തിരുവനന്തപുരം: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പിനാണ് നാളെ കേരളത്തില്‍ കളമൊരുങ്ങുന്നത്. 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് എന്ന നിലയിലാകും വിലയിരുത്തപ്പെടുക. പ്രിയദർശിനി പദ്ധതി, ആശമാര്‍ക്കുള്ള ഓണറേറിയം വർധിപ്പിച്ചത്, വി ഡി സതീശന്റെ വികസന കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങളാണ് യുഡിഎഫ് പാളയം പ്രചാരണായുധമാക്കുന്നതെങ്കിൽ കറണ്ട് കട്ട് ഉൾപ്പെടെ ചൂണ്ടിക്കാട്ടി പത്ത് വര്‍ഷത്തെ എൽഡിഎഫ് സർക്കാർ മികച്ചതായിരുന്നുവെന്ന പ്രചാരണമാണ് ഇടതുപക്ഷം ആയുധമാക്കിയത്. പൊരുതി നോക്കാൻ ബിജെപിയും കളത്തിലുണ്ട്.
ആകെ 38 തദ്ദേശ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 8 ഇടങ്ങളിലെ ജനപ്രതിനിധികൾ പിന്നീടുവന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എമാര്‍ ആയതോടെ ഒഴിവ് വന്നതാണ്. സുധീര്‍ഷാ പാലോട്-വാമനപുരം, സി വി ശാന്തകുമാര്‍-അടൂര്‍, വിനു ജോബ്-ചങ്ങനാശ്ശേരി, ദീപക് ജോയ്-തൃപ്പൂണിത്തുറ, സുമേഷ് അച്യുതന്-ചിറ്റൂര്‍, ടി എം ശശി-ആലത്തൂര്‍, ഫാത്തിമ തഹ്ലിയ-പേരാമ്പ്ര, ഉഷ വിജയൻ-മാനന്തവാടി എന്നിവര്‍ എംഎല്‍എമാര്‍ ആയതോടെയാണ് ഒഴിവുകൾ വന്നത്. ജില്ലാ പഞ്ചായത്ത് മുതല്‍ കോര്പ്പറേഷന് വാര്‍ഡുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മേല്‍പ്പറഞ്ഞ ഇടങ്ങില്‍ ടി എം ശശി മാത്രമാണ് എല്‍ഡിഎഫ് എന്നിരിക്കെ വിജയ പരാജയങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടനത്തിലെ വിലയിരുത്തലാണെന്ന് കണക്കാക്കപ്പെടും.
സുധീര്‍ ഷാ പാലോട് രാജിവെച്ച കല്ലറ ഡിവിഷന്, സി വി ശാന്തകുമാര്‍ എംഎല്‍എയായതോടെ രാജിവെച്ച അരുവാപ്പുറം പഞ്ചായത്തിലെ കല്ലേലി വാര്‍ഡ്, വിനു ജോബ് എംഎല്‍എ ആയതോടെ രാജിവെച്ച കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിഞ്ഞാനം വാര്‍ഡ്, കൊച്ചി കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ ദീപക് ജോയി തൃപ്പൂണിത്തുറ എഎല്‍എ ആയപ്പോള്‍ ഒഴിഞ്ഞ അയ്യപ്പന്‍കാവ്, ഫാത്തിമ തെഹ്ലിയ എംഎല്‍എ ആയപ്പോള്‍ ഒഴിഞ്ഞ കോഴിക്കോട് കുറ്റിച്ചിറ ഡിവിഷന്, പാലക്കാട് ചിറ്റൂര്‍ എംഎല്‍എയായ സുമേഷ് അച്യുതന് ഒഴിഞ്ഞ പുരുത്തിക്കാവ് വാര്‍ഡ്, ആലത്തൂരില്‍ നിന്ന് ജയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എം ശശി രാജി വെച്ച പല്ലശ്ശന ഡിവിഷൻ, വയനാട് മാനന്തവാടി മണ്ഡലത്തില്‍ നിന്നും ഉഷ വിജയന് ജയിച്ചതോടെ ഒഴിഞ്ഞ മാനന്തവാടി ബ്ലോക്കിലെ പള്ളിക്കല്‍ വാര്‍ഡ് എന്നിവിടങ്ങിൽ വോട്ടെടുപ്പ് നടക്കും. കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലെയും മട്ടന്നൂര്‍, ചിറ്റൂര്‍-തത്തമംഗലം, ചാലക്കുടി നഗരസഭകളിലേയും ഓരോ വാര്‍ഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഓരോ വാര്‍ഡുകളിലെയും ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവടങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് എന്നിരിക്കെ കേരളത്തിലെ മൊത്തം പൊതുവികാരം ഫലത്തിൽ പ്രതിഫലിക്കുമെന്നും കണക്ക് കൂട്ടാം.
സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് മാസം പ്രായമാകുമ്പോള്‍ തന്നെ വിമര്‍ശനങ്ങളും വിവാദങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിടുന്ന സാഹചര്യം മുന്നിലുണ്ട്. വിമാനയാത്രയുമായി ബന്ധപ്പെട്ട സ്പോണ്‍സര്‍ഷിപ്പ് വിവാദം, മന്ത്രിമാരുടെ വിദേശയാത്ര, കെ എം ഷാജിക്കെതിരായ ആഡംബര കാര്‍ യാത്രാ വിവാദം, ബന്ധു നിയമനം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ ഒരു ഭാഗത്തെങ്കില്‍ ഏറ്റവും താഴെത്തട്ടിലുള്ള അടിസ്ഥാനവിഭാഗത്തെ ബാധിച്ച കറന്റ് കട്ടും ആരോഗ്യമേഖലയിലെ പ്രതിസന്ധിയും മറ്റൊരു വശത്തുണ്ട്. യുഡിഎഫ് അവകാശപ്പെടുന്നതുപോലെ ബേബി ഫേസിലുള്ള സര്‍ക്കാര്‍ നേരിടുന്ന കേവലം ആരോപണങ്ങള്‍ മാത്രമാണോ ഇതെന്നും വി ഡി സതീശന് സര്‍ക്കാരിന് ഇളവ് ലഭിക്കുമോയെന്നും മറ്റന്നാളത്തെ ഫലത്തില്‍ ചൂണ്ടിക്കാട്ടപ്പെടും.
പത്ത് വര്‍ഷത്തെ പിണറായി ഭരണകാലം എത്ര മികച്ചതായിരുന്നുവെന്ന പ്രചാരണമാണ് ഇടതുപക്ഷം ശക്തമാക്കിയത്. വി ഡി സതീശന്റെ പ്രവര്‍ത്തനശൈലിയും സമീപനവും പവര്‍ക്കട്ടും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് താഴെത്തട്ടിലെ എല്‍ഡിഎഫ് പ്രചാരണം. പ്രിയദര്‍ശിനി പദ്ധതി ഉള്‍പ്പെടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഓണം മികച്ച നിലയിൽ കെെകാര്യം ചെയ്തതിലെ ജനപിന്തുണ, വി ഡി സതീശന്റെ വികസന കാഴ്ച്ചപ്പാട് എന്നിവ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കുന്നത്. സര്‍ക്കാര്‍ ബേബി ഫേസില്‍ ആണെന്നും ഖജനാവ് കാലിയാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങിയതെന്നും പവര്‍ക്കട്ടിന് ഉള്‍പ്പെടെ വഴിവെച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമെന്നും യുഡിഎഫ് പ്രചാരണത്തിൽ ശക്തമാക്കിയിരുന്നു. എന്നിരുന്നാലും നാളത്തെ ഉപതെരഞ്ഞെടുപ്പില്‍ നേരിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ പോലും തങ്ങൾക്ക് ഗുണം ചെയ്യുമെന്നും യുഡിഎഫിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാവുമെന്നുമാണ് എല്‍ഡിഎഫ് കണക്ക് കൂട്ടുന്നത്. സിറ്റിംഗ് സീറ്റുകൾ നിലനിർത്തിയാൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ ലഭിച്ച ജനപിന്തുണ തുടരുമെന്ന് യുഡിഎഫിന് അവകാശപ്പെടാം.
Content Highlights: Kerala is set to hold the first by-election since the V D Satheesan-led UDF government came to power following the 2026 Assembly election.