കൊച്ചി: സാബു എം ജേക്കബിനെതിരായ കിറ്റെക്സ് സാമ്പത്തിക ക്രമക്കേടില്‍ സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡിന് ഹൈക്കോടതിയുടെ നോട്ടീസ്. പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ഹൈക്കോടതി നോട്ടീസില്‍ ആവശ്യപ്പെട്ടു. കിറ്റെക്സ് ഗാര്‍മെന്റ്സിനും കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയറിനും ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഓഹരി ഉടമയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
സാബു എം ജേക്കബിനെതിരായ പരാതിയില്‍ സെബി സമയബന്ധിതമായി തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഓഹരി ഉടമ മുഹമ്മദ് ഫിര്‍ദൗസ് എ വി ഹൈക്കോടതിയെ സമീപിച്ചത്. കിറ്റെക്സിനെതിരെ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നല്കിയ പരാതിയില്‍ സെബി തീരുമാനമെടുത്തില്ല. നിയമപരമായ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ സെബി പരാജയപ്പെട്ടു. കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ കിറ്റെക്സ് യുഎസ്എ എല്‍എല്‍സി വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നും ഓഹരി ഉടമ ചൂണ്ടിക്കാട്ടിയിരുന്നു. കിറ്റെക്സ് യുഎസ്എയ്ക്കായി കിറ്റെക്സ് ഗാര്‍മെന്റ്സ് നടത്തിയത് 1,838 കോടിയുടെ കയറ്റുമതിയാണ്. കിറ്റെക്സ് ഗാര്‍മെന്റ്സിന് കിറ്റെക്സ് യുഎസ്എ നല്‍കാനുള്ള കിട്ടാക്കടം 200 കോടി രൂപയാണ്. ഈ തുക തിരിച്ചുപിടിക്കാന്‍ കഴിയുമോ എന്നതില്‍ ഓഡിറ്റര്‍ക്ക് സംശയമുണ്ടെന്നും ഓഹരി ഉടമ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കിറ്റെക്സ് യുഎസ്എ സാമ്പത്തിക തകര്‍ച്ചയില്‍ എന്നാണ് രേഖകള്‍. ഇ ഡ നോട്ടീസിന് തൊട്ട് പിന്നാലെ 94 കോടി രൂപ തിരിച്ചടച്ചു. ഇത് കൃത്രിമമായി ഫണ്ട് വെളുപ്പിക്കാനുള്ള നീക്കമാണ്. ഒരു ഇടപാടും ഇല്ലാതെ 46 കോടി രൂപ കിറ്റക്സ് ചില്‍ഡ്രന്‍സ് വെയറിന് കമ്മീഷന് നല്കി. ഇന്ത്യയില്‍ നിന്ന് കമ്മീഷന് രൂപത്തില്‍ പണം വിദേശത്തേക്ക് നല്കി. വിദേശത്ത് നിന്ന് കയറ്റുമതി കുടിശ്ശിക എന്ന നിലയില്‍ പണം തിരിച്ചെത്തിച്ചു. ഇത് ഫണ്ട് റൂട്ടിംഗ് ആണെന്നും മുഹമ്മദ് ഫിര്‍ദൗസ് ആരോപിച്ചു.
കിറ്റെക്സ് യുഎസ്എ സ്വതന്ത്ര ഇടനിലക്കാരന് അല്ലെന്ന് സംസ്ഥാന ജിഎസ്ടി കണ്ടെത്തി. പ്രമോട്ടര്‍മാരുമായി ബന്ധപ്പെട്ട സ്ഥാപനമാണതെന്നും ജിഎസ്ടി കണ്ടെത്തിയിട്ടുണ്ട്. കമ്മീഷന് ഇടപാടില്‍ കിറ്റക്സിനെതിരെ നടപടി എടുക്കാന്‍ ജിഎസ്ടി ശുപാര്‍ശയുണ്ട്. കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയര്‍ ടെക്സ്റ്റൈല്‍ വിഭാഗത്തില്‍ ലയിപ്പിക്കാനാണ് നീക്കം. ഓഹരി ഉടമകളെ ബാധിക്കുന്നതാണ് ലയന പദ്ധതി. വ്യാജ വരുമാന കണക്കും കിട്ടാക്കടങ്ങളും നിലവിലുണ്ട്. ലയനം നടപ്പാക്കിയാല്‍ പ്രമോട്ടര്‍മാര്‍ക്ക് അവിഹിത ലാഭവും ഓഹരി ഉടമകള്‍ക്ക് നഷ്ടവും ഉണ്ടാകും. ബാലന്‍സ് ഷീറ്റിലെ സാമ്പത്തിക തിരിമറി സെബി ചട്ടങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. സെബിക്ക് നല്കിയ പരാതിയില്‍ സമയബന്ധിത തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നും മുഹമ്മദ് ഫിര്‍ദൗസ് ആവശ്യപ്പെട്ടിരുന്നു.
Content Highlights- The Kerala High Court has issued a notice to SEBI on a petition filed by a Kitex shareholder concerning alleged financial irregularities involving the company and Sabu M Jacob.