ESA കരട് വിജ്ഞാപനം: കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് പുറത്തുവിട്ടില്ല, ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് വിമർശനം

12 ജില്ലകളിലാണ് ഇഎസ്‌എ വില്ലേജുകളുള്ളത്

കോഴിക്കോട്: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനത്തിന്റെ അന്തിമ റിപ്പോര്‍ട്ടിലും യുഡിഎഫ് സര്‍ക്കാര്‍ ഒളിച്ച് കളിക്കുന്നുവെന്ന് ആക്ഷേപം. കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും വിവരങ്ങള്‍ ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. പശ്ചിമഘട്ടത്തിലെ വനവിസ്തൃതി എത്രയാണെന്നും പരിസ്ഥിതി ലോല മേഖലയുടെ മാപ്പ് എവിടെയെന്നുമുള്ള ചോദ്യമാണ് പശ്ചിമഘട്ട ജനസംരക്ഷണ സമിതി ഉയർത്തുന്നത്. അധികാരത്തില്‍ എത്തി മൂന്ന് മാസം പിന്നിട്ടിട്ടും യുഡിഎഫ് സര്‍ക്കാര്‍ എന്തുകൊണ്ട് പഠനം നടത്തിയില്ല എന്നും ചോദ്യം. സര്‍ക്കാരിന്റേത് ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടെന്നും സമിതി ആരോപിച്ചു. മലയോരമേഖലയുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി മലയോര യാത്ര നടത്തിയ മുഖ്യമന്ത്രി, ബഫര്‍ സോണിലുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മലയോര കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുമെന്ന ഉറപ്പാണ് നല്‍കിയിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നാലാം മാസത്തിലേക്ക് കടക്കുമ്പോഴും മലയോരമേഖലയുടെ ആശങ്കയ്ക്ക് എന്ത് പരിഹാരമാണ് ഉണ്ടാക്കിയതെന്ന വിമര്‍ശനമാണ് ഉയരുന്നത്.

2013ലെ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള തരത്തില്‍ ഇഎസ്എയുടെ പരിധിയില്‍ നിന്ന് കൃഷിഭൂമിയും ജനവാസമേഖലകളും ഒഴിവാക്കണമെന്ന നിര്‍ദേശം ഒഴികെ മറ്റൊന്നും പുതിയതായി കൂട്ടിച്ചേര്‍ക്കാന്‍ നിലവിലെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ട് വന്നിട്ടും മലയോര കര്‍ഷകര്‍ ആശങ്കയിലായിരുന്നു.131 വില്ലേജുകള്‍ എന്നത് 98ആയി കുറയ്ക്കണമെന്ന ആവശ്യം ഉന്നയിക്കുമ്പോഴും ഇപ്പോള്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ജനവാസമേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഏകദേശം 8000ല്‍ പരം ചതുരശ്ര അടി വരുന്ന മേഖലയാണ് ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുന്ന തരത്തില്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഈ പ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

ഏത് മാപ്പിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടെന്ന് വ്യക്തമാക്കിയാല്‍ മാത്രമേ ഈ മേഖലകള്‍ ഒഴിവാക്കിയോ എന്നതില്‍ ഒരു ഉറപ്പ് നല്‍കാന്‍ സര്‍ക്കാരിന് കഴിയുകയുള്ളു. ഈ മാപ്പ് എപ്പോള്‍ തയ്യാറാക്കിയതാണെന്നും വ്യക്തമാക്കണം. ഇപ്പോള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകുന്നത് 2024ലെ മാപ്പാണ്. ഈ മാപ്പ് പരിശോധിച്ചാല്‍ ജനവാസമേഖലകളും കൃഷിയിടങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നത് വ്യക്തമാണ്. സര്‍ക്കാര്‍ നിലവില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ എന്ത് മാറ്റമാണ് വരുത്തിയിരിക്കുന്നത്, ജനവാസമേഖലയും കൃഷിയിടങ്ങളും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ടോ, മാപ്പ് പരിഷ്‌കരിച്ചിട്ടുണ്ടോ, പുതിയ മാപ്പ് ഏതാണ് എന്നുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തവരുത്താനുണ്ട്.

2014ല്‍ ഉണ്ടായിരുന്ന കണക്കിനെക്കാള്‍ കൂടുതലാണ് നിലവിലെ റിപ്പോര്‍ട്ടിലുള്ള വനഭൂമി എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. 2024ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് 9993ചതുരശ്ര കിലോമീറ്ററോളമുള്ള പ്രദേശം വനഭൂമിയാണെന്നാണ്. എന്നാല്‍ നിലവിലത് 8590 ചതുരശ്ര കിലോമീറ്ററായി കുറച്ചിട്ടുണ്ട്. ഈ മാറ്റം വരുമ്പോഴും 98ഓളം ഗ്രാമങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഇതില്‍ നിരവധി ജനവാസമേഖല വനഭൂമിയോട് കൂടിക്കലര്‍ന്നാണ് കിടക്കുന്നത്. വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മാപ്പില്‍ നിന്നും ഇക്കാര്യമാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നതും. 12 ജില്ലകളിലാണ് ഇഎസ്‌എ വില്ലേജുകളുള്ളത്. എന്നാല്‍ 2014ലേതിന് സമാനമായ അവസ്ഥയിലേക്ക് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തണമെന്നാണ് പശ്ചിമഘട്ട ജനസംരക്ഷണ സമിതി ആവശ്യപ്പെടുന്നത്. 33 വില്ലേജുകളെ ഒഴിവാക്കണമെന്നാണ് ആവശ്യം. ജനവാസമേഖലകള്‍, കൃഷിയിടങ്ങള്‍, പ്ലാന്റേഷനുകള്‍ എന്നിവയെ പൂര്‍ണമായും ഒഴിവാക്കണമെന്നതാണ് പ്രധാന ആവശ്യം.

Content Highlights: The report submitted to the Centre regarding the ESA draft notification has not been made public

To advertise here,contact us