'നായാടി മുതൽ നസ്രാണി വരെ എന്ന് പറഞ്ഞ് മുസ്‌ലിങ്ങളെ മാറ്റി നിർത്തുന്നു'; വെള്ളാപ്പള്ളി നടേശനെതിരെ പി ജയരാജൻ

നടേശന്‍ നവോത്ഥാന സമിതി അധ്യക്ഷനാവുകയാണെന്നും പി ജയരാജൻ പറഞ്ഞു

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായിരുന്ന സി കേശവനില്‍ നിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന് പി ജയരാജന്‍ ചോദിച്ചു. നായാടി മുതല്‍ നമ്പൂതിരി വരെ എന്ന് പറഞ്ഞ വെള്ളാപ്പള്ളി ഇപ്പോള്‍ നായാടി മുതല്‍ നസ്രാണി വരെ എന്നാണ് പറയുന്നത്. അപ്പോഴും മുസ്‌ലിങ്ങളെ മാറ്റി നിര്‍ത്തുകയാണ്. നടേശന്‍ നവോത്ഥാന സമിതി അധ്യക്ഷനാവുകയാണ്. പുനരുജ്ജീവന വാദം നടേശന്‍ ഉയര്‍ത്തിയാലും എതിര്‍ക്കുമെന്നും പി ജയരാജന്‍ പറഞ്ഞു. കൊച്ചിയിലായിരുന്നു പി ജയരാജന്റെ പ്രതികരണം.

'വെള്ളാപ്പള്ളി നടേശന്‍ നവോത്ഥാന സമിതിയുടെ അധ്യക്ഷനാവുകയാണ്. മകന്‍ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുള്ള ഒരു പാര്‍ട്ടിയുടെ ഭാഗമാകുകയാണ്. അതിന്റെ സംസ്ഥാന അധ്യക്ഷനാവുകയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ഈഴവ സ്ഥാനാര്‍ത്ഥിയാണെന്ന് ഭാര്യയെക്കൊണ്ട് പ്രഖ്യാപിപ്പിച്ചു', പി ജയരാജൻ പറഞ്ഞു.

എസ്എന്‍ഡിപി മുന്‍ ജനറല്‍ സെക്രട്ടറി സി കേശവനില്‍ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്രയാണെന്ന് ചോദിച്ച പി ജയരാജൻ അത് ചെറിയ ദൂരമല്ലെന്നും പറഞ്ഞു. ജന്തു എന്ന് വിളിച്ചത് ഹിന്ദു എന്നാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന കേശവന്റെ 1935 ലെ പ്രസംഗത്തിന് ശേഷം 2025 ആയപ്പഴേക്കും ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയായിട്ടുള്ള നടേശന്‍ പറയുന്നത് എന്താണ്? നായാടി മുതല്‍ നമ്പൂതിരി മാത്രം പോരാ നായാടി മുതല്‍ നസ്രാണി വരെ യോജിക്കണം എന്നാണ്. മുസ്‌ലിമിനെ ഒഴിവാക്കി നിര്‍ത്തിയിരിക്കുകയാണെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.

Content Highlights- P Jayarajan criticised Vellappally Natesan over remarks concerning Muslims and social groups in Kerala. Jayarajan said Natesan’s reference to “Nayadi to Nasrani” excludes Muslims.

To advertise here,contact us