കൊച്ചി: ജയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം എം ജോസഫിനെതിരെ കൂടുതല്‍ പരാതികൾ. 2018ല്‍ ISCA എന്ന പേരില്‍ ടോം ജോസഫ് കാക്കനാട് ആരംഭിച്ച സ്ഥാപനത്തിന്റെ പേരിൽ ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് പരാതികൾ. 2,75,000 രൂപ ഫീസ് വാങ്ങി ഒന്നരവര്‍ഷത്തേക്ക് എന്ന് പറഞ്ഞു തുടങ്ങിയ കോഴ്സ് മൂന്നുവര്‍ഷമായിട്ടും പൂര്‍ത്തിയായില്ലെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. നിരവധി വിദ്യാര്‍ത്ഥികളാണ് ടോം എം ജോസഫിനെതിരെ പരാതിപ്പെട്ടത്.
അതിനിടെ വ്യാജ രേഖാക്കേസ് പ്രതിക്ക് സർക്കാര്‍ പദവി ഇഷ്ടദാനം നല്‍കിയെന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്ത ടോം എം ജോസഫ് സ്ഥിരീകരിച്ചു . നൈപുണ്യ വികസന മന്ത്രി ഷിബു ബേബി ജോണ്‍ നേരിട്ട് വിളിച്ചാണ് അദ്ദേഹത്തിന്റെ വകുപ്പിലെ നിര്‍ണ്ണായക പദവി ഓഫര്‍ ചെയ്തതെന്ന് ടോം സമ്മതിച്ചു. ഷിബു ബേബി ജോണ്‍ അടക്കമുള്ളവര്‍ക്ക് താന്‍ പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് പദവി നല്‍കിയതുമായി ഇതിന് ബന്ധമില്ലെന്നാണ് വ്യായീകരണം.
അതേസമയം, ടോം എം ജോസഫിനെതിരെ പൊലീസ് ഇന്റലിജന്‍സ് മുന്നറിയിപ്പും നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഗവര്‍ണറുടെ പരിപാടി യൂണിവേഴ്സിറ്റിയില്‍ നടക്കുന്നതിന് മുന്നോടിയായി ആയിരുന്നു ടോം ജോസഫിന്റെ ക്രിമിനല്‍ പശ്ചാത്തലം ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയത്. സ്റ്റേറ്റ് ഇന്റലിജന്‍സ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടറാണ് ഈ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ജെയിന് യൂണിവേഴ്സിറ്റി ഡയറക്ടറുടെ ക്രിമിനല്‍ പശ്ചാത്തലം മന്ത്രി ഷിബു ബേബി ജോണ്‍ ശരിവെച്ചിരുന്നു. ടോം ജോസഫിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് എഡിജിപിയും സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും തന്റെ മകനും ടോമും ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
Content Highlights: More complaints have emerged against Jain University Director Tom M Joseph. The latest complaints add to the concerns raised against the university director.