'പ്രളയദുരിതാശ്വാസം കിട്ടിയവരും കിട്ടിയില്ലെന്ന് കള്ളം പറയുന്നു'; ദുരിതബാധിതരെ അധിക്ഷേപിച്ച് റെജിചെറിയാന്‍

മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നവര്‍ ഇതുകൊണ്ട് ജീവിക്കുന്നവരാണെന്നും കിട്ടിയവരും കിട്ടിയില്ലെന്ന് പറയുന്നുവെന്നുമാണ് റെജി ചെറിയാന്റെ ആരോപണം

തിരുവനന്തപുരം: കുട്ടനാട്ടിലെ ദുരിതബാധിതരെ അധിക്ഷേപിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നവര്‍ ഇതുകൊണ്ട് ജീവിക്കുന്നവരാണെന്നും കിട്ടിയവരും കിട്ടിയില്ലെന്ന് പറയുന്നുവെന്നുമാണ് റെജി ചെറിയാന്റെ ആരോപണം. കമ്മീഷന്‍ ചോദിക്കുന്നത് കൊണ്ട് കിട്ടിയവരും കിട്ടിയില്ലെന്ന് പറയുകയാണ്. ഇവര്‍ മാധ്യമങ്ങളോട് കള്ളം പറയുകയാണെന്നുമാണ് റെജി ചെറിയാന്റെ വാദം. നഷ്ടപരിഹാരമായി നല്‍കാമെന്നേറ്റ പണം ഇതുവരെ നല്‍കിയിട്ടില്ലെന്നും ദുരിതബാധിതരുടെ പട്ടിക പോലും കൃത്യമായി തയ്യാറാക്കിയിട്ടില്ലെന്നും കുട്ടനാട് നിവാസികള്‍ പരാതി ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എംഎല്‍എയുടെ പ്രതികരണം.

പ്രളയം ബാധിച്ചവര്‍ക്ക് പണം കൊടുക്കും എന്നുള്ള ഉറപ്പുകൊണ്ടാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതെന്ന് റെജി ചെറിയാന്‍ പറഞ്ഞു. ആറ് ദിവസം താന്‍ യുഎഇയില്‍ ആയിരുന്നുവെന്നും എന്നും രാവിലെ എംഎല്‍എയ്‌ക്കെതിരെ വാര്‍ത്ത കൊടുക്കുന്നതാണ് കാണുന്നതെന്നും എംഎല്‍എ പ്രതികരിച്ചു.

എംഎല്‍എയുടെ അക്കൗണ്ടില്‍ കൊടുത്തിട്ട് എംഎല്‍എ കൊടുക്കേണ്ട പണമല്ല ഇത്. പണം കളക്ടറേറ്റുകളിലേക്ക് നേരത്തെ എത്തിയതാണ്. അര്‍ഹരെ കണ്ടെത്താനുള്ള കാലതാമസമാണിപ്പോള്‍ ഉള്ളത്. കിട്ടാത്തവര്‍ക്ക് പരാതി പറയാന്‍ അവസരമുണ്ടെന്നും റെജി ചെറിയാന്‍ പറഞ്ഞു. അര്‍ഹരായ ഒരാളെ പോലും ഒഴിവാക്കില്ല. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാവര്‍ക്കും കിട്ടും. കുട്ടനാട് ജനങ്ങള്‍ സമരം ചെയ്തല്ല പണം വാങ്ങിയത്. ദുരിതം കണ്ടറിഞ്ഞാണ് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെയോ എംഎല്‍എയുടെയോ അക്കൗണ്ടില്‍ നിന്നല്ല പണം. അങ്ങനെ ആയിരുന്നെങ്കില്‍ ഉടന്‍ എടുത്ത് നല്‍കാമായിരുന്നു. രണ്ട് അക്കൗണ്ടുകളില്‍ നിന്ന് വേണം പണം ജനങ്ങളിലേക്ക് എത്താന്‍. അത് ജനങ്ങള്‍ക്ക് നല്‍കി വരുകയാണ്. കൃത്യമായ കണക്ക് എടുത്താണ് പണം നല്‍കുന്നത്. ഒന്നോ പത്തോ ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കാന്‍ കഴിയില്ലെന്നും നിയമപരമായി പണം നല്‍കി വരുന്ന കാലതാമസം മാത്രമാണ് ഉള്ളതെന്നും റെജി ചെറിയാന്‍ പറഞ്ഞു.

അതേസമയം, എല്‍ഡിഎഫ് കാലത്ത് തോന്നിയത് പോലെയാണ് പണം നല്‍കിയതെന്നും എംഎൽഎ വിമർശിച്ചു. ചിലര്‍ക്ക് കിട്ടി ചിലര്‍ക്ക് കിട്ടിയില്ല, ചിലരൊക്കെ സ്വന്തം പോക്കറ്റില്‍ ആക്കിയെന്നും റെജി ചെറിയാന്‍ ആരോപിച്ചു. എല്‍ഡിഎഫ് ഭരണകാലത്ത് 2018ല്‍ പണം ജനങ്ങളിലേക്ക് കൃത്യമായി എത്തിയില്ല. അക്കൗണ്ടില്‍ അല്ല പണം കൊടുത്തത്. പണം എണ്ണിക്കൊടുക്കുകയായിരുന്നു. അതില്‍ പരക്കെ പരാതിയായിരുന്നു. പൈസ അടിച്ചുമാറ്റിയ പല കേസുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും റെജി ചെറിയാന്‍ ആരോപിച്ചു.

Content Highlights: Congress MLA Reji Cherian has drawn criticism over his remarks on Kuttanad flood victims while defending the government’s handling of financial assistance and explaining the delay in reaching eligible beneficiaries

To advertise here,contact us