എംജി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ SFI ക്ക് ഉജ്ജ്വല വിജയം, ആലുവ UC കോളേജ് 6 വര്‍ഷത്തിനുശേഷം പിടിച്ചെടുത്തു

തെരഞ്ഞെടുപ്പ് നടന്ന 117 കോളേജുകളില്‍ 98 ഇടത്ത് എസ്എഫ്‌ഐ യൂണിയന്‍ നേടി

കൊച്ചി: എംജി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫഐക്ക് ഉജ്ജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന 117 കോളേജുകളില്‍ 98 ഇടത്ത് എസ്എഫ്‌ഐ യൂണിയന്‍ നേടി. കോട്ടയം ജില്ലയില്‍ 32 ല്‍ 27 കോളേജുകളില്‍ എസ്എഫ്‌ഐ വിജയിച്ചു. പത്തനംതിട്ടയില്‍ 16 ല്‍ 15ഉം എസ്എഫ്ഐ നേടി. എറണാകുളത്ത് 41ല്‍ 33ഉം ഇടുക്കിയില്‍ 27ല്‍ 22ഉം കോളേജുകളിലാണ് എസ്എഫ്‌ഐ യൂണിയന്‍ നേടിയത്. ആലുവ യുസി കോളേജ് ആറ് വര്‍ഷത്തിന് ശേഷം കെഎസ്‌യുവില്‍ നിന്ന് എസ്എഫ്‌ഐ തിരിച്ചുപിടിച്ചു.

കോട്ടയം സിഎംഎസ് കോളേജും എസ്എഫ്‌ഐ തിരികെ പിടിച്ചു. അരുവിത്തറ സെന്റ് ജോര്‍ജ് കോളേജ്, പുലരിക്കുന്ന് സ്റ്റാര്‍സ് കോളേജ് എന്നിവിടങ്ങളിലും എസ്എഫ്‌ഐ അട്ടിമറി വിജയം നേടി. മഹാരാജാസ് കോളേജില്‍ 14 സീറ്റിലും എസ്എഫ്‌ഐ ആധികാരിക വിജയം സ്വന്തമാക്കി. തുടര്‍ച്ചയായ നാലാം തവണയാണ് എസ്എഫ്‌ഐയുടെ സമ്പൂര്‍ണ വിജയം. പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജും എസ്എഫ്‌ഐ തിരിച്ചുപിടിച്ചവയിലുണ്ട്.

തേവര എസ് എച്ച് കോളേജില്‍ ആറാം തവണയും കെഎസ്‌യു വിജയിച്ചു. അലോഷ്യസ് സേവ്യറിന്റെ കോളേജ് ആയതിനാല്‍ സംസ്ഥാന അധ്യക്ഷന്‍ നേരിട്ടാണ് ഇവിടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ബസേലിയസ് കോളേജും കെഎസ്‌യു നിലനിര്‍ത്തി. പെരുന്താനം സെന്റ് ആന്റണീസ് കോളേജ് എസ്എഫ്‌ഐയില്‍ നിന്ന് തിരിച്ചുപിടിച്ചു.

അതേസമയം കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ തിരഞ്ഞെടുപ്പ് ഫലം തടഞ്ഞുവെച്ചു. സര്‍വകലാശാല വിസിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. കെഎസ്യു വിദ്യാര്‍ത്ഥികള്‍ യൂണിയന്‍ ഭാരവാഹിത്വ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കാന്‍ വൈകിയിരുന്നു. സമയം വൈകിയതിനാല്‍ കെഎസ്‌യു നോമിനേഷന്‍ കോളേജ് സ്വീകരിച്ചില്ല. പിന്നാലെയാണ് വിസിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നിര്‍ത്തിവച്ചത്. ക്യാമ്പസില്‍ എസ്എഫ്‌ഐ കെഎസ്യു സംഘര്‍ഷമുണ്ടായി. കെഎസ്യു ജില്ലാ അധ്യക്ഷന്‍ നൈസാമിന്റെ തലയ്ക്ക് പരിക്കേറ്റു.

Content Highlights: SFI secured college union victories in 98 of the 117 colleges where MG University elections were held. It won 27 of 32 colleges in Kottayam, 15 of 16 in Pathanamthitta, 33 of 41 in Ernakulam and 22 of 27 in Idukki. SFI also regained Aluva UC College from KSU after six years.

To advertise here,contact us