'പേറ്റന്റില്‍ ഉള്‍പ്പെട്ട മരുന്നുകളും കേന്ദ്രസര്‍ക്കാരിന് നിര്‍മ്മിക്കാം'; സുപ്രധാന വിധിയുമായി ഹൈക്കോടതി

കാന്‍സര്‍ ഉള്‍പ്പടെയുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ ലഭ്യതയില്‍ സുപ്രധാന വിധിയുമായി ഹൈക്കോടതി

കൊച്ചി: കാന്‍സര്‍ ഉള്‍പ്പടെയുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ ലഭ്യതയില്‍ സുപ്രധാന വിധിയുമായി ഹൈക്കോടതി. പേറ്റന്റ് പരിധിയില്‍ ഉള്‍പ്പെട്ട മരുന്നുകളും കേന്ദ്ര സര്‍ക്കാരിന് നിര്‍മ്മിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആവശ്യമുള്ള രോഗിക്കോ മറ്റുള്ളവര്‍ക്കോ വാണിജ്യേതര അടിസ്ഥാനത്തില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ വില്‍ക്കാം. മരുന്നുകളുടെ നിര്‍മ്മാണ രഹസ്യം കേന്ദ്ര സര്‍ക്കാരിന് ഉപയോഗിക്കാം. ഇതിന് കേന്ദ്ര സര്‍ക്കാരിന് പേറ്റന്റ് നിയമം അധികാരം നല്‍കുന്നുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം ഉപയോഗിക്കാം. മരുന്ന് വില ജനങ്ങള്‍ക്ക് താങ്ങാനാവുമോ എന്നതിലെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കണം. തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കണം എന്നുമാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ വിധി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഓരോ പൗരന്റെയും ജീവന്‍ സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ പരമപ്രധാനമായ ചുമതലയാണ്. മരുന്നുകളുടെ അമിതവില കാരണം പൗരന്മാര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നത് ഈ അവകാശത്തിന്റെ ലംഘനമാണ് എന്നും ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. ജനങ്ങളുടെ ആരോഗ്യനിലവാരം ഉയര്‍ത്തുക എന്നത് ഒരു ക്ഷേമരാഷ്ട്രത്തിന്റെ പ്രാഥമിക കടമയാണെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 47 വ്യക്തമാക്കുന്നു. അതുകൊണ്ട് ജീവന്‍രക്ഷാ മരുന്നുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. പേറ്റന്റ് നിയമത്തിലെ സെക്ഷന്‍ 100 പ്രകാരം, പൊതുജനങ്ങളുടെ താല്പര്യം മുന്‍നിര്‍ത്തി പേറ്റന്റുള്ള മരുന്നുകള്‍ നിര്‍മ്മിക്കാനും അവ വാണിജ്യപരമല്ലാത്ത അടിസ്ഥാനത്തില്‍ ആവശ്യക്കാരായ രോഗികള്‍ക്ക് വില്‍ക്കാനും സര്‍ക്കാരിന് അധികാരമുണ്ട്. 'ഗവണ്‍മെന്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം' എന്ന നിബന്ധന പൊതുജനാരോഗ്യ സംരക്ഷണത്തിനും ബാധകമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

പേറ്റന്റുകള്‍ അനുവദിക്കുന്നത് പൊതുജനാരോഗ്യ സംരക്ഷണത്തെ തടസ്സപ്പെടുത്താന്‍ വേണ്ടിയാകരുത്. പേറ്റന്റുള്ള ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ന്യായമായ വിലയ്ക്ക് ലഭ്യമാക്കുക എന്നത് പേറ്റന്റ് നല്‍കുന്നതിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. ഇന്ത്യയില്‍ ഓരോ മൂന്ന് മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നുണ്ടെന്നും, ഓരോ ആറ് മിനിറ്റിലും ഒരു സ്ത്രീ ഈ രോഗം മൂലം മരണപ്പെടുന്നുണ്ടെന്നും കോടതി ആശങ്കയോടെ നിരീക്ഷിച്ചു.

കാന്‍സര്‍ ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരില്‍ 40% ആളുകളും കടം വാങ്ങിയോ ആസ്തികള്‍ വിറ്റോ ആണ് ചികിത്സാ ചെലവ് കണ്ടെത്തുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ കാന്‍സര്‍ ചികിത്സ താങ്ങാനാവുന്നതാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

വിപണിയില്‍ പേറ്റന്റ് കാലാവധി കഴിഞ്ഞ് വില കുറഞ്ഞു ലഭ്യമാകുന്ന 'പാല്‍ബോസിക്ലിബ്' (Palbociclib), വിലകൂടിയ 'റിബോസിക്ലിബ്' (Ribociclib) എന്ന മരുന്നിന് പകരമായി എല്ലാ ഘട്ടങ്ങളിലും ഉപയോഗിക്കാന്‍ കഴിയില്ല. സ്തനാര്‍ബുദത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ റിബോസിക്ലിബ് തന്നെ നല്‍കേണ്ടതുണ്ടെന്നും, അതിനാല്‍ ഇവ രണ്ടും പരസ്പരം മാറ്റാന്‍ കഴിയുന്നവയല്ലെന്നും ആണ് മെഡിക്കല്‍ വിദഗ്ദ്ധരെ ഉദ്ധരിച്ച് ഹൈക്കോടതിയുടെ നിരീക്ഷണം.

ഹര്‍ജിയിലെ എതിര്‍കക്ഷികളായ എലി ലില്ലി (Eli Lilly), ഒന്‍പതാം എതിര്‍കക്ഷിയായ നോവാര്‍ട്ടിസ് (Novartis) എന്നീ മരുന്ന് കമ്പനികള്‍ പേറ്റന്റ് നിയമപ്രകാരം തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണ് ഹൈക്കോടതിയില്‍ ഉയര്‍ത്തിയ വാദം. ഒട്ടനവധി പരാജയപ്പെട്ട പരീക്ഷണങ്ങള്‍ക്കും നീണ്ട ഗവേഷണങ്ങള്‍ക്കും ശേഷമാണ് 'റിബോസിക്ലിബ്' പോലുള്ള മരുന്നുകള്‍ വികസിപ്പിച്ചെടുക്കുന്നത്. ഇതിനായി മനുഷ്യവിഭവശേഷിയും വന്‍തുകയും കമ്പനി നിക്ഷേപിച്ചിട്ടുണ്ടെന്നും മരുന്ന് കമ്പനികള്‍ ഹൈക്കോടതിയെ അറിയിച്ചു.

ഇത്തരം കണ്ടുപിടിത്തങ്ങള്‍ക്കുള്ള പ്രതിഫലമായാണ് പേറ്റന്റ് അവകാശം നല്‍കപ്പെടുന്നത്. മരുന്നിന്റെ വില പേറ്റന്റ് നിഷേധിക്കുന്നതിനോ പരിമിതപ്പെടുത്തുന്നതിനോ ഉള്ള ഒരു മാനദണ്ഡമാക്കരുത്. പേറ്റന്റ് കാലാവധി കഴിയുമ്പോള്‍ ഈ സാങ്കേതികവിദ്യ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാകുമെന്നുമുള്ള മരുന്ന് കമ്പനികളുടെ വാദം ഹൈക്കോടതി തള്ളി.

പേറ്റന്റ് നിയമത്തിലെ സെക്ഷന്‍ 100 എന്നത് സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം മരുന്ന് നിര്‍മ്മിക്കാനോ ഉപയോഗിക്കാനോ ഉള്ളതാണ്. മരുന്നിന്റെ വില കുറയ്ക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന ഇത്തരം സാഹചര്യങ്ങളില്‍ ഈ വകുപ്പ് പ്രയോഗിക്കാന്‍ കഴിയില്ല. സെക്ഷന്‍ 156 അനുസരിച്ച് പേറ്റന്റ് അവകാശങ്ങള്‍ ഏതൊരു വ്യക്തിയെയും പോലെ സര്‍ക്കാരിനും ഒരുപോലെ ബാധകമാണ് എന്ന മരുന്ന് കമ്പനികളുടെ വാദവും ഹൈക്കോടതി അംഗീകരിച്ചില്ല.

ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് തങ്ങള്‍ ഈ മരുന്നിന് ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ത്യയില്‍ ഈടാക്കുന്നതെന്ന് നോവാര്‍ട്ടിസ് കമ്പനി വാദിച്ചു. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (NPPA) ഈ മരുന്നിന്റെ വ്യാപാര ലാഭവിഹിതത്തില്‍ (Trade Margin) 30% പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇതിനകം ഇടപെട്ടിട്ടുണ്ടെന്നും മരുന്ന് കമ്പനി ഹൈക്കോടതിയെ അറിയിച്ചു.

ഇന്ത്യയിലെ ആകെ സ്തനാര്‍ബുദ രോഗികളില്‍ വെറും 13% ആളുകള്‍ മാത്രമാണ് 'റിബോസിക്ലിബ്' പോലുള്ള CDK 4/6 ഇന്‍ഹിബിറ്റര്‍ മരുന്നുകള്‍ ഉപയോഗിക്കുന്നത്. ബാക്കിയുള്ളവര്‍ കീമോതെറാപ്പി, എന്‍ഡോക്രൈന്‍ തെറാപ്പി തുടങ്ങിയ മറ്റ് ചികിത്സാ രീതികളാണ് തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ മരുന്നിന്റെ വില മാത്രം ചൂണ്ടിക്കാട്ടി അടിയന്തര സാഹചര്യം എന്ന രീതിയില്‍ സെക്ഷന്‍ 100 നടപ്പിലാക്കേണ്ടതില്ല.

ചികിത്സയുടെ ആദ്യ 9 മാസങ്ങള്‍ക്ക് ശേഷം രോഗികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കുന്ന പദ്ധതികള്‍ കമ്പനിക്കുണ്ടെന്ന് എലി ലില്ലിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. കൂടാതെ, പ്രാരംഭ ഘട്ടത്തിലുള്ള സ്തനാര്‍ബുദ രോഗികള്‍ മൂന്ന് പാക്ക് മരുന്ന് വാങ്ങുമ്പോള്‍ ചികിത്സാ കാലാവധിയിലുടനീളം ഒരു പാക്ക് മരുന്ന് സൗജന്യമായി നല്‍കുന്നുണ്ടെന്നും മരുന്ന് കമ്പനികള്‍ ഹൈക്കോടതിയെ അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലും മരുന്ന് കമ്പനികള്‍ക്ക് അനുകൂല നിലപാടെടുത്തു. മരുന്നുകളുടെ വില നിയന്ത്രിക്കുന്നതും പേറ്റന്റ് നിയമങ്ങള്‍ നടപ്പിലാക്കുന്നതും സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളുടെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. ഇത്തരം നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ റിട്ട് കോടതികള്‍ക്ക് പരിമിതിയുണ്ടെന്ന് കര്‍ണാടക ഹൈക്കോടതിയുടെ മുന്‍ വിധിന്യായം ഉദ്ധരിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു.

പേറ്റന്റ് നിയമത്തിലെ സെക്ഷന്‍ 100 പ്രകാരം ഒരു പേറ്റന്റ് ഉല്‍പ്പന്നം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമുള്ളത് 'സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക്' വേണ്ടി മാത്രമാണ്. സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് എത്തിക്കാന്‍ വേണ്ടി കമ്പനികളുടെ പേറ്റന്റ് അവകാശങ്ങള്‍ റദ്ദാക്കിക്കൊണ്ട് മരുന്ന് നിര്‍മ്മിക്കാന്‍ ഈ വകുപ്പ് പ്രയോഗിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ഈ കേസില്‍ സെക്ഷന്‍ 100 പ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരി സര്‍ക്കാരിന് ഔദ്യോഗികമായി യാതൊരു അപേക്ഷയും സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ കോടതിക്ക് ഇതില്‍ നിര്‍ദ്ദേശം (Mandamus) പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഹര്‍ജിക്കാരി പേറ്റന്റ് നിയമത്തിലെ സെക്ഷന്‍ 92 പ്രകാരം നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് മുന്‍പ് നല്‍കിയ നിവേദനം കൃത്യമായ പരിശോധനകള്‍ക്ക് ശേഷം 2022 ഒക്ടോബര്‍ 7-ലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ തള്ളിക്കളഞ്ഞതാണ്. ഈ ഉത്തരവിനെ ഹര്‍ജിയില്‍ ആരും നിയമപരമായി ചോദ്യം ചെയ്തിട്ടില്ലാത്തതിനാല്‍ കോടതിക്ക് ഇതില്‍ അനുകൂലമായ വിധി പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. അവശ്യസാധന നിയമപ്രകാരമുള്ള 'ഡ്രഗ്സ് പ്രൈസ് കണ്‍ട്രോള്‍ ഓര്‍ഡര്‍ (2013)' വഴി 'റിബോസിക്ലിബ്' എന്ന മരുന്നിന്റെ വില സര്‍ക്കാര്‍ നിരന്തരം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. 2026 ഫെബ്രുവരി 1 മുതല്‍ ഈ മരുന്നിന്റെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇതിന്റെ ഫലമായി ജനുവരിയില്‍ 24,355 രൂപയുണ്ടായിരുന്ന മരുന്നിന്റെ വില ഏപ്രില്‍ മാസത്തില്‍ 22,217 രൂപയായി കുറഞ്ഞിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

Content Highlights: The High Court has ruled that the Central Government can manufacture patented medicines, including life-saving drugs used in cancer treatment, subject to the applicable legal framework.

To advertise here,contact us