വീട് ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ സംഭവം; നജീബ് കാന്തപുരം എംഎല്‍എയ്ക്ക് കോടതിയുടെ നോട്ടീസ്

സ്ത്രീകൾ മാത്രമുള്ള കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനുള്ള അധികൃതരുടെ നടപടിയായിരുന്നു നജീബ് കാന്തപുരം എംഎല്‍എ തടഞ്ഞത്

മലപ്പുറം: വീട് ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ സംഭവത്തില്‍ നജീബ് കാന്തപുരം എംഎല്‍എയ്ക്ക് നോട്ടീസ്. കോടതി അലക്ഷ്യത്തില്‍ വിശദീകരണം തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സരിത രവീന്ദ്രനാണ് നോട്ടീസ് അയച്ചത്.

സ്ത്രീകൾ മാത്രമുള്ള കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനുള്ള അധികൃതരുടെ നടപടിയായിരുന്നു നജീബ് കാന്തപുരം എംഎല്‍എ ഇടപെട്ട് തടഞ്ഞത്. പെരിന്തല്‍മണ്ണയിലെ വേങ്ങൂരിലായിരുന്നു സംഭവം. മേലാറ്റൂര്‍ അര്‍ബന്‍ സഹകരണ ബാങ്കില്‍ നിന്ന് അച്ഛന്റെ ചികിത്സയ്ക്കായി 2022ലായിരുന്നു കുടുംബം വീടും സ്ഥലവും ഈടുവെച്ച് അഞ്ച് ലക്ഷം രൂപ വായ്പയെടുത്തത്. ഒരു ലക്ഷത്തോളം കുടുംബം തിരിച്ചടച്ചിരുന്നു. എന്നാല്‍ കുടുംബനാഥന്‍ മരിച്ചതോടെ വായ്പ തിരിച്ചടക്കാനാകാതെ വരികയും വായ്പ തിരിച്ചടവ് മുടങ്ങുകയുമായിരുന്നു.

പിന്നാലെയാണ് ബാങ്ക് അധികൃതരും പൊലീസും അടങ്ങുന്ന സംഘം ജപ്തിക്കായി വീട്ടില്‍ എത്തിയത്. തുടര്‍ന്ന് നജീബ് കാന്തപുരം വിഷയത്തില്‍ ഇടപെടുകയായിരുന്നു. കുടുംബത്തിന്റെ അവസ്ഥ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താന്‍ എംഎല്‍എ ശ്രമിച്ചെങ്കിലും വാക്കേറ്റത്തില്‍ കലാശിക്കുകയും ഉദ്യോഗസ്ഥര്‍ മടങ്ങുകയുമായിരുന്നു.

Content Highlights: A notice has been issued to MLA Najeeb Kanthapuram in connection with an incident involving the alleged obstruction of an advocate commissioner during a house attachment proceeding.

To advertise here,contact us