സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ആറ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിര്‍ദേശങ്ങള്‍

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

അതേസമയം അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ജനങ്ങളെ വലച്ച് വൈദ്യുതി നിയന്ത്രണം വീണ്ടും ആരംഭിച്ചു. കനത്ത ചൂടിനിടെ സംസ്ഥാനത്ത് വീണ്ടും രാത്രികാല വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കെഎസ്ഇബി. രാത്രികാല വൈദ്യുതി ആവശ്യകത ഉയര്‍ന്ന് അയ്യായിരം മെഗാവാട്ടിനോട് അടുത്തെത്തിയതാണ് അപ്രതീക്ഷിത പ്രതിസന്ധിക്ക് കാരണമായത്. ഇന്നും 600 മെഗാവാട്ടിന്റെ കുറവുണ്ടാകുമെങ്കിലും നാളെയോടെ നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുമെന്നുമാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.

Content Highlights: Isolated heavy rain is likely in Kerala, with a yellow alert issued for Pathanamthitta and Idukki districts.

To advertise here,contact us