അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം; വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കി ഒ ജെ ജനീഷ്

അമിത്ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടായിരുന്നു

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമത്തില്‍ നിന്നും നീക്കി മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ ഒ ജെ ജനീഷ്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വീഡിയോ നീക്കിയതെന്നാണ് സൂചന. അമിത്ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധത്തില്‍ തെറ്റില്ലെന്നായിരുന്നു ഒ ജെ ജനീഷ് പ്രതികരിച്ചത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കിയതോടെ ഒ ജെ ജനീഷിനെ പരിഹസിച്ച് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. അകാലത്തില്‍ പൊലിഞ്ഞ ഓജെയുടെ പോസ്റ്റിന് ആദരാഞ്ജലികളെന്ന് പി എം ആര്‍ഷോ കുറിച്ചു.

പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിച്ചുവെന്നതായിരുന്നു മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് കാരണം. എന്നാല്‍ പ്രതിഷേധത്തില്‍ തെറ്റില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നിലപാട്. പക്ഷെ, അധ്യക്ഷന്‍ തന്നെ വീഡിയോ നീക്കിയത് സംഘടനയില്‍ ആശയക്കുഴപ്പത്തിന് വഴിവെച്ചു.

കൊല്ലത്തായിരുന്നു അമിത് ഷായ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കുണ്ടറയിലെയും അമൃതാനന്ദമയി മഠത്തിലെയും പരിപാടികളില്‍ പങ്കെടുക്കാന്‍ അമിത് ഷാ എത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. സംഘടനാതലത്തില്‍ എടുത്ത തീരുമാനമാണിതെന്ന് ഒ ജെ ജനീഷ് പ്രതികരിച്ചിരുന്നു.

Content Highlights: Minister and Youth Congress president O J Janeesh removed from social media a video related to Youth Congress workers’ black flag protest against Amit Shah, according to the claim

To advertise here,contact us