'മുഖ്യമന്ത്രിയുടെ നിഴൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന കാടത്തപരമായ നിലപാടിലേക്ക് കേരളം മാറി' : എം വി ഗോവിന്ദൻ

നരേന്ദ്രമോദി നടത്തുന്ന പോലെ മാധ്യമങ്ങള്‍ക്ക് മേലുള്ള കടന്നാക്രമണം കേരളത്തില്‍ വി ഡി സതീശന്‍ കൈകാര്യം ചെയ്യുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു

കൊച്ചി: റിപ്പോര്‍ട്ടറിന്റെ വാര്‍ത്ത മെറ്റ നീക്കം ചെയ്ത നടപടിയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.മുഖ്യമന്ത്രിയുടെ നിഴല്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്ന നിലപാടിലേക്ക് കേരളം മാറിയെന്ന് എം വി ഗോവിന്ദന്‍ വിമർശിച്ചു. 'മുഖ്യമന്ത്രിയുടെ പേരും ഫോട്ടോയും ഉപയോഗിക്കാന്‍ പാടില്ല, നിഴല്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന കാടത്തപരമായ നിലപാടിലേക്ക് കേരളം മാറുകയാണ്'; എന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. നരേന്ദ്രമോദി നടത്തുന്ന പോലെ മാധ്യമങ്ങള്‍ക്ക് മേലുള്ള കടന്നാക്രമണം കേരളത്തില്‍ വി ഡി സതീശന്‍ കൈകാര്യം ചെയ്യുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

മന്ത്രിമാരുടെ വിദേശയാത്രയിലും അദ്ദേഹം പ്രതികരിച്ചു. സ്‌പോണ്‍സര്‍മാരുടെ സഹായം കൈപ്പറ്റി കൊണ്ട് വിദേശ യാത്ര നടത്താമെന്നാണ് മുഖ്യമന്ത്രി തന്നെ പറഞ്ഞ് കഴിഞ്ഞതാണ്. ഇനി പോകുന്ന നാല് മന്ത്രിമാരും അങ്ങനെയാണ് പോകുന്നതെങ്കില്‍ അപകടകരമായ അവസ്ഥയിലേക്ക് കേരളത്തെ എത്തിക്കും. അഴിമതി നടത്തി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയും സണ്ണി ജോസഫും അത് തന്നെയാണ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ അന്വേഷണത്തിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പിണറായിക്കെതിരെ തെളിവിന്റെ ഒരു അംശം പോലുമില്ലെന്നും പാര്‍ട്ടിക്കെതിരെ കടന്നാക്രമണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദി - ഇഡി വി ഡി കൂട്ടുകെട്ടാണ് ഇതിന് പിന്നില്‍. തെളിവുണ്ടെന്ന് പറഞ്ഞ് കഥ രചിക്കുകയാണ്. കര്‍ത്തയില്‍ നിന്ന് താനൊരു പണവും വാങ്ങിയിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മെസ്സി വിവാദത്തില്‍ അന്നത്തെ കായിക മന്ത്രിക്കെതിരെ അന്വേഷണം നടക്കട്ടേയെന്നും ഒരു തെളിവുമില്ലാത്ത കാര്യമാണ് അതിനാല്‍ ഒരു ഭയവുമില്ലെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: CPIM leader M V Govindan made a remark about the Chief Minister and the political situation in Kerala, saying the state has reached a point where only the Chief Minister’s shadow can be used

To advertise here,contact us