ടോം ജോസഫിനെതിരെ ഇൻ്റലിജൻസ് മുന്നറിയിപ്പും; ഗവർണർക്കൊപ്പം വേദി പങ്കിടാൻ അനുവദിച്ചില്ല; സംഭവം കഴിഞ്ഞ വർഷം

സ്വന്തം സ്ഥാപനത്തിന്റെ പരിപാടിയില്‍ ഇരിപ്പിടമില്ലാതെ ടോം വിട്ടുനിന്നിരുന്നു

കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടറും വ്യാജരേഖ ചമച്ച കേസില്‍ പ്രതിയുമായ ടോം എം ജോസഫിനെതിരെ പൊലീസ് ഇന്റലിജന്‍സ് മുന്നറിയിപ്പും. ടോം ജോസഫിന്റെ ക്രിമിനല്‍ പശ്ചാത്തലം ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പതിമൂന്നിന് ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവര്‍ണറെ പങ്കെടുപ്പിച്ച് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന് മുന്നോടിയായായിരുന്നു ഇന്റലിജന്‍സ് വിഭാഗം ടോമിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. ക്രിമിനല്‍ പശ്ചാത്തലത്തെ തുടര്‍ന്ന് ടോം ജോസഫിനെ ഗവര്‍ണറുടെ പരിപാടിയില്‍ വേദിയിലിരിക്കാന്‍ അനുവദിച്ചിരുന്നില്ല. സ്വന്തം സ്ഥാപനത്തിന്റെ പരിപാടിയില്‍ ഇരിപ്പിടമില്ലാതെ ടോം വിട്ടുനിന്നു. അടിപിടി, വഞ്ചന, വ്യാജരേഖ കേസുകളില്‍ പ്രതിയാണ് ടോം ജോസഫ്.

അതിനിടെ ടോം ജോസഫിനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു. 2018ല്‍ മറ്റൊരു സ്ഥാനപത്തിന്റെ പേരില്‍ ഫീസ് പിരിച്ചതായാണ് വിവരം. അംഗീകാരമില്ലാത്ത ഐഎസ്‌സിഎ എന്ന കമ്പനിയുടെ പേരിലാണ് ഫീസ് പിരിച്ചത്. ഒന്നര വര്‍ഷത്തെ കോഴ്‌സിന് 2.75 ലക്ഷം രൂപ വരെയാണ് ഫീസ് ഇനത്തില്‍ ഈടാക്കിയത്. എന്നാല്‍ ഒന്നര വര്‍ഷത്തെ കോഴ്‌സ് മൂന്ന് വര്‍ഷം കൊണ്ടും തീര്‍ന്നില്ല എന്നാണ് ആരോപണം. ടോം ജോസഫിനെതിരെ ഉപഭോക്തൃ കോടതിയില്‍ കേസ് നടത്തുകയാണ് വിദ്യാര്‍ത്ഥികള്‍. അടിമുടി തട്ടിപ്പാണ് നടക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വ്യാജ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ ടോം ജോസഫിന് തൊഴില്‍-നൈപുണ്യ വകുപ്പിന് കീഴിലെ കെഎഎസ്ഇയില്‍ ഡയറക്ടര്‍ പദവി നല്‍കിയെന്നുള്ള വാര്‍ത്ത റിപ്പോര്‍ട്ടറായിരുന്നു പുറത്തുവിട്ടത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിന്റെ വിചാരണ അനന്തമായി നീളുകയാണ്. ഇതിനിടെയാണ് കേസിലെ പ്രതിക്ക് സര്‍ക്കാര്‍ നിയമനം നല്‍കിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശനും രണ്ട് മന്ത്രിമാര്‍ക്കും ടോം ജോസഫിന്റെ ഉടമസ്ഥതയിലുള്ള ജെയിന്‍ യൂണിവേഴ്‌സിറ്റി 'പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്' പദവി നല്‍കിയെന്നുള്ള വിവരം പുറത്തുവന്നു. വി ഡി സതീശന് പുറമേ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനും വനം, നൈപുണ്യ വകുപ്പ് മന്ത്രി ഷിബു ബേബി ജോണിനുമാണ് പദവി നല്‍കിയത്. നേരത്തേ ടോം ജോസഫിന് ഷിബു ബേബി ജോണ്‍ കൈകാര്യം ചെയ്യുന്ന നൈപുണ്യ വകുപ്പിന് കീഴിലെ കെഎഎസ്ഇയില്‍ ഡയറക്ടര്‍ സ്ഥാനം നല്‍കിയിരുന്നു. സംഭവം വിവാദമായിട്ടും ഷിബു ബേബി ജോണ്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല.

Content Highlights- Tom Joseph was reportedly excluded from an event stage alongside the Governor following a warning from police intelligence. The report concerns security-related considerations surrounding his participation in the event.

To advertise here,contact us