വിവാദ വിമാനയാത്ര; ആരാണ് സ്‌പോണ്‍സര്‍ എന്നത് രഹസ്യമാക്കുന്നതിലൂടെ ഇടപാട് ദുരൂഹമായി മാറി: പി രാജീവ്

യൂണിയന്‍ ഗവണ്‍മെന്റിന്റെ പെരുമാറ്റചട്ടവും സംസ്ഥാന സര്‍ക്കാര്‍ പെരുമാറ്റചട്ടം അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ ഉത്തരവിന്റെ പകര്‍പ്പും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചു

തിരുവനന്തപുരം: വിവാദ വിമാനയാത്രയിലൂടെ മുഖ്യമന്ത്രി വിഡി സതീശന്‍ മന്ത്രിമാര്‍ക്കുള്ള പെരുമാറ്റചട്ടം പൂര്‍ണ്ണമായും ലംഘിച്ചുവെന്ന് ആരോപിച്ച് മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ്. ആരാണ് സ്പോൺസർ എന്ന കാര്യം രഹസ്യമാക്കുന്നതിലൂടെ കേവലം പെരുമാറ്റചട്ട ലംഘനം എന്നതിനപ്പുറത്തേക്ക് ഇടപാട് ദുരൂഹമായി മാറുകയാണെന്നും പി രാജീവ് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവിന്റെ വിമര്‍ശനം.

യൂണിയന്‍ ഗവണ്‍മെന്റിന്റെ പെരുമാറ്റചട്ടവും സംസ്ഥാന സര്‍ക്കാര്‍ പെരുമാറ്റചട്ടം അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ ഉത്തരവിന്റെ പകര്‍പ്പും പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രിമാര്‍ വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ ആരില്‍ നിന്നും വാങ്ങരുതെന്നും, ഔദ്യോഗികമായി ബന്ധപ്പെടുന്നവരില്‍ നിന്നും ഒരു ഉപഹാരവും മന്ത്രിയോ കുടുംബാംഗങ്ങളോ സ്വീകരിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ടെന്ന് രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി സൂചിപ്പിച്ച മലയാളി സുഹൃത്ത് അദ്ദേഹത്തിന്റെ വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകുമ്പോള്‍ നമ്മുടെ മുഖ്യമന്ത്രിക്ക് ഒരു ലിഫ്റ്റ് കൊടുത്താല്‍ അത് ചട്ട ലംഘനമാകില്ല. എന്നാല്‍, സുഹൃത്ത് ഒപ്പം സഞ്ചരിക്കാതെ വിമാനം മുഖ്യമന്ത്രിക്ക് ഉപയോഗിക്കാന്‍ സൗജന്യമായി നല്‍കിയാല്‍ അത് സ്വീകരിക്കാന്‍ പെരുമാറ്റചട്ടം അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

സൗജന്യം നല്‍കുന്നവരൊന്നും കാര്യം നേടാന്‍ വരുന്നവരല്ലെന്ന പ്രഖ്യാപനമോ അവര്‍ തങ്ങളുടെ പാര്‍ട്ടിക്കാരാണെന്ന ന്യായീകരണമോ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പ്രതിരോധമാകുന്നില്ലെന്നും രാജീവ് വിമര്‍ശിച്ചു.

കുറിപ്പിന്‍റെ പൂർണ്ണരൂപം-

ചാർട്ടർ ചെയ്ത വിമാനത്തിൽ സഞ്ചരിച്ചതിനെ പൂർണ്ണമായും ന്യായീകരിക്കുകയും ആരാണ് വിമാനം സ്പോൺസർ ചെയ്തതതെന്ന കാര്യം ആരോടും പറയേണ്ടതില്ലെന്നും ഇനിയും സൗജന്യമായി കിട്ടുന്ന വിമാനത്തിൽ യാത്ര ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി വിഡി സതീശൻ മന്ത്രിമാർക്കുള്ള പെരുമാറ്റചട്ടം പൂർണ്ണമായും ലംഘിച്ചിരിക്കുകയാണ്. എന്നു മാത്രമല്ല ഇനിയും പെരുമാറ്റചട്ടം ലംഘിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. മന്ത്രിമാർക്കുള്ള പെരുമാറ്റചട്ടം യൂണിയൻ ഗവൺമെന്റാണ് പ്രസിദ്ധപ്പെടുത്തിയത്. സംസ്ഥാന സർക്കാർ അത് അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ ഉത്തരവാണ് ഒന്നാമത്തെ ചിത്രത്തിലുള്ളത്. യൂണിയൻ ഗവൺമെന്റിന്റെ പെരുമാറ്റചട്ടം രണ്ടാമത്തെ ചിത്രത്തിൽ കാണാം. മന്ത്രിമാർ വിലപിടിപ്പുള്ള ഉപഹാരങ്ങൾ ആരിൽ നിന്നും വാങ്ങരുതെന്നും, ഔദ്യോഗികമായി ബന്ധപ്പെടുന്നവരിൽ നിന്നും ഒരു ഉപഹാരവും മന്ത്രിയോ കുടുംബാംഗങ്ങളോ സ്വീകരിക്കരുതെന്നും വ്യക്തമാക്കുന്നു . യാത്ര ഉപഹാരത്തിൽ ഉൾപ്പെടുമോ എന്നതിൽ വ്യക്തതയില്ലെന്ന ന്യായം ചിലർ പറയുന്നുണ്ട്. എന്നാൽ, പെരുമാറ്റചട്ടം പ്രസിദ്ധപ്പെടുത്തിയ യൂണിയൻ ഗവൺമെന്റ് തന്നെ സെൻട്രൽ സിവിൽ സർവ്വീസ് റൂൾസിൽ ഇതു സംബന്ധിച്ച വിശദീകരണം നൽകുന്നുണ്ട്. യാത്ര സൗകര്യവും ഉപഹാരത്തിൽ ഉൾപ്പെടുമെന്ന വിശദീകരണം മൂന്നാമത്തെ ചിത്രത്തിലെ ആ ഭാഗം വ്യക്തമാക്കുന്നു. എന്നാൽ ലിഫ്റ്റ് സ്വീകരിക്കുന്നത് അതിൽ ഉൾപ്പെടുന്നില്ലെന്ന് വിശദീകരിക്കുന്നു. മുഖ്യമന്ത്രി സൂചിപ്പിച്ച മലയാളി സുഹൃത്ത് അദ്ദേഹത്തിന്റെ വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകുമ്പോൾ നമ്മുടെ മുഖ്യമന്ത്രിക്ക് ഒരു ലിഫ്റ്റ് കൊടുത്താൽ അത് ചട്ട ലംഘനമാകില്ല.. എന്നാൽ ,സുഹൃത്ത് ഒപ്പം സഞ്ചരിക്കാതെ വിമാനം മുഖ്യമന്ത്രിക്ക് ഉപയോഗിക്കാൻ സൗജന്യമായി നൽകിയാൽ അത് സ്വീകരിക്കാൻ പെരുമാറ്റചട്ടം ആനുവദിക്കുന്നില്ല.

സൗജന്യം നൽകുന്നവരൊന്നും കാര്യം നേടാൻ വരുന്നവരല്ലെന്ന പ്രഖ്യാപനമോ അവർ തങ്ങളുടെ പാർടിക്കാരാണെന്ന ന്യായീകരണമോ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ പ്രതിരോധമാകുന്നില്ല. ആരാണ് സ്പോൺസർ എന്ന കാര്യം രഹസ്യമാക്കുന്നതിലൂടെ കേവലം പെരുമാറ്റചട്ട ലംഘനം എന്നതിനപ്പുറത്തേക്ക് ദുരൂഹമായ ഇടപ്പാടായി മാറുകയും ചെയ്യുന്നു.

Content Highlights: P Rajeev alleges that V D Satheesan violated the ministers’ code of conduct by accepting a free chartered flight and questioned the secrecy surrounding its sponsor

To advertise here,contact us