തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച മൂന്നു വയസുകാരിക്ക് തുടക്കത്തിൽ ടിബി മെനിഞ്ചൈറ്റിസിന് ചികിത്സ നൽകിയെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്. പനി മാറാത്തതിനാൽ ഇക്കഴിഞ്ഞ ജൂലായ് 25ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ചികിത്സാപ്പിഴവ് സംഭവിച്ചതെന്ന് പരാതിയിൽ പറയുന്നത്. തിരുവല്ല സ്വദേശികളായ സന്ദീപ് - പ്രജിത ദമ്പതികളുടെ മകൾ സായിലക്ഷ്മിക്കാണ് ദുരവസ്ഥ. രോഗം മൂർച്ഛിച്ചതോടെ ഓഗസ്റ്റ് ഒന്നിന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. എന്നാൽ അവിടെവച്ചും രോഗനിർണയം നടത്താൻ കഴിഞ്ഞില്ല. തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചതോടെയാണ് കുട്ടിക്ക് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. രോഗനിർണയം വൈകിയതിനാൽ കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. നിലവിൽ വെന്റിലേറ്ററിലാണ് കുട്ടിയുള്ളത്. സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.
'ജൂലായ് 20നാണ് സായിലക്ഷ്മിയെ പനിയെ തുടർന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഒരാഴ്ചയായിട്ടും അസുഖം മാറാത്തതിനാൽ 25ന് വീണ്ടും അവിടെയത്തി. പിന്നാലെ ആശുപത്രിയിലെ ഐസിയുവിൽ കഴിയുകയായിരുന്നു കുട്ടി. പല പരിശോധനകൾ നടത്തിയെങ്കിലും രോഗം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ടിബി മെനിഞ്ചൈറ്റിസ് ആണെന്ന പേരിൽ ചികിത്സ ആരംഭിക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ ആരോഗ്യം വഷളായത് ചോദ്യ ചെയ്തപ്പോൾ നിസഹകരണ മനോഭാവമാണ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. പിന്നീടാണ് അമീബിക്ക് മസ്തിഷ്ക ജ്വരമാണെന്ന് വ്യക്തമായത്. അപ്പോഴേക്കും സാഹചര്യം ഗുരുതരമായി'- കുട്ടിയുടെ പിതാവ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
ജൂലായ് 18 മുതലാണ് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ പ്രാഥമിക ചികിത്സ തേടി മടങ്ങിയെങ്കിലും കുട്ടിക്ക് ചൂട് കൂടുന്ന അവസ്ഥ ഉണ്ടായെന്ന് മാതാപിതാക്കൾ പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കുഞ്ഞിന്റെ മൂന്നാം ജന്മദിനം. കഴിഞ്ഞ 45 ഓളം ദിവസങ്ങളായി കുഞ്ഞ് ഈ അവസ്ഥയിലാണ്. അതേസമയം കുട്ടിക്ക് അസുഖം എങ്ങനെ ബാധിച്ചുവെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. തിരുവല്ല മേഖല പ്രളയ സാധ്യതയുള്ള പ്രദേശമായതിനാൽ അവിടെ പ്രളയജലം കിണറുകളിൽ നിറയാറുണ്ട്. കുടിക്കാനായി വേറെ ജലമാണ് ഉപയോഗിക്കുന്നതെങ്കിലും ചെടി നനയ്ക്കുന്നതിനും മറ്റും കിണർ വെള്ളം ഉപയോഗിക്കാറുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. ടാപ്പ് വെള്ളത്തിൽ കളിക്കുമ്പോഴാകാം അസുഖം വന്നതെന്ന സംശയമാണ് നിലവിലുള്ളത്. അതേസമയമം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് മൂന്ന് വയസുകാരിയുടെ ജീവൻ ഇപ്പോൾ നിലനിർത്തുന്നത്. ആശുപത്രികൾക്കെതിരെ അടിയന്തര അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് കുടുംബം.
Content Highlights: A family has alleged a treatment error involving their three-year-old child, who was diagnosed with an amoebic meningoencephalitis later, but was reportedly given treatment for tuberculosis at Pushpagiri Hospital