കി തനിക്കാക്കാനുള്ള പണിയാണോ ചെയ്യുന്നതെന്ന് സംശയമുണ്ടെന്നായിരുന്നു തോമസ് ഐസക്കിൻ്റെ കുറ്റപ്പെടുത്തൽ. കോൺ​ഗ്രസ് ഏറ്റവും കൂടുതൽ പണം വാങ്ങിയ മേഖലകളിലൊന്ന് മരുന്ന് കമ്പനികളാണെന്ന് ചൂണ്ടിക്കാണിച്ചാണ് തോമസ് ഐസക്കിൻ്റെ വിമർശനം. ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ ഉദ്പാദനത്തിൻ്റെ പകുതിയിലേറെയും രേവന്ത റെഡ്ഡി മുഖ്യമന്ത്രിയായ തെലങ്കാനയിൽ നിന്നായതിനാൽ നന്നായിട്ട് സംഭാവന മേടിച്ചതായും തോമസ് ഐസക്ക് ആരോപിച്ചു. ആ സംഭാവനക്ക് പകരം തിരിച്ച് കൊടുക്കാനുള്ള ഏർപ്പാടുകളും പലവിധ സമ്മർദ്ദങ്ങളും പല സ്ഥലത്ത് നിന്നും ഉണ്ടെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി. അതിനാൽ ഇതൊക്കെ യാദൃശ്ചികമായി തോന്നുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ആരോ​ഗ്യമന്ത്രി മാത്രമല്ല അദ്ദേഹത്തിൻ്റെ ഇന്നത്തെ പ്രൈവറ്റ് സെക്രട്ടറിയായ ഡോക്ടറും കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് പറഞ്ഞ് നടന്നത് എന്താണെന്നും തോമസ് ഐസക് ചോദിച്ചു.

സംസ്ഥാനത്ത് മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ മരുന്ന് ക്ഷാമം എന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ആരോ​ഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ രം​ഗത്ത് വന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മരുന്ന് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആരോ​ഗ്യ വകുപ്പ് മന്ത്രിയും വകുപ്പ് സെക്രട്ടറിയും തമ്മിൽ ഉന്നതതല യോ​ഗത്തിൽ തർക്കമുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മരുന്നുകളുടെ കുറവുണ്ടെന്നും ഇല്ലാത്ത മരുന്നുകള്‍ ഉടന്‍ വാങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടപ്പോൾ മരുന്ന് ക്ഷാമം മാധ്യമ സൃഷ്ടി ആണെന്ന നിലപാടാണ് ആരോ​ഗ്യ സെക്രട്ടറി ശര്‍മിള ദേവി ജോസഫ് സ്വീകരിച്ചത്. ഇല്ലാത്ത മരുന്നുകള്‍ക്കായി ഉടന്‍ ടെണ്ടര്‍ വിളിക്കണമെന്ന് മന്ത്രി നിലപാടെടുത്തപ്പോള്‍ അടുത്ത ആഴ്ച കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ബോര്‍ഡ് കൂടാം എന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.

KMDCLല്‍ 28 മരുന്നുകള്‍ ലഭ്യമല്ലെന്ന് ജനറല്‍ മാനേജര്‍ ഉന്നതതല യോഗത്തിൽ അറിയിച്ചിരുന്നു. ആശുപത്രിയില്‍ സ്റ്റോക്ക് കഴിയാറായതില്‍ ഡിഎംഒമാരും ആശങ്ക അറിയിച്ചിരുന്നു. ഇതിനിടെ കേരള സര്‍വീസ് മെഡിക്കല്‍ കോര്‍പറേഷൻ്റെ ജനറല്‍ മാനേജര്‍ക്ക് മാനേജിങ് ഡയറക്ടറുടെ ചുമതല നല്‍കി ഇന്നലെ ഉത്തരവിറക്കിയിരുന്നു. സ്ഥിരം എംഡി ഇല്ലാത്തതിനാല്‍ നിര്‍ണായകമായ തീരുമാനങ്ങളെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാനത്ത് മരുന്ന് പ്രതിസന്ധിയേ ഇല്ലെന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരന്‍ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് നിലപാട് മയപ്പെടുത്തി ചില മരുന്നുകള്‍ക്ക് ക്ഷാമമുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞ ഇത് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് മന്ത്രിയും സെക്രട്ടറിയും തമ്മില്‍ തര്‍ക്കമുണ്ടായത്. വെയർഹൗസുകളില്‍ മരുന്ന് സ്റ്റോക്ക് ഇല്ല എന്നതടക്കം ഡിഎംഒമാര്‍ യോഗത്തെ അറിയിച്ചിരുന്നു. എന്നാല്‍ മരുന്ന് പ്രതിസന്ധി ഇല്ല എന്ന് സെക്രട്ടറി പറയുമ്പോള്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ടെണ്ടര്‍ നടപടികള്‍ എങ്ങനെ പൂര്‍ത്തിയാക്കും എന്നതടക്കം ആശങ്കയായി നിലനില്‍ക്കുകയാണ്.

Content Highlights: Thomas Isaac questions whether there is an attempt to deliberately worsen the medicine shortage in Kerala and criticises the state government over the crisis.

To advertise here,contact us