കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ സസ്പെന്ഷന് നടപടി നേരിട്ട ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുത്ത നടപടിയില്‍ വിമര്‍ശനവുമായി കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്. ഉമേഷിനെ സര്‍വീസില്‍ തിരിച്ചെടുത്തത് സ്വാഭാവികമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് നിജേഷ് അരവിന്ദ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നിജേഷ് അരവിന്ദിൻ്റെ പ്രതികരണം.
ഉമേഷ് പിടിക്കപ്പെടും എന്ന് അറിയുന്നവരാണ് തിരിച്ചെടുക്കലിന് സംവിധാനം ഒരുക്കിയത്. കോഴിക്കോട് യുഡിഎഫിന് 13 ല്‍ 12 സീറ്റും ലഭിച്ചത് ഇതുപോലെ ജനാധിപത്യ വിരുദ്ധരെ സംരക്ഷിക്കാനല്ല. ചേവായൂര്‍ ബാങ്ക് തെരഞ്ഞടുപ്പിനിടെ ഉണ്ടായ അക്രമത്തില്‍ തല്ലുകൊണ്ട പലരും എംഎല്‍എയായപ്പോള്‍ പ്രതീക്ഷ വാനോളമായിരുന്നു. ചേവായൂര്‍ ബാങ്ക് അക്രമത്തില്‍ എസ്ഐടി ഒരു യോഗം പോലും ചേരാതിരുന്നത് കാക്കിക്ക് കാക്കിയോടുള്ള സ്നേഹം കൊണ്ടായിരുന്നുവെന്നും നിജേഷ് അരവിന്ദ് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വിയോജിപ്പുകള്‍ കൂടി പറയുമ്പോഴാണല്ലോ ജനാധിപത്യത്തിന് സൗന്ദര്യം കൂടുക. സസ്പെന്‍ഷനിലായിരുന്ന എസിപി ഉമേഷിനെ തിരിച്ചെടുത്തെന്ന വാര്‍ത്ത കേട്ടു. ഉമേഷ് എന്ന പോലീസ് ഉദ്യോഗസ്ഥനോട് എനിക്ക് രണ്ട് ദിവസത്തെ മാത്രം പരിചയമേയുള്ളൂ. 2024 നവംബര്‍ 15, 16 തീയതികളില്‍ മാത്രം.
ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഇയാളെ ക്രമസമാധാനചുമതല ഹൈക്കോടതി നേരിട്ട് ഏല്പ്പിച്ചതുകൊണ്ട് മാത്രമാണ് നേരില്‍ കണ്ടതും പരിചയപ്പെട്ടതും. ഡിസിസി ചുമതല നല്കിയതുകൊണ്ട് മാത്രമാണ് ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഇടപെട്ടതും പ്രവര്‍ത്തിച്ചതും. രാഷ്ട്രീയ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഒന്നാണ് ആ തെരഞ്ഞെടുപ്പ്. പലരും ചോദിക്കാറുമുണ്ട് എന്തിനാണ് ചേവായൂര്‍ വിഷയത്തില്‍ ഇത്ര അഗ്രസീവ് ആയി പ്രതികരിക്കുന്നതെന്ന്. എന്റെ കണ്മുന്നില് ജനാധിപത്യത്തെ ചവിട്ടിയരച്ച ആ ദിവസത്തെ എന്തുകൊണ്ടോ മനസ്സില്‍ നിന്നും മായ്ക്കാന്‍ കഴിയുന്നില്ല. പുലര്‍ച്ചെ മൂന്ന് മണിയോടെ ജില്ലയിലെ വിവിധഭാഗങ്ങളില്‍ നിന്നും സംഘടിച്ചെത്തിയ സിപിഐഎമ്മുമാര്‍ വ്യാജ ഐഡി കാര്‍ഡുമായി വന്നതും യഥാര്‍ത്ഥ വോട്ടര്‍മാരെ തല്ലിച്ചതച്ചതും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചതും ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന സംഘട്ടനവും എല്ലാ അക്രമങ്ങള്‍ക്കും കുട പിടിച്ച പോലീസിനെയും ഓര്‍ക്കാത്ത ഒരു ദിവസം പോലും എന്റെ രാഷ്ട്രീയജീവിതത്തിലില്ല.
അന്ന് ഒപ്പം നിന്ന് തല്ലുകൊണ്ടവരില്‍ പലരും എംഎല്‍എമാര്‍ ആയപ്പോള്‍ പ്രതിക്ഷകള്‍ വാനോളം ഉയര്‍ന്നിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ചേവായൂരിലെ ജനാധിപത്യം തിരിച്ചു വരുമെന്നും ജനാധിപത്യം തകര്‍ക്കാന്‍ കൂട്ടുനിന്ന എല്ലാവരെയും നിയമത്തിന് മുന്നില്‍ എത്തിക്കുമെന്നും ഉറപ്പായും പ്രതീക്ഷിച്ചിരുന്നു. 2026 ജൂണ്‍ 10ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചേവായൂര്‍ വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ചപ്പോഴും 15 ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാവുമെന്ന് പ്രഖ്യാപിച്ചപ്പോഴും സന്തോഷത്തേക്കാള്‍ അഭിമാനം കൂടി ഉണ്ടായിരുന്നു. ജൂണ്‍ 10 ന് പ്രഖ്യാപിച്ച എസ്ഐടി അംഗങ്ങളുടെ പ്രഖ്യാപനം ആഗസ്റ്റ് 10 വരെ നീണ്ടപ്പോള്‍ തന്നെ ആശങ്കയുണ്ടായിരുന്നു.
15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ട് ആഗസ്റ്റ് 10ന് രൂപീകരിച്ച വിക്രം എസ്പിയുടെ നേതൃത്വത്തിലുള്ള എസ്ഐടി ഇതുവരെ ഒരു യോഗം പോലും ചേരാതിരുന്നതിന്റെ പിന്നിലും കാക്കിക്ക് കാക്കിയോടുള്ള സ്നേഹമാണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച രണ്ട് സിപിഐഎമ്മുകാരെ മഹാ സംഭവം എന്ന പോലെ അറസ്റ്റ് ചെയ്ത് വാര്‍ത്തയാക്കിയതും സാധാരണ കോണ്‍ഗ്രസ്സുകാരെ സന്തോഷിപ്പിച്ച് കൂടെ നിര്‍ത്താനുള്ള പോലീസ് തന്ത്രമാണെന്ന സംശയം ഇപ്പോള്‍ കൂടുതല്‍ ശക്തിപ്പെടുന്നു. ജൂണ്‍ 10ന് പ്രഖ്യാപിക്കപ്പെട്ട എസ്ഐടി ചേവായൂര്‍ ബാങ്ക് തെരത്തെടുപ്പിലെ പോലീസ് വീഴ്ചകള്‍ കൃത്യമായി അന്വേഷിച്ചാല്‍ അട്ടിമറിക്ക് നേതൃത്വം കൊടുത്തതും ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തി നിയമലംഘനം നടത്തിയതുമായ എസിപി എന്നേ പിടിക്കപ്പെടുമെന്ന് കൃത്യമായി അറിയുന്നവര്‍ തന്നെയാണ് ഇന്നത്തെ തിരിച്ചെടുക്കലിനും സംവിധാനം ഒരുക്കിയത്. മുക്കം ബാങ്ക് കോണ്‍ഗ്രസ്് ഭരണസമിതി പിരിച്ചുവിട്ട ഖഞ സുധ ഒരു മാസം കൊണ്ട് കോഴിക്കോട്ട് തിരിച്ചെത്തിയതും. ചേവായൂര്‍ ബാങ്ക് സിപിഐഎമ്മിന് പിടിച്ചുകൊടുത്ത എസിപി ഉമേഷ് തിരിച്ച് സര്‍വ്വീസില്‍ കയറുന്നതും സ്വാഭാവികമാണെന്ന് ആര് വാദിച്ചാലും വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കോഴിക്കോട്ടെ 13 ല്‍ 12ഉം യുഡിഎഫിന് നല്‍കിയത് ഇതുപോലെ ജനാധിപത്യ വിരുദ്ധരെ സംരക്ഷിക്കാനുമല്ല.
2024 നവംബര്‍ 16 ന് ഒരു പകല്‍ മുഴുവന്‍ നിന്ന് തല്ലു കൊണ്ടിട്ടും ഇന്നും പിന്മാറാതെ പൂര്‍വ്വ സൂരികള്‍ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയ ബാങ്കിനെ സംരക്ഷിക്കാന്‍ പോരാട്ടം തുടരുന്ന ചേവായൂരിലെ പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം.
ശനിയാഴ്ചയായിരുന്നു ഡിവൈഎസ്പി ഉമേഷിനെ സര്‍വീസില്‍ തിരിച്ചെടുത്തത്. വകുപ്പുതല അന്വേഷണത്തിന് ശേഷം തിരിച്ചെടുത്തുവെന്നായിരുന്നു ആഭ്യന്തര വകുപ്പ് സസ്പെന്ഷന് പിന്‍വലിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞത്. സര്‍വീസിലെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു സര്‍ക്കാര്‍ നടപടി.
2025 നവംബര്‍ 30നായിരുന്നു വടകര ഡിവൈഎസ്പിയായിരുന്ന ഉമേഷിനെ സസ്പെന്‍ഡ് ചെയ്തത്.
പാലക്കാട് ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ പീഡന പരാമര്‍ശനത്തിന് പിന്നാലെയായിരുന്നു സസ്പെന്ഷന് നടപടി. റെയ്ഡിനിടെ പിടികൂടിയ യുവതിയെ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് ഉമേഷ് പീഡിപ്പിച്ചെന്നും നാല് യുവാക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നുമായിരുന്നു ആരോപണം. 2025 ഏപ്രില്‍ 15-ന് വീട്ടിലെത്തിയ ഉമേഷ് തന്നെ ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
Content Highlights- A DCC general secretary questioned the withdrawal of DYSP Umesh’s suspension, stating that it was difficult to believe the action was routine.