തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ മുമ്പൊരിക്കലുമില്ലാത്തവിധം വലിയ ഭീഷണി നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ക്കപ്പെടുന്ന ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങള്‍ രേഖപ്പെടുത്തിയ നിയമപരമായ അഭിപ്രായങ്ങള്‍ പോലും തള്ളിക്കളഞ്ഞുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നടത്തുന്ന ഏകാധിപത്യപരമായ ഇടപെടലുകള്‍ അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് പിണറായി വിജയന് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൂട്ടുത്തരവാദിത്തം ഗ്യാനേഷ് കുമാര്‍ പൂര്‍ണമായും ഇല്ലാതാക്കി. ഭരണകക്ഷിക്ക് അനുകൂലമായി കമ്മീഷനെ ചലിപ്പിക്കാനും അധികാരം അട്ടിമറിക്കാനുമുള്ള ശ്രമമാണ് ഗ്യാനേഷ് കുമാര്‍ നടത്തുന്നത്. എസ്ഐആര്‍, എസ്എസ്ആര്‍ തുടങ്ങിയ വോട്ടര്‍പട്ടിക പുനഃപരിശോധനാ പ്രക്രിയകളില്‍ സുതാര്യതയില്ലാത്ത തീരുമാനങ്ങളാണ് അടിച്ചേല്‍പ്പിക്കുന്നത്. ഈ കൃത്രിമങ്ങള്‍ക്കെല്ലാം ഇലക്ഷന് കമ്മീഷന് ആസ്ഥാനത്ത് നിന്നുതന്നെയാണ് നേതൃത്വം നല്‍കിയത് എന്ന മാധ്യമ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഈ ഗൂഢാലോചന, ഭരണഘടന ഉറപ്പുനല്‍കുന്ന സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം എന്ന അടിസ്ഥാന അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു.
ഈ ഗുരുതരമായ സാഹചര്യത്തില്‍ മൗനം പാലിക്കാനാകില്ല. ജനാധിപത്യ ധ്വംസനത്തിനെതിരെ രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുകയാണ്. ഭരണകക്ഷിക്ക് അനുകൂലമായി ജനാധിപത്യ സംവിധാനത്തില്‍ കൃത്രിമം കാണിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഉടനടി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം. സുതാര്യമല്ലാത്ത വോട്ടര്‍പട്ടിക പുനഃപരിശോധനാ പ്രക്രിയകള്‍ അടിയന്തരമായി നിര്‍ത്തിവെച്ച്, പട്ടികയില്‍ നിന്ന് അന്യായമായി ഒഴിവാക്കപ്പെട്ടവരുടെ വോട്ടവകാശം പുനഃസ്ഥാപിക്കാന്‍ തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു
ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തില്‍ ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 2 വരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും പങ്കുചേരണം. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്റെ നിലനില്‍പ്പിനായി ഈ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ ഒരുമിച്ച് ശബ്ദമുയര്‍ത്താമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Content Highlights- Opposition leader Pinarayi Vijayan has called for the immediate removal of Gyanesh Kumar from his position, alleging that collective responsibility in the Election Commission has been undermined.