തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തില്‍ മുഖ്യമന്ത്രി വി ഡിസതീശന്റെ അതൃപ്തിയിൽ പ്രതികരിച്ച് സിപിഐഎം നേതാവ് എം ബി രാജേഷ്. മുഖ്യമന്ത്രിയുടെ നിലപാടുകളുടെ ആത്മഹത്യയാണ് ദൈനംദിനം കാണുന്നതെന്ന് പരിഹസിച്ചാണ് എം ബി രാജേഷ് രംഗത്ത് വന്നത്. നിലപാടുകളുടെ രാജകുമാരന് എന്ന് വാഴ്ത്തിയവരൊക്കെ എവിടെ പോയെന്നും ഇപ്പോള്‍ സതീശന്റെ നിലപാടുകളുടെ ആത്മഹത്യയാണ് ദൈനംദിനം കാണുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അമിത് ഷായ്ക്കെതിരായി യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധം നടത്തിയതില്‍ മുഖ്യമന്ത്രി വി ഡി സതീശന് കട്ടകലിപ്പിലാണെന്നും അത് മുഖ്യമന്ത്രി ഇടപെട്ട് പിന്‍വലിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പണ്ട് നവകേരള സദസ്സിന്റെ സമയത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായിക്കെതിരെ ഇതേ യൂത്ത് കോണ്‍ഗ്രസിനെ കരിങ്കൊടിയും കൊടുത്തയച്ച സതീശന് അമിത് ഷാക്കെതിരെ കരിങ്കൊടി കാണിക്കുമ്പോള്‍ മാത്രം മുട്ടു വിറയ്ക്കുന്നോ? അന്ന് പിണറായിക്കെതിരെ മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടായിരുന്നോ കരിങ്കൊടി പ്രതിഷേധം നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. കരിങ്കൊടി പിണറായിക്കെതിരാണെങ്കില്‍ ബലേഭേഷ്! അമിത്ഷാക്കെതിരാണെങ്കില് സതീശന് മുട്ടുവിറക്കും എന്നും അദ്ദേഹം പരിഹസിച്ചു. ഗോള്‍വാള്‍ക്കര്‍ ചിത്രത്തിനു മുന്നില്‍ കുമ്പിട്ട സതീശന് അമിത്ഷായുടെയും മോദിയുടെയും മുന്നില്‍ കുമ്പിടുന്നതില്‍ എന്തതിശയമെന്നും എം ബി രാജേഷ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം
നിലപാടിന്റെ ആത്മഹത്യ
അമിത് ഷാക്കെതിരായ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ മന്ത്രിയും യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ ജനീഷ് പങ്കുവെച്ചത് മുഖ്യമന്ത്രി ഇടപെട്ട് പിൻവലിപ്പിച്ചു എന്നാണ് വാർത്ത. അമിത് ഷാക്കെതിരായി യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചതിനാൽ മുഖ്യമന്ത്രി വി ഡി സതീശൻ യൂത്ത് കോൺഗ്രസിനോട് കട്ട കലിപ്പിലാണെന്നും വാർത്തകൾ കാണുകയുണ്ടായി. നിലപാടുകളുടെ രാജകുമാരൻ എന്ന് വാഴ്ത്തിയവരൊക്കെ എവിടെ പോയി? ഇപ്പോൾ സതീശന്റെ നിലപാടുകളുടെ ആത്മഹത്യയാണ് ദൈനംദിനം കാണുന്നത്.
അമിത് ഷാ കരിങ്കൊടി കണ്ടാൽ സതീശന് നോവുന്നത് എന്തിനാവും ? പണ്ട് നവകേരള സദസ്സിന്റെ സമയത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായിക്കെതിരെ ഇതേ യൂത്ത് കോൺഗ്രസിനെ കരിങ്കൊടിയും കൊടുത്തയച്ച സതീശന് അമിത് ഷാക്കെതിരെ കരിങ്കൊടി കാണിക്കുമ്പോൾ മാത്രം മുട്ടു വിറയ്ക്കുന്നോ? അന്ന് പിണറായിക്കെതിരെ മുൻകൂട്ടി പ്രഖ്യാപിച്ചിട്ടായിരുന്നോ കരിങ്കൊടി പ്രതിഷേധം നടത്തിയത്?എന്തു കാരണത്തിനായിരുന്നു അന്ന് സതീശൻ യൂത്ത് കോൺഗ്രസിനെ കരിങ്കൊടിയുമായി അഴിച്ചുവിട്ടത്? കരിങ്കൊടി പിണറായിക്കെതിരാണെങ്കിൽ ബലേഭേഷ്! അമിത്ഷാക്കെതിരാണെങ്കിൽ സതീശന് മുട്ടുവിറക്കും.ഗോൾവാൾക്കർ ചിത്രത്തിനു മുന്നിൽ കുമ്പിട്ട സതീശൻ അമിത്ഷായുടെയും മോദിയുടെയും മുന്നിൽ കുമ്പിടുന്നതിൽ എന്തതിശയം? വന്ദേമാതരം മുതൽ പാലത്തായി കേസിലെ പ്രതിക്കും ജന്ദർ മന്തർ സമരക്കാരെ വെടിവെച്ചു കൊല്ലണമെന്ന് ആക്രോശിച്ച സംഘപരിവാർ കൊലവെറിയനും ജാമ്യം ഉറപ്പിക്കുകയും കാപ്പ കേസിൽ പ്രതിയായ കൗൺസിലർക്ക് ജയിലിൽ സത്യപ്രതിജ്ഞയ്ക്ക് സൗകര്യം ഒരുക്കി തിരുവനന്തപുരത്തെ ബിജെപിയുടെ നഗരഭരണം സംരക്ഷിക്കുകയും ചെയ്ത സതീശൻ,കോൺഗ്രസിൽ സംഘപരിവാർ നടത്തിയിട്ടുള്ള ദീർഘകാല നിക്ഷേപമാണ്. സമയമാകുമ്പോൾ ആ നിക്ഷേപം പിൻവലിച്ചു ബിജെപി വിനിയോഗിക്കും.
ഇതേ അമിത് ഷായോടാണ് പണ്ട് പിണറായി വിജയൻ എന്ന മുഖ്യമന്ത്രി പറഞ്ഞത്, എൽഡിഎഫ് സർക്കാരിനെ മറിച്ചിടാൻ നിങ്ങളുടെ ആരോഗ്യം മതിയാവില്ല എന്ന്. അത് മനസ്സിലായ അമിത് ഷാ കോൺഗ്രസിനെ മുൻനിർത്തി തെരഞ്ഞെടുപ്പിൽ ലക്ഷ്യം നേടി. ഇനി കേരളം ഒറ്റയ്ക്ക് പിടിക്കാൻ ഇഡിയെ അഴിച്ചുവിട്ടിരിക്കുന്നു. ഇഡി ഭീഷണിക്കു മുന്നിൽ ഞങ്ങൾ കുലുങ്ങില്ല.പക്ഷേ കോൺഗ്രസ് കുലുങ്ങുക മാത്രമല്ല കുനിയുകയും ചെയ്യും. അതുകൊണ്ട് കൂടിയാണ് മെറ്റയെ കൊണ്ട് തനിക്കെതിരായ വീഡിയോ നീക്കം ചെയ്യിക്കുന്ന സതീശൻ യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായ മന്ത്രിയെ കൊണ്ട് അമിത് ഷാക്കെതിരായ വീഡിയോയും നീക്കം ചെയ്യിക്കുന്നത്.
Content Highlights: CPI(M) leader M B Rajesh has responded to Chief Minister V D Satheesan’s displeasure over the Youth Congress black flag protest against Union Home Minister Amit Shah .