ലോകായുക്ത യോഗം: 'രമേശ് ചെന്നിത്തലയുടേത് അറിവില്ലായ്മയല്ല, ബോധപൂർവ്വം നടത്തിയത്'; തോമസ് ഐസക് റിപ്പോര്‍ട്ടറിനോട്

'ആഭ്യന്തരമന്ത്രി മാപ്പ് പറയണം. വീഴ്ച പറ്റിയെന്ന് ഏറ്റ് പറയുന്നതാണ് മാന്യത', തോമസ് ഐസക് പറഞ്ഞു

ആലപ്പുഴ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷയില്‍ ലോകായുക്ത യോഗം ചേര്‍ന്നതില്‍ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ടി എം തോമസ് ഐസക്. ആഭ്യന്തരമന്ത്രി മാപ്പ് പറയണമെന്ന് തോമസ് ഐസക് പറഞ്ഞു. വീഴ്ച പറ്റിയെന്ന് ഏറ്റ് പറയുന്നതാണ് മാന്യത. രമേശ് ചെന്നിത്തലയുടേത് അറിവില്ലായ്മയല്ല. സാധാരണ വീഴ്ചയുമല്ല. ബോധപൂര്‍വ്വം നടത്തിയതാണ്. നടപടി തെറ്റായിപ്പോയെന്നും തോമസ് ഐസക് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.

ഇത്രയും അനുഭവസമ്പത്തുള്ള രമേശ് ചെന്നിത്തലയ്ക്ക് നടപടി ക്രമങ്ങള്‍ അറിയാത്തതല്ല. അഴിമതി യുഡിഎഫിന്റെ മുഖമുദ്രയായി മാറി. വികേന്ദ്രീകൃതമായി പണം പിരിച്ചുകൊണ്ടിരിക്കുകയാണ്. കാശ് ചോദിച്ചുവാങ്ങി സ്ഥലം മാറ്റങ്ങള്‍ നടത്തുന്നു. സാര്‍വത്രികമായി അഴിമതി നടത്തുകയാണ്. സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നടക്കം കണ്ടു. ഇതിനിടയിലാണ് ലോകായുക്തയുടെ യോഗം വിളിച്ച് ചേര്‍ത്തതെന്ന് ഓര്‍ക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും തോമസ് ഐസക് പ്രതികരിച്ചു. ബിജെപിയുടെ മാള്‍ ആണ് ഗ്യാനേഷ് കുമാറെന്ന് തോമസ് ഐസക് പറഞ്ഞു. തുടക്കം മുതല്‍ തന്നെ ഗ്യാനേഷ് ബിജെപിയുടെ വാലാട്ടിയായി മാറി. ബിജെപിയിലേക്ക് ക്ഷണിക്കുമ്പോള്‍ ഗ്യാനേഷ് കുമാര്‍ ആക്ടീവ് ഓഫീസറാണ്. കേരളത്തില്‍ നിന്ന് ഇനിയും ആരോപണങ്ങള്‍ ഉയര്‍ന്നു വരും. റസിഡന്റ് കമ്മീഷണര്‍ ആയിരുന്നപ്പോള്‍ തന്നെ ബിജെപിയുമായി ഗ്യാനേഷ് കുമാര്‍ ധാരണയില്‍ എത്തി. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ സ്ഥാനത്ത് ഇരിക്കാന്‍ ഗ്യാനേഷ് കുമാര്‍ അര്‍ഹനല്ല. മാറണം, മാറ്റിയേ പറ്റൂ. മിനുക്കുപണി നടത്തി അവിടെ തുടരാം എന്ന് ബിജെപി കരുതേണ്ട. രാജ്യത്ത് നടക്കാന്‍ പോകുന്നത് എല്ലാവരെയും യോജിപ്പിച്ചുള്ള പ്രക്ഷോഭമാണെന്നും തോമസ് ഐസക് പറഞ്ഞു. നേരത്തേ ഗ്യാനേഷ് കുമാറിനെതിരെ വിമര്‍ശനവുമായി തോമസ് ഐസക് രംഗത്തെത്തിയിരുന്നു.

ശനിയാഴ്ചയായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ലോകായുക്ത യോഗം നടന്നത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. അത്യന്തം ഗൗരവതരവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ആഭ്യന്തര മന്ത്രിയുടേതെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഒരു നീതിന്യായ സംവിധാനത്തെ എക്‌സിക്യൂട്ടീവിന്റെ വരുതിയിലാക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം അങ്ങേയറ്റം തെറ്റായ കീഴ് വഴക്കവും കടുത്ത ഭരണഘടനാ ലംഘനവുമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ പ്രതികരണം തെറ്റിദ്ധാരണാജനകവും വസ്തുതകള്‍ക്ക് നിരക്കാത്തുമാണെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ താന്‍ ഇടപെട്ട് ലോകായുക്തയുടെ യോഗം വിളിച്ചിട്ടില്ല. ലോകായുക്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു യോഗമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

Content Highlights- Thomas Isaac told Reporter that Ramesh Chennithala’s action concerning the Lokayukta meeting was deliberate and not due to lack of knowledge. Isaac made the remark while responding to the issue surrounding the meeting. 

To advertise here,contact us