മലപ്പുറം: ആഡംബര കാര്‍ വിവാദത്തില്‍ മന്ത്രി കെ എം ഷാജിക്ക് മുസ്ലിം ലീഗിന്റെ താക്കീത്. വിഷയത്തില്‍ തുടര്‍പ്രതികരണങ്ങള്‍ നടത്തി കൂടുതല്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശം. പിന്നാലെ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് മന്ത്രി. രാജ്യത്തെ ഒരു നിയമവും തെറ്റിച്ചിട്ടില്ലെന്നും വേറെ ആരോട് പറഞ്ഞിട്ടില്ലെങ്കിലും ജനങ്ങളോട് അത് പറയാന്‍ ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. വേങ്ങര എ ആര് നഗറില്‍ നടന്ന പരിപാടിയിലായിരുന്നു പരാര്‍മശം.
'ഈ രാജ്യത്തെ ഒരു നിയമവും തെറ്റിച്ചിട്ടില്ല. അങ്ങനെ ചെയ്യുകയുമില്ല. വേറെ ആരോട് പറഞ്ഞിട്ടില്ലെങ്കിലും അത് ജനങ്ങളോട് പറയാന്‍ ബാധ്യതയുണ്ട്', കെ എം ഷാജി പറഞ്ഞു. വേങ്ങരയില്‍ മന്ത്രി ആയിട്ടല്ല വോട്ട് ലഭിച്ച ജയിച്ച ജനപ്രതിനിധി ആയിട്ടാണ് സംസാരിക്കുന്നതെന്നും കെ എം ഷാജി പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.
കെ എം ഷാജിയുടെ ആഡംബര വാഹന ഉപയോഗത്തില്‍ നേരത്തെ തന്നെ മുസ്ലിം ലീഗിന് അതൃപ്തിയുണ്ടായിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഇത്തരം വിഷയങ്ങളില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്ന കെ എം ഷാജി തന്നെ ആഡംബര വാഹനങ്ങള്‍ ഔദ്യോഗിക വാഹനങ്ങളാക്കി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ലീഗിന്റെ ആഭ്യന്തരയോഗങ്ങളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വാര്‍ത്താസമ്മേളനത്തോട് കൂടി വിവാദം അവസാനിപ്പിക്കണമെന്ന് ലീഗ് നേതൃത്വം കെ എം ഷാജിക്ക് നിര്‍ദേശം നല്‍കിയത്. ജനങ്ങളിലുണ്ടായിരിക്കുന്ന തെറ്റിദ്ധാരണ തിരുത്തുന്ന രീതിയിലാകണം വാര്‍ത്താസമ്മേളനമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ കെ എം ഷാജിയുടെ വാര്‍ത്താസമ്മേളനം പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി എന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ലീഗ് നേതൃത്വം കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്ന താക്കീത് നല്‍കിയിരിക്കുന്നത്.
ഔദ്യോഗിക ബോര്‍ഡ് വെച്ച് കെ എം ഷാജി ആഡംബര വാഹനം ഉപയോഗിച്ചതായിരുന്നു വിവാദമായത്. സുഹൃത്തിന്റെ റേഞ്ച് റോവര്‍ വാഹനത്തില്‍ 13ാം നമ്പറും ഔദ്യോഗിക ചിഹ്നവും വെച്ചാണ് കെ എം ഷാജി ഉപയോഗിച്ചത്. സംഭവം വിവാദമായതോടെ വാഹനം സുഹൃത്തിന് തിരികെ നല്‍കിയിരുന്നു. കെ എം ഷാജി കാസര്‍കോട് ജില്ലയിലെ പരിപാടികള്‍ക്കെത്തിയപ്പോള്‍ സ്വകാര്യ വാഹനം ഉപയോഗിച്ചതിലും വിമര്‍ശനമുയര്‍ന്നിരുന്നു. ഈ വാഹനം ഗസ്റ്റ് ഹൗസില്‍ നിന്ന് അനുവദിച്ചതാണെന്നായിരുന്നു പിന്നാലെ ഷാജിയുടെ വാദം. എന്നാല്‍ ഈ വാദം തെറ്റാണെന്നതിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. മന്ത്രിക്ക് വാഹനം നല്‍കിയിട്ടില്ലെന്നാണ് ഗസ്റ്റ് ഹൗസ് മാനേജര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്.
Content Highlights: The Muslim League has issued a warning to Minister K M Shaji over the luxury car controversy. The party has reportedly advised him against making further statements on the issue and turning it into a bigger discussion.