തിരുവനന്തപുരം: സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുകൾ പുറത്തുവിട്ട ഷോൺ ജോർജിന്റെനടപടിയിൽ ബിജെപിയിൽ അതൃപ്തി. വി മുരളീധരനെ സംശയ നിഴലിലാക്കിയെന്നാണ് വിമർശനം. സിഎംആർഎൽ-എക്സാലോജിക് കേസിൽ പിണറായി വിജയനിൽ നിന്ന് ശ്രദ്ധതിരിച്ചുവെന്നും ആരോപണമുയർന്നു.
പാർട്ടി തീരുമാനം ഉപാധ്യക്ഷൻ പ്രഖ്യാപിക്കുന്നതിലും നേതാക്കൾക്ക് അതൃപ്തിയുണ്ട്. കൃഷ്ണദാസ് പക്ഷവും മുരളീധര വിഭാഗവും വിമർശനവുമായി രംഗത്തെത്തി. ഷോൺ ജോർജ് പുറത്തുവിട്ട രേഖയിൽ തനിക്കൊരു ഉത്തരവാദിത്തവും ഇല്ലെന്നും സംസ്ഥാന അധ്യക്ഷനാണ് ഷോൺ ജോർജിനോട് വിശദീകരണം തേടേണ്ടതെന്നും വി മുരളീധരൻ പറഞ്ഞു.
ശശിധരൻ കർത്തയുടെ കൈയിൽ നിന്ന് ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്ന് വി മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു. 2010-15 വരെ പാർട്ടി അധ്യക്ഷനാണ്. തന്റെ വീട്ടിൽ നിന്ന് പണം കൊണ്ടു വന്നല്ല പാർട്ടി പ്രവർത്തനം നടത്തിയത്. പ്രവർത്തകർ പലരുടെ കൈയിൽ നിന്നും പിരിവ് വാങ്ങിയിട്ടുണ്ട്. അത് സംസ്ഥാന അധ്യക്ഷന്റെ അറിവോടെ ആയിരിക്കില്ല. ബിജെപിയിൽ വി മുരളീധരൻ ഒരാൾ അല്ല. മറ്റ് മുരളീധരന്മാരിൽ ആരെങ്കിലും ആണോ വാങ്ങിയത് എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമാനയാത്രയ്ക്കായി വി ഡി സതീശന് ഏത് സുഹൃത്താണ് പണം മുടക്കിയത് എന്ന് പറയണമെന്നും വി മരളീധരൻ ആവശ്യപ്പെട്ടു. ഹോട്ടൽ പരിശോധനയ്ക്ക് പോകുന്നവർ ഹോട്ടലിന്റെ വാഹനം ഉപയോഗിക്കുമോ. വ്യാജവാറ്റ് തടയാൻ വാറ്റുകാരുടെ വാഹനം എടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
എസ്എഫ്ഐഒയുടെ കുറ്റപത്രത്തില്‍ പരാമര്‍ശിച്ച ശശിധരൻ കർത്തയുടെ ഡയറിയുടെ പൂര്‍ണ്ണഭാഗം ഇന്നലെ റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. ഇതില്‍ നിന്നാണ് വിവരങ്ങള്‍ പുറത്തായത്. രണ്ട് ഭാഗങ്ങളിലായാണ് വി മുരളീധരൻ്റെ പേര് പരാമർശിക്കുന്നത്. ആദ്യത്തെ ഭാഗത്ത് മൂന്ന് ലക്ഷം രൂപയും രണ്ടാമത്തെ ഭാഗത്ത് രണ്ട് ലക്ഷം രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വി മുളീധരൻ്റെ പേര് കൂടാതെ ആർഎസ്എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും പേരും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആർഎസ്എസിന് നേർക്ക് അഞ്ച് ലക്ഷം രൂപയും ഹിന്ദു ഐക്യവേദിയുടെ പേരിനൊപ്പം 50,000 രൂപയുമാണ് രേഖപ്പെടുത്തിയിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ്റെ പേരും ഡയറിയിലുണ്ട്. അഞ്ച് ലക്ഷം രൂപയാണ് വെള്ളാപ്പള്ളി നടേശൻ്റെ പേരിന് നേരെ എഴുതിയിരിക്കുന്നത്. കൂടാതെ ഡിജിപി എന്നും എസ് പി എന്നും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സിഎംആര്‍എല്‍ എം ഡി ശശിധരന് കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരുൾപ്പെടെയുണ്ടെന്ന വ്യക്തമാക്കുന്ന വിവരങ്ങള്‍ ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. അഞ്ചുലക്ഷം രൂപയും ടിക്കുമാണ് സതീശന്റെ പേരിന് നേരെയുള്ളത്. വിവിധ നേതാക്കളുടെ പേരുകള്‍ക്കൊപ്പമാണ് വി ഡി സതീശന്റെ പേരുള്ളത്.
ഇബ്രാഹിംകുഞ്ഞ്, തങ്ങള്‍, ചെന്നിത്തല, വി ഡി സതീശന്, ഉമ്മന്‍ ചാണ്ടി, കെ മുരളീധരന്, ഹൈബി ഈഡന്, ബെന്നി, എം പി വീരേന്ദ്രകുമാര്‍, കെ ബി ഗണേഷ് കുമാര്‍, പാലോട് രവി, ടി എം ജേക്കബ്, ജി സുധാകരന്, അന്‍വര്‍ സാദത്ത്, ജോണി നെല്ലൂര്‍, കെ ആര് ഗൗരിയമ്മ, ഷിബു ബേബി ജോണ്‍, പിണറായി വിജയന്, എളമരം, പന്ന്യന്‍, എസ് ശര്‍മ, വി എസ് അച്യു, പി രാജീവ്, ഗോവിന്ദന് മാസറ്റർ, സി കെ ചന്ദ്രപ്പന്, കെ ചന്ദ്രന് പിള്ള തുടങ്ങിയ പേരുകളാണ് ഷോണ്‍ പുറത്തുവിട്ട ഡയറിയിലെ പേജിലുണ്ടായിരുന്നത്. എന്നാലിതിൽ ബിജെപി നേതാക്കളുടെ പേരുകൾ ഉണ്ടായിരുന്നില്ല. പിന്നാലെയാണ് വി മരളീധരന്റെ പേരുൾപ്പെടെ നേതാക്കളുടെ പേരുൾപ്പെട്ട ഡയറിയുടെ ഭാഗം പുറത്തുവന്നത്.
Content Highlights: Sasidharan Kartha Diary: BJP conflict Shone George’s Move to Reveal Names