അമിത് ഷായുടെ കൊല്ലം സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയെന്ന് ബിജെപി; പരാതി നല്‍കി ബി ബി ഗോപകുമാര്‍ എംഎല്‍എ

സുരക്ഷാ വീഴ്ചയ്ക്ക് പിന്നില്‍ ഒത്തുകളിയുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയെന്ന് ബിജെപി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാര്‍ എംഎല്‍എ പരാതി നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് ബി ബി ഗോപകുമാര്‍ പരാതി നല്‍കിയത്. സുരക്ഷാ വീഴ്ചയ്ക്ക് പിന്നില്‍ ഒത്തുകളിയുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു.

കുണ്ടറയിലെയും അമൃതാനന്ദമയി മഠത്തിലെയും പരിപാടികളില്‍ പങ്കെടുക്കാനായായിരുന്നു അമിത് ഷാ ജില്ലയില്‍ എത്തിയത്. ഇതിനിടെ അമിത് ഷായ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബിജെപി രംഗത്തെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തിൽ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ബി ബി ഗോപകുമാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. വിവിഐപി വാഹനം കടന്നുപോയ വഴിയില്‍ വെറും അന്‍പത് മീറ്റര്‍ മാത്രം അകലെ പ്രതിഷേധക്കാര്‍ക്ക് എത്താന്‍ സാധിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്നും ഗോപകുമാർ പറഞ്ഞു.

പ്രതിഷേധ സംഘത്തില്‍ കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിവിഐപിയുടെ സുരക്ഷാ വലയത്തിലേക്ക് ജനപ്രതിനിധികള്‍ അടങ്ങുന്ന സംഘത്തിന് എങ്ങനെ പ്രവേശനം ലഭിച്ചു എന്നത് ഗൗരവമായി പരിശോധിക്കണം. ഇതൊരു സാധാരണ പ്രതിഷേധമായി രണ്ട് നിസ്സാരവത്ക്കരിക്കാന്‍ കഴിയില്ല. പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്.

Content Highlights- BJP MLA B B Gopakumar filed complaints with the Kerala DGP and Union Home Secretary alleging a security lapse during Union Home Minister Amit Shah’s Kollam visit.

To advertise here,contact us