കെഎം ഷാജിയുടെ വാദം പൊളിയുന്നു; മന്ത്രിമാര്‍ക്ക് ഉപയോഗിക്കാനാവുക സര്‍ക്കാര്‍ അനുമതി നല്‍കിയ വാഹനം മാത്രം

മന്ത്രിക്ക് സ്വകാര്യവാഹനം ഉപയോഗിക്കാമെന്ന ഉത്തരവ് ഉണ്ടെന്ന് പറഞ്ഞായിരുന്നു റേഞ്ച് റോവര്‍ ഉപയോഗിച്ചതിനെ കെ എം ഷാജി ന്യായീകരിച്ചത്

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങളില്‍ സര്‍ക്കാര്‍ ബോര്‍ഡ് വെയ്ക്കാമെന്ന മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്നു. സര്‍ക്കാര്‍ വാഹനത്തിലോ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത വാഹനത്തിലോ മാത്രമാണ് സര്‍ക്കാരിന്റെ ബോര്‍ഡ് വെയ്ക്കാന്‍ ചട്ടപ്രകാരം അനുമതിയുള്ളത്. സ്വകാര്യ വാഹനത്തില്‍ ബോര്‍ഡ് വെയ്ക്കണമെങ്കില്‍ പൊതുഭരണ വകുപ്പിന്റെ പ്രത്യേക ഉത്തരവ് നിര്‍ബന്ധമാണ്. ഇത് സംബന്ധിച്ച് 2015 ലെ വിജ്ഞാപനം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടു.

ഗവര്‍ണര്‍, എം പി, എംഎല്‍എമാര്‍ എന്നിവര്‍ക്ക് നല്‍കിയിട്ടുള്ള ഇളവുകള്‍ മന്ത്രിമാര്‍ക്കോ ജില്ലാ കളക്ടര്‍മാര്‍ക്കോ ബാധകമല്ലെന്നും ഔദ്യോഗിക അറിയിപ്പില്ലാതെ സ്വകാര്യ ആഡംബര വാഹനങ്ങളില്‍ ഔദ്യോഗിക ബോര്‍ഡ് വെയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും ഉത്തരവില്‍ പറയുന്നു.

മന്ത്രിക്ക് സ്വകാര്യവാഹനം ഉപയോഗിക്കാമെന്ന ഉത്തരവ് ഉണ്ടെന്ന് പറഞ്ഞായിരുന്നു റേഞ്ച് റോവര്‍ ഉപയോഗിച്ചതിനെ കെ എം ഷാജി ന്യായീകരിച്ചത്. ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നാണ് നിയമം എന്നും എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു മന്ത്രി ഇന്ന് പറഞ്ഞത്. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം എന്നതുകൊണ്ട് അതില്‍ യാത്ര ചെയ്യുന്ന എല്ലാവരും മന്ത്രിമാരാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഔദ്യോഗിക പദവി വ്യക്തമാക്കുന്ന 'കേരള സ്റ്റേറ്റ് 13' എന്ന ബോര്‍ഡും ദേശീയ ചിഹ്നവും പതിച്ച് കെ എം ഷാജി റേഞ്ച് റോവര്‍ കാറില്‍ സഞ്ചരിച്ചത് വിവാദമായിരുന്നു. ഔദ്യോഗിക വാഹനം തകരാറിലായതിനാല്‍ സുഹൃത്തിന്റെ വാഹനം ഒരു ദിവസത്തേക്ക് ഉപയോഗിച്ചുവെന്നായിരുന്നു വിവാദത്തോട് നേതൃത്വം പ്രതികരിച്ചത്. എന്നാല്‍ അനുമതിയില്ലാതെ മന്ത്രി മുമ്പും സ്വകാര്യവാഹനം ഉപയോഗിച്ചതിന്റെ തെളിവ് പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസം കാസര്‍കോട്ടെ ഔദ്യോഗിക പരിപാടികള്‍ക്ക് മുസ്ലീം ലീഗ് നേതാവ് സിദ്ദിഖ് പള്ളിപ്പുഴയുടെ ഇന്നോവ ഹൈക്രോസ് കാറാണ് ഉപയോഗിച്ചത്. ഗസ്റ്റ് ഹൗസില്‍ ടൂറിസം വകുപ്പിന്റെ വാഹനം ഒഴിവുണ്ടായിരിക്കെയായിരുന്നു സ്വകാര്യ വാഹനത്തിലെ മന്ത്രിയുടെ ഔദ്യോഗിക യാത്ര.

Content Highlights: Kerala Motor Vehicles Rules state that government name boards can be displayed only on government-owned or government-hired vehicles, subject to applicable provisions

To advertise here,contact us